എബോള വൈറസ് ബാധിതർ 600 കടന്നു; 139 മരണം സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന
രോഗവ്യാപനത്തിന്റെ എല്ലാ കണ്ണികളും കണ്ടെത്തുക എന്നതിനാണ് ഇപ്പോൾ തങ്ങൾ മുൻഗണന നൽകുന്നതെന്ന് ഡബ്ല്യുഎച്ച്ഒ എമർജൻസി ചീഫ് ചിക്വെ ഇഹെക്വീസു വാർത്താസമ്മേളനത്തിൽ പറഞ്ഞു

- Published:
20 May 2026 9:42 PM IST

ജനീവ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും എബോള ബാധിതരുടെ എണ്ണം 600 കടന്നു. ഇതിനോടകം 139 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന തലവൻ അറിയിച്ചു. ബുധനാഴ്ച ജനീവയിൽ ചേർന്ന ഡബ്ല്യുഎച്ച്ഒയുടെ അടിയന്തര യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരെ കണ്ട ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്, നിലവിലെ സാഹചര്യം അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഇതൊരു ആഗോള മഹാമാരി അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ഡിആർസി അധികൃതർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 513 സംശയാസ്പദമായ കേസുകളിൽ നിന്ന് 131 മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. ഡിആർസിയിൽ കഴിഞ്ഞ എബോള വ്യാപനം അവസാനിച്ചതായി പ്രഖ്യാപിച്ച് വെറും അഞ്ച് മാസങ്ങൾക്ക് ശേഷമാണ് പുതിയ രോഗവ്യാപനം ഉണ്ടായിരിക്കുന്നത്.
രോഗവ്യാപനത്തിന്റെ എല്ലാ കണ്ണികളും കണ്ടെത്തുക എന്നതിനാണ് ഇപ്പോൾ തങ്ങൾ മുൻഗണന നൽകുന്നതെന്ന് ഡബ്ല്യുഎച്ച്ഒ എമർജൻസി ചീഫ് ചിക്വെ ഇഹെക്വീസു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത് വഴി രോഗവ്യാപനത്തിന്റെ വ്യാപ്തി കൃത്യമായി മനസിലാക്കാനും ആവശ്യമായ പരിചരണം നൽകാനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, മറ്റ് വിദഗ്ധരുമായി കൂടിയാലോചിക്കുന്നതിന് മുമ്പ് തന്നെ കഴിഞ്ഞ ഞായറാഴ്ച ടെഡ്രോസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ലഭ്യമായ വാക്്‌സിനുകളോ ചികിത്സയോ ഫലപ്രദമല്ലാത്ത 'ബുണ്ടിബുഗ്യോ' എന്ന എബോള വൈറസ് വകഭേദമാണ് ഈ രോഗവ്യാപനത്തിന് പിന്നിലെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
സൂപ്പർ സ്‌പ്രെഡ് നടന്നതായി സംശയം
ആകെ റിപ്പോർട്ട് ചെയ്ത 600 സംശയാസ്പദമായ കേസുകളിൽ, ഡിആർസിയുടെ വടക്കൻ പ്രവിശ്യകളായ ഇട്ടൂരി, വടക്കൻ കിവു എന്നിവിടങ്ങളിലായി 51 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഡിആർസിയിൽ നിന്നും യാത്ര ചെയ്ത് ഉഗാണ്ടയിലെത്തിയ രണ്ട് പേർക്ക് കമ്പാലയിൽ രോഗം സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ മരണപ്പെടുകയും ചെയ്തു. കൂടാതെ, ഡിആർസിയിൽ വെച്ച് രോഗബാധിതനായ ഒരു മെഡിക്കൽ മിഷനറിയെ ചികിത്സയ്ക്കായി ജർമനിയിലേക്ക് മാറ്റിയിട്ടുണ്ട്. ഈ രോഗവ്യാപനം ഏതാനും മാസങ്ങൾക്ക് മുമ്പ് തന്നെ ആരംഭിച്ചിട്ടുണ്ടാകാമെന്നാണ് ഡബ്ല്യുഎച്ച്ഒ വിദഗ്ധരുടെ നിഗമനം. ഏപ്രിൽ 20-നാണ് ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്യുന്നത്.
ആദ്യ മരണത്തിന് ശേഷം, ഒരു ശവസംസ്‌കാര ചടങ്ങിലോ അല്ലെങ്കിൽ ഏതെങ്കിലും ആരോഗ്യ കേന്ദ്രത്തിലോ വെച്ച് വലിയ രീതിയിലുള്ള സമ്പർക്ക വ്യാപനം നടന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.
അതേസമയം, യൂറോപ്പിൽ ഈ രോഗം പടരാനുള്ള സാധ്യത വളരെ കുറവാണെന്ന് യൂറോപ്യൻ യൂണിയൻ വക്താവ് ബുധനാഴ്ച അറിയിച്ചു. രോഗങ്ങൾ അതിരുകൾ നോക്കിയല്ല പടരുന്നതെന്ന് നമുക്കറിയാം, എബോളയുടെ കാര്യത്തിലും അത് തന്നെയാണ് അവസ്ഥ. എങ്കിലും, സാധാരണ ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നതിനപ്പുറം യൂറോപ്യൻ ജനത ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വക്താവ് ഇവാ ഹെൻസിറോവ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Adjust Story Font
16
