യുഎസ്-ഇറാൻ സംഘർഷം വ്യാപിക്കുന്നത് ആശങ്കാജനകം; ഇറാഖിലെ സ്ഥിരത പ്രധാനം: ഉർദുഗാൻ
ഇറാഖ് പ്രധാനമന്ത്രി മസ്റൂർ ബർസാനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് തുർക്കി പ്രസിഡന്‍റിന്‍റെ പ്രതികരണം

- Published:
10 May 2026 12:48 PM IST

അങ്കാറ: യുഎസ്-ഇറാൻ സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നത് ആശങ്കാജനകമെന്ന് തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഇറാഖിലെ വിവിധ മേഖലകളിലേക്ക് മിസൈലാക്രമണങ്ങൾ കടന്നുചെല്ലുന്നത് എല്ലാവർക്കും പ്രയാസം സൃഷ്ടിക്കുമെന്നും അവിടങ്ങളിലെ സ്ഥിരത മേഖലയ്ക്ക് മുഴുവൻ പ്രധാനമാണെന്നും ഉർദുഗാൻ പറഞ്ഞു. ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലെ പ്രധാനമന്ത്രി മസ്റൂർ ബർസാനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് തുർക്കി പ്രസിഡന്‍റിന്‍റെ പ്രതികരണം.
മേഖലയിലെ ഏറ്റവും പുതിയ സാഹചര്യങ്ങളെ കുറിച്ചും അവസ്ഥാന്തരങ്ങളെ കുറിച്ചും ഇരുഭരണ തലവന്മാരും സംസാരിച്ചതായാണ് വിവരം. ഇർബ് അടക്കമുള്ള ഇറാഖ് പ്രവിശ്യകളിലേക്ക് യുഎസ്-ഇറാൻ സംഘർഷം വ്യാപിക്കുന്നത് ആശങ്ക ജനിപ്പിക്കുന്നുണ്ടെന്നും മേഖലയിൽ സമാധാനം നിലനിർത്തേണ്ടത് അനിവാര്യമാണെന്നും ഉർദുഗാൻ പറഞ്ഞു. ഏത് സാഹചര്യത്തിലും കെആർജിയുമായും ഇറാഖുമായും സഹകരിച്ച് മുന്നോട്ടുപോകാൻ തുർക്കി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തി പ്രദേശങ്ങളിൽ സമാധാനശ്രമങ്ങൾ സന്തുലിതമായി തുടരേണ്ടുന്നതിന്‍റെ പ്രാധാന്യം അടിവരയിട്ട അദ്ദേഹം, രാജ്യത്തെ ഐക്യത്തിനും ഒത്തൊരുമയ്ക്കുമായി ഇറാഖ് തങ്ങളെ പിന്താങ്ങുമെന്നും അറിയിച്ചു.
ഇറാഖുമായും കെആർജിയുമായും ചേർന്ന് പൊതുഗതാഗതം, ഊർജവിതരണം തുടങ്ങിയ മേഖലകളിൽ വ്യാപാരം നടത്താൻ അങ്കാറ താൽപര്യപ്പെടുന്നെന്നും കൂടിക്കാഴ്ചയിൽ അദ്ദേഹം അറിയിച്ചതായാണ് വിവരം. ഉർദുഗാന് പുറമെ, തുർക്കിഷ് വിദേശകാര്യമന്ത്രി ഹകാൻ ഫിദാനും ഇറാഖ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ഫെബ്രുവരി 28-ന് യുഎസുമായി ചേർന്ന് ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെയുണ്ടായ യുദ്ധത്തിൽ ഇറാനിൽ മാത്രം 3,468 പേർ കൊല്ലപ്പെട്ടതായാണ് ഇറാനിയൻ വൃത്തങ്ങൾ പുറത്തുവിട്ട കണക്കുകൾ. ഏകദേശം 26,500 പേർക്ക് പരിക്കേറ്റതായും കണക്കുകളുണ്ട്. സ്ത്രീകളും കുട്ടികളുമാണ് പരിക്കേറ്റവരിൽ അധികവും.
Adjust Story Font
16
