യുദ്ധമോ ഒത്തുതീർപ്പോ? സൈനിക നടപടിക്കുള്ള സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; ട്രംപിന് മുന്നിൽ ഉപാധികളുമായി ഇറാൻ
ഇറാന്‍റെ നിർദേശത്തിന് പിന്നാലെ പാകിസ്താൻ മുഖേന അമേരിക്കയും ചില ഭേദഗതികൾ നിർദേശിച്ചായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

- Updated:
2026-05-01 15:36:03.0

തെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷഭീതി വീണ്ടും കനക്കുന്നതിനിടെ യുദ്ധവിരാമം ലക്ഷ്യമിട്ടുള്ള പുതിയ നിർദേശങ്ങൾ യുഎസിന് കൈമാറിയെന്ന് ഇറാൻ.ആദ്യഘട്ട സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകിയ പാകിസ്താൻ മുഖേനയാണ് നിർദേശങ്ങൾ കൈമാറിയത്. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതിന് പിന്നാലെയുണ്ടായ ആഗോള എണ്ണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിർണായക നിർദേശം കൈമാറിയതായാണ് വിവരം. ഇറാനിയൻ ന്യൂസ് ഏജൻസിയായ ഐആർഎൻഎയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആണവശേഖരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇറാൻ താത്പര്യം കാണിക്കാത്തതിനെ തുടർന്ന് നേരത്തെ നടന്ന സമാധാന ചർച്ച അലസിപ്പിരിഞ്ഞിരുന്നു.
ഇറാന്‍റെ നിർദേശത്തിന് പിന്നാലെ പാകിസ്താൻ മുഖേന അമേരിക്കയും ചില ഭേദഗതികൾ നിർദേശിച്ചായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആണവ നിലയത്തിൽ നിന്ന് സമ്പുഷ്ടീകരിച്ച യുറേനിയം മാറ്റരുതെന്ന് ഇറാൻ ഉറപ്പുനൽകണമെന്നും സ്റ്റീവ് വിറ്റ്കോഫ് കൈമാറിയ നിർദേശത്തിൽ ഉൾപ്പെടുന്നതായാണ് വിവരം. അതേസമയം, ഇറാന്‍റെ നിർദേശങ്ങളോട് ഔദ്യോഗികമായി വാഷിങ്ടൺ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ഇറാനെതിരായ സൈനിക നീക്കങ്ങളിൽ അമേരിക്കൻ പ്രസിഡന്‍റിന് നൽകിയിരുന്ന 60 ദിവസത്തെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇറാന്‍റെ നീക്കം. കോൺഗ്രസിന്‍റെ മുൻകൂർ അനുമതിയില്ലാതെ പ്രസിഡന്‍റിന് സൈനിക നടപടികളുമായി മുന്നോട്ടുപോകാനുള്ള നിയമപരമായ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, ട്രംപ് സ്വീകരിക്കുന്ന നിലപാട് പശ്ചിമേഷ്യയുടെ ഭാവിയിൽ നിർണായകമായിരിക്കും. ഹോർമുസ് കടലിടുക്കിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ആക്രമണങ്ങളിൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്നും അറിയിച്ചതിന് പിന്നാലെ ഇറാൻ മുന്നോട്ടുവെച്ച നിർദേശങ്ങളിലേക്കും അമേരിക്കയുടെ പ്രതികരണങ്ങളിലേക്കും ഉറ്റുനോക്കുകയാണ് നയതന്ത്രലോകം.
ഫെബ്രുവരി 28-ന് യുഎസുമായി ചേർന്ന് ഇസ്രായേൽ ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയുണ്ടായ യുദ്ധത്തിൽ ഇതിനോടകം മൂവായിരത്തിലേറെ പേർ ഇറാനിൽ മാത്രമായി കൊല്ലപ്പെട്ടെന്നാണ് കണക്കുകൾ. ഇരുപതിനായിരത്തിലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. യുദ്ധമാരംഭിച്ചയുടൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ യുഎസ് വധിച്ചത് മേഖലയെ രൂക്ഷമായ ഏറ്റുമുട്ടലിലേക്ക് തള്ളിവിടുകയായിരുന്നു. കൂടാതെ, ലോകരാജ്യങ്ങളുടെ പ്രധാന കപ്പൽപാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത് ആഗോള ഇന്ധന പ്രതിസന്ധിക്ക് കാരണമാകുകയും ചെയ്തു.
Adjust Story Font
16
