പട്ടിണി ആയുധമാക്കുന്ന ഇസ്രായേൽ നടപടി യുദ്ധകുറ്റമെന്ന് മുന്നറിയിപ്പ് നൽകി യുഎൻ
ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: പട്ടിണി ആയുധമാക്കുന്ന ഇസ്രായേൽ നടപടി യുദ്ധകുറ്റമെന്ന് മുന്നറിയിപ്പ് നൽകി യുഎൻ. ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധം ലംഘിക്കാൻ അറബ് രാജ്യങ്ങൾ തയാറാകണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.
ഗസ്സയിൽ പട്ടിണി ആയുധമാക്കുന്ന ഇസ്രായേൽ നടപടി യുദ്ധകുറ്റമെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് മുന്നറിയിപ്പ് നൽകി. ഭക്ഷണം, വെള്ളം, താമസം, ചികിൽസ എന്നിവ തടയുന്നത് അന്താരാഷ്ട്ര ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. വെടിനിർത്തൽ കരാർ നിലവിൽ വന്ന ജനുവരി 19ന് ശേഷം ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 58 ഫലസ്തീനികൾ കൊല്ലപ്പെട്ടതായും പ്രസ്താവനയിൽ അറിയിച്ചു.
ഒരാഴ്ചയായി ഇസ്രായേൽ അടിച്ചേൽപിച്ച സമ്പൂർണ ഉപരോധം ഗസ്സയിലെ മുഴുവൻ ജനതയെയും പ്രതികൂലമായി ബാധിക്കുന്നതായി വിവിധ യുഎൻ ഏജൻസികളും ചൂണ്ടിക്കാട്ടി. ഇസ്രായേലിന്‍റെ ഉപരോധം മറികടന്ന് ഗസ്സയിൽ സഹായ വസ്തുക്കൾ എത്തിക്കാൻ അറബ് ലോകം ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.
ഗസ്സയിലെ ശുജാഇയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ഫലസ്തീൻകാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെസ്റ്റ് ബാങ്കിലെ വിവിധ പ്രദേശങ്ങളിലും ഇസ്രായൽ അതിക്രമം തുടർന്നു. നബുലസിലെ അൽനാസർ പള്ളിക്ക് നേരെയും ആക്രമണമുണ്ടായി. അറബ് രാജ്യങ്ങൾ രൂപപ്പെടുത്തിയ ഗസ്സ പുനർനിർമാണ പദ്ധതിക്ക് കൂടുതൽ രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചു. ചൈന, റഷ്യ എന്നിവയ്ക്ക് പുറമെ വിവിധ യൂറോപ്യൻ രാജ്യങ്ങളും പദ്ധതിയോട് അനുകൂല നിലപാട് അറിയിച്ചു.
Adjust Story Font
16