അടുക്കളമുറ്റത്ത് പുതിനയിലയിങ്ങനെ തഴച്ചുവളരും; എളുപ്പവഴിയിതാ...

മിക്കവരും പുതിന കടയില്‍ നിന്ന് വിലകൊടുത്ത് വാങ്ങുകയാണ് ചെയ്യാറ്. വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന പുതിന പലപ്പോഴും വീര്യമേറിയ കീടനാശിനികള്‍ ഒക്കെ തളിച്ച് എത്തുന്നവയാകും

Update: 2026-08-07 07:08 GMT

ക്ഷണങ്ങളുടെ രുചിയും മണവും ഒന്നുകൂടി ആകര്‍ഷകമാക്കാന്‍ പുതിനയില ഉപയോഗിക്കാറുണ്ട്. പാനീയങ്ങളും പുതിന ഉപയോഗിച്ച് തയാറാക്കാറുണ്ട്. രുചി മാത്രമല്ല, പുതിനയില്‍ ഒരുപാട് ആരോഗ്യഗുണങ്ങളുമുണ്ട്. ചൂടുകാലത്ത് പുതിനയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിരവധി ഗുണങ്ങള്‍ നല്‍കും. പുതിന വെള്ളം ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളില്‍ നിന്ന് ആശ്വാസം നല്‍കാനും സഹായിക്കും. പുതിനയില്‍ കലോറി കുറവാണ്. പക്ഷേ വിറ്റാമിന്‍ എ, അയണ്‍, ഫോളേറ്റ്, മാംഗനീസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പുതിനയില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങുന്നതിനാല്‍ ദഹനത്തെ വേഗത്തിലാക്കാന്‍ സഹായിക്കും.

Advertising
Advertising

പുതിന ഇല വായിലിട്ട് ചവച്ചാല്‍ വായ്നാറ്റം താല്‍ക്കാലികമായി മാറും. തൊണ്ടയ്ക്കും നെഞ്ചിലുമുണ്ടാകുന്ന കഫക്കെട്ട് മാറാന്‍ പുതിനയില സഹായിക്കും. പുതിനയില കൊണ്ട് ആവിപിടിക്കുന്നതും നല്ലതാണ്. തലവേദനയെ ശമിപ്പിക്കാനുള്ള കഴിവും പുതിനക്ക് ഉണ്ടെന്നത് നാട്ടറിവാണ്.

മിക്കവരും പുതിന കടയില്‍ നിന്ന് വിലകൊടുത്ത് വാങ്ങുകയാണ് ചെയ്യാറ്. വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന പുതിന പലപ്പോഴും വീര്യമേറിയ കീടനാശിനികള്‍ ഒക്കെ തളിച്ച് എത്തുന്നവയാകും. നന്നായി കഴുകിയ ശേഷം മാത്രമേ കടയില്‍ നിന്ന് വാങ്ങുന്ന പുതിന ഉപയോഗിക്കാവൂ. അതേസമയം, എളുപ്പത്തില്‍ വീട്ടില്‍ തന്നെ പുതിന വളര്‍ത്താനും സാധിക്കും. കടയില്‍ നിന്ന് വാങ്ങുന്ന പുതിന ഉപയോഗിച്ച് തന്നെ നമുക്ക് ഇത് വീട്ടില്‍ വളര്‍ത്തിയെടുക്കാം. 

 

പുതിന എളുപ്പം വീട്ടില്‍ വളര്‍ത്താം

അധികം വാടാത്ത പുതിനയാണ് നടാനായി എടുക്കേണ്ടത്. ആരോഗ്യമുള്ള ഒരു പുതിനത്തണ്ടെടുത്ത് അതിന്റെ വലിയ ഇലകള്‍ മുഴുവന്‍ കട്ട് ചെയ്ത് ഒഴിവാക്കണം. ചെറിയ ഇലകള്‍ നിലനിര്‍ത്താം. ഇത് പോട്ടിങ് മിക്‌സില്‍ നടുകയാണ് വേണ്ടത്. മണ്ണ്, മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോറ് എന്നിവ കലര്‍ത്തിയ പോട്ടിങ് മിശ്രിതമാണ് പുതിന നടാന്‍ നല്ലത്. നടുന്നതിന് മുമ്പ് ഇത് നനച്ചുകൊടുക്കണം.

നനഞ്ഞുകിടക്കുന്ന ഈ പോട്ടിങ് മിശ്രിതത്തില്‍ വേണം പുതിന നടാന്‍. ചെടികള്‍ നടുന്നത് പോലെ നേരെ കുത്തനെയല്ല പുതിനത്തണ്ട് നടേണ്ടത്. മണ്ണില്‍ അല്‍പം ചരിച്ച് കിടത്തി വേണം പുതിനത്തണ്ട് നടാന്‍. നീളമേറിയ തണ്ടാണെങ്കില്‍ ഇടവിട്ട സ്ഥലങ്ങളില്‍ തണ്ട് മണ്ണിനുള്ളിലാവുന്ന വിധം കുത്തി വെക്കണം. ശിഖരങ്ങളുള്ള തണ്ടായാല്‍ പോലും ഈ രീതിയില്‍ നടാം.

ഒരു മൂന്ന് ആഴ്ചയാകുമ്പോഴേക്കും പുതിനത്തണ്ടില്‍ പുതിയ വേരുകള്‍ പിടിച്ചുവരുന്നത് കാണാം. ഒരു മാസം പിന്നിടുമ്പോഴേക്കും നല്ല നിലയില്‍ വളര്‍ന്നുവരും. വേനല്‍ക്കാലത്ത് നന്നായി നനച്ചുകൊടുക്കണം. ചെറിയ ഒരു നനവ് എപ്പോഴും മണ്ണിലുണ്ടായിരിക്കണം. പുതിനയിലയില്‍ പുഴുശല്യമോ മറ്റ് കീടശല്യമോ കാണുകയാണെങ്കില്‍ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം സ്‌പ്രേ ചെയ്തുകൊടുക്കാം. 

 

നല്ല സൂര്യപ്രകാശം ഉള്ള സ്ഥലങ്ങളിലാണ് പുതിന നന്നായി വളരുക. എന്നാല്‍, സൂര്യപ്രകാശം കുറഞ്ഞയിടങ്ങളിലും വളരും. നല്ല വളം വേണ്ട ഒരു ചെടിയാണിത്. കാലിവളവും ഗോമൂത്രം നേര്‍പ്പിച്ചതും കടലപ്പിണ്ണാക്ക് കുതിര്‍ത്ത് നേര്‍പ്പിച്ചത് ചാണകത്തെളിയുടെ കൂടെയും രണ്ടാഴ്ചയിലൊരിക്കല്‍ കൊടുക്കാം. ജൈവവള ഗ്രാന്യൂളുകള്‍ കുറേശ്ശെ ഇട്ടു കൊടുക്കാം. അതും രണ്ടാഴ്ചയിലൊരിക്കല്‍. നനയുടെ കാര്യമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. നന തീരെ കുറയാനും വല്ലാതെ കൂടാനും പാടില്ല.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News