Quantcast

'എവിടെയും സുരക്ഷിതമല്ലെന്ന് അവരറിയണം': ഫലസ്‌തീൻ ആശുപത്രികളിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നിൽ...

ആഴ്ചകളോളം മലിനമായ വെള്ളത്തിൽ കലക്കിയ ഫോർമുലയാണ് നവജാത ശിശുക്കൾക്ക് നൽകിയിരുന്നത്. ഇൻകുബേറ്ററുകൾ പ്രവർത്തിക്കാത്തത് മൂലം എട്ട് കുഞ്ഞുങ്ങൾ അൽ ഷിഫാ ആശുപത്രിയിൽ മരിച്ചു.

MediaOne Logo

Web Desk

  • Published:

    20 Nov 2023 4:34 PM GMT

israel attack_gaza hospital
X

ഇന്ന് ഗസ്സയിലെ ബെയ്റ്റ് ലാഹിയയിലുള്ള ഇന്തോനേഷ്യൻ ആശുപത്രിയായിരുന്നു ലക്ഷ്യം. 12 പേരാണ് ആശുപത്രിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് ആളുകൾ അകത്തുണ്ടെന്ന് ഉറപ്പുണ്ടെങ്കിലും പീരങ്കി ആക്രമണങ്ങൾ തുടരുകയാണ് ഇസ്രായേൽ സൈന്യം. സൈനിക വാഹനങ്ങളാൽ ചുറ്റപ്പെട്ട നിലയിലാണ് ഇന്തോനേഷ്യൻ ആശുപത്രി. ഗുരുതരാവസ്ഥയിൽ കുഞ്ഞുങ്ങളടക്കം നിരവധി രോഗികളാണ് ഇവിടെയുള്ളത്. ഏത് നിമിഷവും ജീവൻ നഷ്ടപ്പെട്ടേക്കാമെന്ന ഭീതിയിൽ കഴിയുകയാണവർ.

നിലവിൽ ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരമായ ആക്രമണത്തിനിരയായ ആശുപത്രിയാണ് ഇന്തോനേഷ്യൻ ആശുപത്രി. യുദ്ധം ആറാഴ്ച പിന്നിടുന്നു. അഭയാർത്ഥി ക്യാമ്പുകളും സ്‌കൂളുകളും പള്ളികളും ഓരോന്നായി തകർത്തുകഴിഞ്ഞു ഇസ്രായേൽ സൈന്യം. എന്നാൽ, ആശുപത്രികൾക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണങ്ങൾ സംഘട്ടനത്തിന്റെ ഒരു രൂപമായി ഉയർന്നുവന്നിരിക്കുകയാണ്.

ഗസ്സ മുനമ്പിലെ സോളോ കാൻസർ സെന്റർ ഉൾപ്പടെ 35 ആശുപത്രികളിൽ 21 എണ്ണവും പൂർണമായും പ്രവർത്തനരഹിതമാണ്. ഭാഗികമായി തകർന്ന മറ്റ് ആശുപത്രികളിൽ മരുന്നുകളോ അവശ്യ സാധനങ്ങളോ ലഭ്യമല്ല. ഞായറാഴ്ച 31 മാസം തികയാത്ത കുഞ്ഞുങ്ങളെ അൽ-ഷിഫ ഹോസ്പിറ്റലിൽ നിന്ന് ഗസ്സ മുനമ്പിന്റെ തെക്ക് ഭാഗത്തുള്ള റാഫയിലേക്ക് മാറ്റിയിരുന്നു. ആഴ്ചകളോളം മലിനമായ വെള്ളത്തിൽ കലക്കിയ ഫോർമുലയാണ് നവജാത ശിശുക്കൾക്ക് നൽകിയിരുന്നത്. ഇൻകുബേറ്ററുകൾ പ്രവർത്തിക്കാത്തത് മൂലം എട്ട് കുഞ്ഞുങ്ങൾ അൽ ഷിഫാ ആശുപത്രിയിൽ മരിച്ചു.

അൽ ഷിഫയുടെ ചില ഭാഗങ്ങളിൽ ബോംബാക്രമണം നടത്തിയ ശേഷം ഇസ്രായേൽ സൈന്യം ആശുപത്രി പിടിച്ചടക്കുകയായിരുന്നു. ഗസ്സയിലെ മറ്റ് ആശുപത്രികളിലെന്നപോലെ, ഇസ്രായേൽ ബോംബാക്രമണത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട ആയിരക്കണക്കിന് സാധാരണ മനുഷ്യരുടെ ആശ്രയമായിരുന്നു അൽ-ഷിഫ.

വെള്ളിയാഴ്ച, ഇസ്രായേൽ സൈന്യം ആക്രമണം അധിനിവേശ വെസ്റ്റ് ബാങ്കിലേക്ക് കൂടി വ്യാപിപ്പിച്ചു. വെസ്റ്റ് ബാങ്കിൽ നാല് ആശുപത്രികളാണ് ഇസ്രായേൽ സൈന്യം വളഞ്ഞത്. വെസ്റ്റ് ബാങ്കിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ഇബ്‌നു സീന ആശുപത്രിയിലും ഇസ്രായേൽ സൈന്യം കടന്നുകയറി. നവംബർ ആദ്യം, ഇസ്രായേൽ സൈന്യം കിഴക്കൻ ജറുസലേമിലെ ആശുപത്രിയിൽ നിന്ന് ചില രോഗികളെയും അവരുടെ പരിചാരകരെയും അറസ്റ്റ് ചെയ്തിരുന്നു.

ഇസ്രയേലിനെതിരെ പ്രമുഖ മനുഷ്യാവക്ഷ പ്രവർത്തകർ നിരന്തരം യുദ്ധക്കുറ്റങ്ങൾ ആരോപിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രൂക്ഷ വിമർശനങ്ങളും ഇസ്രായേൽ നേരിടുന്നുണ്ട്. എങ്കിലും, എന്തുകൊണ്ടാണ് ഫലസ്തീൻ ആശുപത്രികളെ ഇസ്രായേൽ ലക്ഷ്യമിടുന്നത്?

'എവിടെയും സുരക്ഷിതമല്ല'

ഹമാസ് പോരാളികളുടെ ഒളിത്താവളങ്ങളാണ് ലക്ഷ്യമിടുന്നതെന്നാണ് ഇസ്രായേൽ തറപ്പിച്ചുപറയുന്നത്. ഹമാസ് അൽ-ഷിഫയെ കമാൻഡ് സെന്റർ ആയി ഉപയോഗിക്കുന്നുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. ഹമാസ് ആ അവകാശവാദം നിഷേധിക്കുകയും ചെയ്തു. അൽ ഷിഫയുടെ നിയന്ത്രണം ഏറ്റെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും, തങ്ങളുടെ വാദങ്ങൾ തെളിയിക്കുന്നതിനായി ശക്തമായ തെളിവുകൾ നൽകാൻ ഇസ്രായേലിന് കഴിഞ്ഞില്ല.

ദോഹ ആസ്ഥാനമായുള്ള മിഡിൽ ഈസ്റ്റ് കൗൺസിൽ ഓൺ ഗ്ലോബൽ അഫയേഴ്സിലെ സഹപ്രവർത്തകനായ ഒമർ റഹ്മാൻ പറയുന്നതനുസരിച്ച്, ഇസ്രായേൽ ആശുപത്രികളെ ലക്ഷ്യമിടുന്നതിന്റെ യഥാർത്ഥ കാരണം വ്യത്യസ്തമാണ്. ഇതൊരു തരം മാനസിക യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. "ഒരിടവും സുരക്ഷിതമല്ല" എന്നാണ് ആശുപത്രികൾ ആക്രമിക്കുന്നതിലൂടെ ഇസ്രായേൽ ജനങ്ങളോട് പറയുന്നത്. ഗസ്സ മുനമ്പിലെ എല്ലായിടത്തും ഫലസ്തീനികളെ സുരക്ഷിതരല്ലെന്ന് തോന്നിപ്പിക്കുന്ന പ്രവർത്തിയാണ് ഇസ്രായേൽ നടത്തുന്നത്. മനുഷ്യരുടെ ചെറുത്തുനിൽപ്പിന്റെ ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം. ജനങ്ങളെ ഭയപ്പെടുത്താനും ചെറുത്തുനിൽക്കാനുള്ള അവരുടെ ഇച്ഛയെ തുരങ്കം വയ്ക്കാനുമുള്ള ദീർഘകാല ശ്രമമാണ് ഇസ്രായേൽ പരീക്ഷിക്കുന്നതെന്നും ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പിലെ മുതിർന്ന പലസ്തീൻ അനലിസ്റ്റ് തഹാനി മുസ്തഫയും പറയുന്നു.

യുദ്ധത്തിലുടനീളം, വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും നിരവധി ആംബുലൻസുകളും മെഡിക്കൽ സൗകര്യങ്ങളും ഇസ്രായേൽ ലക്ഷ്യം വച്ചിട്ടുണ്ട്. ഹമാസ് യാത്ര ചെയ്യാനും ഒളിച്ചിരിക്കാനും ഈ സൗകര്യങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന വാദങ്ങൾ നിരത്തുകയല്ലാതെ അതിനാവശ്യമായ തെളിവുകൾ നൽകാൻ ഇസ്രായേലിന് കഴിഞ്ഞിട്ടില്ല.

അമേരിക്കയുടെ പച്ചക്കൊടി

ആശുപത്രികളും സിവിലിയൻ കെട്ടിടങ്ങളെയും ഇസ്രായേൽ ലക്ഷ്യമിടുന്നതിന് പിന്നിൽ തങ്ങൾ ശിക്ഷിക്കപ്പെടില്ല എന്ന ധൈര്യം കൂടിയുണ്ട്. തങ്ങളുടെ പ്രവർത്തനങ്ങൾക്ക് പരിധി ഏർപ്പെടുത്താൻ അമേരിക്ക വിസമ്മതിക്കുന്നിടത്തോളം കാലം അന്താരാഷ്ട്ര പ്രതിഷേധത്തിന് കാര്യമില്ലെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടലെന്ന് വാഷിംഗ്ടൺ ആസ്ഥാനമായുള്ള ക്വിൻസി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റെസ്‌പോൺസിബിൾ സ്റ്റേറ്റ്‌ക്രാഫ്റ്റിലെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ട്രൈറ്റ പാർസി അൽ ജസീറയോട് പറയുന്നു.

അമേരിക്കയിൽ നിന്നുള്ള ഈ സമ്മർദത്തിന്റെ അഭാവത്തിൽ, ഇസ്രായേൽ ഇതുവരെ ചെയ്തിട്ടില്ലാത്ത കൊടും ക്രൂരതകൾ ചെയ്യാനാണ് അവസരം ഉപയോഗിക്കുന്നത്. എന്നാൽ, യുദ്ധം പുരോഗമിക്കുമ്പോൾ ലോകമെമ്പാടും ഇസ്രായേലിനൊപ്പം അമേരിക്കയുടെയും പ്രതിച്ഛായ കൂടി നഷ്ടമാകുന്നുണ്ട്. അതിനാൽ, ആക്രമണങ്ങളുടെ ക്രൂരത കുറയ്ക്കണമെന്ന് സഖ്യകക്ഷിയെ പ്രേരിപ്പിക്കാൻ യുഎസ് നിർബന്ധിതരായേക്കാം. ഇത്തരത്തിലുള്ള ഇസ്രായേലി നടപടികൾക്ക് പച്ചക്കൊടി കാട്ടിയതിന്റെ ഫലമായി യുഎസിന്റെ ആഗോള നിലയും വിശ്വാസ്യതയും കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പാർസി പറഞ്ഞു.

ആക്രമണം കൂടുതൽ കാലം തുടരാൻ സാധ്യതയില്ല, കാരണം ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിന് വരുത്തുന്ന നാശനഷ്ടങ്ങൾ സഹിക്കാവുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story