Quantcast

യുഎസ് ഉപരോധം പൊളിഞ്ഞു? ഇറാനുമായി വീണ്ടും വെടിനിർത്തൽ ചർച്ചകൾക്ക് ട്രംപ്; രണ്ട് ദിവസത്തിനകം പാകിസ്താനിലേക്ക് തിരിച്ചേക്കും

ഇസ്‌ലാമാബാദില്‍ വെച്ചുനടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ച കരാറിലെത്താതെ പരാജയപ്പെട്ടിരുന്നു

MediaOne Logo
യുഎസ് ഉപരോധം പൊളിഞ്ഞു? ഇറാനുമായി വീണ്ടും വെടിനിർത്തൽ ചർച്ചകൾക്ക് ട്രംപ്; രണ്ട് ദിവസത്തിനകം പാകിസ്താനിലേക്ക് തിരിച്ചേക്കും
X

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ മേഖലയിൽ തുടരുന്ന യുദ്ധഭീതിക്കിടെ ഇറാന്‍-അമേരിക്ക ചര്‍ച്ച വീണ്ടും നടന്നേക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പാകിസ്താനില്‍ ചര്‍ച്ചകള്‍ക്ക് പോകാന്‍ താത്പര്യമുണ്ടെന്ന് ട്രംപ് പറഞ്ഞു. രണ്ടാംഘട്ട ചര്‍ച്ച വ്യാഴാഴ്ച നടന്നേക്കുമാണ് റിപ്പോര്‍ട്ട്. യുറേനിയം സമ്പുഷ്ടീകരണം മരവിപ്പിക്കേണ്ട കാലാവധിയെ ചൊല്ലി ഇരുരാജ്യങ്ങള്‍ക്കും ഇടയിലുണ്ടായ അഭിപ്രായഭിന്നതയിൽ ആദ്യഘട്ട ചർച്ച പരാജയപ്പെട്ടിരുന്നു.

'അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ സുപ്രധാനമായ ചില കാര്യങ്ങള്‍ സംഭവിച്ചേക്കാം. ഞങ്ങള്‍ ഏകദേശം ലക്ഷ്യത്തിലെത്തിയിട്ടുണ്ട്'. ട്രംപിനെ ഉദ്ദരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് പാകിസ്താന്‍ സൈനികമേധാവി ആസിം മുനീറിന്റെ ശ്രമങ്ങൾ വളരെ മികച്ചതാണെന്നും ട്രംപ് പറഞ്ഞു. 'അദ്ദേഹം വളരെ നല്ല രീതിയില്‍ കാര്യങ്ങള്‍ കൊണ്ടുപോകുന്നുണ്ട്. അതുകൊണ്ട്, അടുത്തുതന്നെ അങ്ങോട്ട് ഞങ്ങള്‍ പോകും.'ട്രംപ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ, പാകിസ്താന്റെ നേതൃത്വത്തില്‍ ഇസ്‌ലാമാബാദില്‍ വെച്ചുനടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ച കരാറിലെത്താതെ പരാജയപ്പെട്ടിരുന്നു. തങ്ങള്‍ മുന്നോട്ടുവെച്ച കരാറുകളില്‍ ഇറാന്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ പ്രതിനിധി സംഘം പിന്മാറിയത്. എന്നാല്‍, കൂടിക്കാഴ്ച അവസാനിപ്പിക്കുന്നതിനായി ഒരു കാരണം കണ്ടുപിടിക്കുകയായിരുന്നു അമേരിക്കയെന്നാണ് ഇറാന്റെ അവകാശവാദം. നിരവധി കാര്യങ്ങളില്‍ ഇരുരാജ്യങ്ങളുടേയും പ്രതിനിധികള്‍ യോജിപ്പിലെത്തിയെങ്കിലും നിര്‍ണായക വിഷയങ്ങളിലെ അഭിപ്രായഭിന്നതകളിൽ പിരിയുകയായിരുന്നു.

യുറേനിയം സമ്പുഷ്ടീകരണം അടുത്ത 20 വര്‍ഷത്തേക്ക് നിര്‍ത്തിവെക്കണമെന്നായിരുന്നു പ്രധാനമായും അമേരിക്ക ഉയര്‍ത്തിയ ആവശ്യം. എന്നാല്‍, ഇത് അസാധ്യമാണെന്നും അഞ്ച് വര്‍ഷമെന്നാണെങ്കില്‍ പരിഗണിക്കാമെന്നുമായിരുന്നു ഇറാന്റെ പ്രതികരണം. കൂടാതെ, ഹോര്‍മുസില്‍ നിന്ന് പൂര്‍ണമായും ഇറാന്‍ നിയന്ത്രണം അവസാനിപ്പിക്കുക, സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക എന്നിങ്ങനെയുള്ള വിഷയങ്ങളും ചര്‍ച്ച വഴിമുട്ടാനിടയാക്കുകയായിരുന്നു. ലെബനാനെ വെടിനിര്‍ത്തല്‍ കരാറില്‍ ഉള്‍പ്പെടുത്തണമെന്ന ഇറാന്റെ ആവശ്യത്തോടും അമേരിക്ക മുഖംതിരിച്ചു.

പാകിസ്താന്‍ മുഖേന അമേരിക്കയുമായി ആശയവിനിമയം തുടരുന്നതായി സ്ഥിരീകരിച്ച ഇറാന്‍ വിദേശകാര്യമന്ത്രാലയം, ചര്‍ച്ചയുടെ തീയതിയും സമയവും തീരുമാനിച്ചില്ലെന്നും അറിയിച്ചു. അമേരിക്ക-ഇറാന്‍ ആക്രമണത്തില്‍ ഇതുവരെ 270 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടം ഉണ്ടായെന്നാണ് ഇറാന്റെ വിലയിരുത്തല്‍. അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ ട്രംപിന്റെ ഭീഷണി മറികടന്ന് ചൈനയുടേതടക്കം മൂന്ന് കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നു.

റിച്ച് സ്റ്റാറി, മുരളികിഷന്‍ എന്നീ ചൈനീസ് കപ്പലുകളും പനാമ പതാക വഹിച്ച കപ്പലുമാണ് അമേരിക്കന്‍ ഭീഷണിയും ഉപരോധവും ലംഘിച്ച് ഹോര്‍മുസ് കടലിടുക്ക് കടന്നത്. ചൈനയുടെ ഉടമസ്ഥതയിലുള്ളതും ചൈനീസ് ക്രൂ പ്രവര്‍ത്തിപ്പിക്കുന്നതുമായ റിച്ച് സ്റ്റാറി എന്ന കൂറ്റന്‍ ടാങ്കറാണ് അമേരിക്കന്‍ ഉപരോധത്തിന് ശേഷം തന്ത്രപ്രധാനമായ ജലപാതയിലൂടെ ആദ്യം സഞ്ചരിച്ചത്. ഉപരോധം പ്രാബല്യത്തില്‍ വന്ന ഉടനെ ഈ കപ്പല്‍ ഇറാനിലെ ഖഷം ദ്വീപിന് സമീപത്തുനിന്ന് തിരിച്ചുപോയിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം യാത്ര പുനരാരംഭിക്കുകയും അമേരിക്കന്‍ വെല്ലുവിളിയെ മറികടന്ന് ഹോര്‍മുസ് കടക്കുകയും ചെയ്തു. നേരത്തെ, ഫുള്‍ സ്റ്റാര്‍ എന്നറിയപ്പെട്ടിരുന്ന ഈ കപ്പല്‍, ഊര്‍ജ്ജ ഉപരോധം ഒഴിവാക്കാന്‍ ഇറാനെ സഹായിച്ചുവെന്നാരോപിച്ച് 2023 ല്‍ യുഎസ് കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു. ഉപരോധം നേരിടുന്ന 'മുരളി കിഷന്‍' എന്ന ടാങ്കറാണ് രണ്ടാമതായി ഹോര്‍മുസ് കടന്നത്. റഷ്യന്‍, ഇറാനിയന്‍ എണ്ണ കടത്തുന്നതിനായി ഉപയോഗിക്കുന്നതാണ് ഈ കപ്പല്‍. പനാമ പതാക വഹിച്ച യുഎഇയിലെ ഹംരിയ തുറമുഖം ലക്ഷ്യമിട്ടുള്ള പീസ് ഗള്‍ഫ് കപ്പലും ഇന്ന് ഹോര്‍മുസ് കടന്നിട്ടുണ്ട്. ഇറാന്‍ തുറമുഖം ലക്ഷ്യമിട്ടുള്ളവയല്ല ഈ കപ്പലുകളെന്നാണ് അമേരിക്കന്‍ സേനയുടെ പ്രതികരണം. ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പലുകളെയും തടയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന് ടോള്‍ നല്‍കി ഗതാഗതം നടത്തുന്ന കപ്പലുകൾ തടയുമെന്നും ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.

TAGS :

Next Story