Quantcast

ട്രംപ് വളരെയധികം നിരാശനായിരുന്നു, കരാറിനായി വിവിധ സമ്മർദ തന്ത്രങ്ങൾ പ്രയോഗിച്ചു: മുജ്തബ ഖാംനഈ

യുഎസുമായുള്ള സമാധാന ചർച്ചകളിൽ തന്‍റേത് വ്യത്യസ്തമായ കാഴ്ചപ്പാടായിരുന്നെന്നും ഇറാനിയൻ ജനതയുടെയും ഉദ്യോഗസ്ഥരുടെയും ശുഭാപ്തിവിശ്വാസത്തോടെയുള്ള ചർച്ചകൾക്കും ഇടപെടലുകൾക്കും പിന്നാലെ കരാറിന് സമ്മതം നൽകുകയായിരുന്നെന്നും ഇറാൻ പരമോന്നത നേതാവ് എക്സിൽ കുറിച്ചു

MediaOne Logo
ട്രംപ് വളരെയധികം നിരാശനായിരുന്നു, കരാറിനായി വിവിധ സമ്മർദ തന്ത്രങ്ങൾ പ്രയോഗിച്ചു: മുജ്തബ ഖാംനഈ
X

തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള വെടിനിർത്തൽ ചർച്ചകളിൽ ഇറാൻ നേതൃത്വം പരമാവധി ശ്രമിച്ചെന്ന് പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഈ. ഇറാൻ പരമാവധി ശ്രമിച്ചെങ്കിലും അമേരിക്കയുടെയും പ്രസിഡന്‍റ് ട്രംപിന്‍റെയും ഇടപെടലുകളാണ് അതിവേഗത്തിലുള്ള കരാർ സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നിരാശനായ ട്രംപ് തന്‍റെ എല്ലാ സ്വാധീനങ്ങളും ഉപയോഗിച്ചുകൊണ്ട് കരാറിനായി ചരടുവലികൾ നടത്തുകയായിരുന്നെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇറാൻ-യുഎസ് ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് പിന്നാലെ ആദ്യമായാണ് മുജ്തബ ഖാംനഈ പ്രതികരണം നടത്തുന്നത്.

'വിശ്വസ്തരും ആവേശഭരിതരുമായ ഇറാനിയൻ ജനതയെ മുമ്പ് അറിയിച്ചിരുന്നത് പോലെ, നാം ഒരു കരാറിലേക്കെത്തിയിരിക്കുകയാണ്. നാം എടുത്ത പരിശ്രമങ്ങളുടേതിന് സമാനമായി അമേരിക്കൻ പ്രസിഡന്‍റും പരമാവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. കരാറിന്‍റെ വിവിധ ഘട്ടങ്ങളിൽ നിരാശനായ ട്രംപ് തന്‍റെ സ്വാധീനങ്ങളെല്ലാം കരാറിനായി ഉപയോഗപ്പെടുത്തുകയായിരുന്നു'. അദ്ദേഹം ടെലിവിഷൻ സന്ദേശത്തിൽ അറിയിച്ചു.

ഇറാൻ പ്രസിഡന്‍റ് മസ്ഊദ് പെസെഷ്കിയാനും യുഎസ് പ്രസിഡന്‍റ് ഡോണൾട് ട്രംപും ബുധനാഴ്ചയാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളുടെയും അതിർത്തിപ്രദേശങ്ങളിലെ ശത്രുത അവസാനിപ്പിക്കുക, 30 ദിവസത്തിനകം യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്കിലെ ഗതാഗതം സുഗമമാക്കുക, യുദ്ധം വരുത്തിവെച്ച നാശനഷ്ടങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകുക എന്നിങ്ങനെയുള്ള നിബന്ധനകൾ അംഗീകരിച്ചുകൊണ്ടാണ് ധാരണാപത്രം തയാറാക്കിയിരുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പൊതുമധ്യത്തിൽ ഖാംനഈ ഇതുവരെയും പ്രത്യക്ഷപ്പെട്ടിരുന്നില്ല. യുദ്ധവുമായും വെടിനിർത്തൽ കരാറുമായും ബന്ധപ്പെട്ട് തനിക്ക് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളതെന്നും ഇറാനിയൻ ജനതയുടെയും ഉദ്യോഗസ്ഥരുടെയും ശുഭാപ്തിവിശ്വാസത്തോടെയുള്ള ചർച്ചകൾക്കും ഇടപെടലുകൾക്കും പിന്നാലെ കരാറിന് സമ്മതം നൽകുകയായിരുന്നെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

'താത്വികമായി എനിക്ക് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. രാജ്യത്തിന്‍റെയും പ്രതിരോധ സേനയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള ഇറാൻ പ്രസിഡന്‍റിന്‍റെ പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തിലാണ് കരാറിന് അനുമതി നൽകിയത്'. അദ്ദേഹം പ്രസ്താവിച്ചു. നിലവിലെ കരാറിന് പുറമെ യുഎസ് മുന്നോട്ടുവെക്കുന്ന നിബന്ധനകൾ അംഗീകരിക്കില്ലെന്നും പരമോന്നത നേതാവ് വ്യക്തമാക്കി.

ഫെബ്രുവരി 28ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ മുജ്തബയുടെ പിതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടിരുന്നു. അന്നത്തെ ആക്രമണത്തിൽ മുജ്തബ ഖാംനഈക്കും ഗുരുതരമായി പരിക്കേറ്റിരുന്നതായാണ് റിപ്പോർട്ടുകൾ. പിന്നാലെ, ഇറാന്‍റെ പ്രതിരോധ നീക്കങ്ങളിലും സമാധാന ചർച്ചകളിലുമടക്കം പൊതുമധ്യത്തിൽ ഖാംനഈ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയ 14ഇന നിർദേശങ്ങൾ ഇറാൻ അംഗീകരിച്ച് നടപ്പാക്കിയില്ലെങ്കിൽ തെഹ്റാനിൽ വീണ്ടും ബോംബിടുമെന്നാണ് ട്രംപ് ഭരണകൂടം അറിയിച്ചിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങൾ പൂർണമായി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും ഹോർമുസിൽ കപ്പൽ ഗതാഗതം സുഗമമായി മുന്നോട്ടുപോകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആദ്യത്തെ രണ്ട് മാസം കപ്പലുകൾക്ക് യാതൊരുവിധ ഫീസും ഈടാക്കില്ലെന്ന വ്യവസ്ഥ തങ്ങൾ പാലിക്കുമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്. രണ്ട് മാസത്തിന് ശേഷം ഒമാനുമായി ചേർന്ന് നിശ്ചിത ഫീസ് ഈടാക്കും.

അതേസമയം, ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് പിന്നാലെ ഇറാൻ-യുഎസ് ചർച്ചകൾക്ക് ഇന്ന് ജനീവയിൽ തുടക്കമാകും. സമാധാന ചർച്ചയുടെ പ്രാരംഭഘട്ടത്തിനായി യുഎസ്, ഇറാൻ പ്രതിനിധികൾക്ക് പുറമെ മധ്യസ്ഥരായ ഖത്തർ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും.

TAGS :

Next Story