യുഎസ് യുദ്ധവിമാനം വെടിവെച്ചിട്ടത് ഇറാനുമായുള്ള ചർച്ചകളെ ബാധിക്കില്ല: ഡൊണാൾഡ് ട്രംപ്
കാണാതായ പൈലറ്റുമാരെ തെരയുന്നതിനിടെ അമേരിക്കന്‍ ഹെലികോപ്ടറുകള്‍ക്ക് നേരെയും വെടിവെപ്പുണ്ടായി

- Published:
4 April 2026 11:07 AM IST

വാഷിംഗ്ടൺ: ഇറാന്റെ വ്യോമാതിർത്തിയിൽ വെച്ച് അമേരിക്കൻ യുദ്ധവിമാനം വെടിവെച്ചിട്ട സംഭവം ഇരുരാജ്യങ്ങളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന നയതന്ത്ര ചർച്ചകളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എൻബിസി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ട്രംപ് തയ്യാറായില്ല. വിമാനം തകർന്നതിന് പിന്നാലെ കാണാതായ പൈലറ്റുമാർക്കായി നടത്തുന്ന തെരച്ചിലും രക്ഷാപ്രവർത്തനവും അതീവ രഹസ്യമായ സൈനിക നീക്കമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഈ സംഭവവികാസങ്ങൾ ഇറാനുമായുള്ള നയതന്ത്ര ബന്ധത്തെ തകിടം മറിക്കുമോ എന്ന എൻബിസി ലേഖകൻ ഗാരറ്റ് ഹാക്കിയുടെ ചോദ്യത്തിന് ട്രംപ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു-
"ഒരിക്കലുമില്ല. നമ്മൾ ഇപ്പോൾ ഒരു യുദ്ധത്തിലാണ്. ഗാരറ്റ്, ഇതൊരു യുദ്ധമാണ്."
അതേസമയം നിലവിലെ സാഹചര്യത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രീതിയിൽ പ്രസിഡന്റ് അതൃപ്തി രേഖപ്പെടുത്തി. തകർന്ന വിമാനത്തിലെ ജീവനക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഈ ഘട്ടത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുന്നത് ഗുണകരമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി അവസാനം മുതൽ ഇറാന്റെ സൈനിക-സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ വെള്ളിയാഴ്ചയാണ് അമേരിക്കയുടെ എഫ്-15ഇ വിഭാഗത്തിൽപ്പെട്ട വിമാനം ഇറാൻ വെടിവെച്ചിട്ടത്. ഇതോടൊപ്പം ഒരു എ-10 വിമാനവും പേർഷ്യൻ കടലിടുക്കിൽ തകർന്നതായി റിപ്പോർട്ടുകളുണ്ട്. ഇതും വെടിവെച്ചിട്ടതാണെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്.
Adjust Story Font
16
