ബാൽക്കണിയിൽ ഈ ചെടികൾ വയ്ക്കുമ്പോൾ ശ്രദ്ധിക്കുക; പാമ്പുകളെയും കീടങ്ങളെയും ക്ഷണിച്ചുവരുത്തും

മട്ടുപ്പാവിലെ പൂന്തോട്ടം വീടിന് ഭംഗിയും പച്ചപ്പും നൽകുമെങ്കിലും ചിലതരം ചെടികളുടെ അമിതമായ വളർച്ച, സുഗന്ധം, ഈർപ്പം എന്നിവ പാമ്പ്, കൊതുക്, മറ്റ് കീടങ്ങൾ എന്നിവയെ ക്ഷണിച്ചുവരുത്താൻ സാധ്യതയുണ്ട്

Update: 2026-08-05 10:52 GMT

നിങ്ങളുടെ വീടിന്‍റെ ബാൽക്കണി മനോഹരമായിരിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്. ചെടികളും പൂക്കളും ഒപ്പം ചെറിയൊരു ഊഞ്ഞാലുമുണ്ടെങ്കിൽ ബാൽക്കണിയിലെ ഇരുത്തം തന്നെ രസമാണ്. ഇന്ത്യൻ നഗരങ്ങളിൽ ഇന്ന് ബാൽക്കണി ഗാർഡനുകൾ വളരെ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. മട്ടുപ്പാവിലെ പൂന്തോട്ടം വീടിന് ഭംഗിയും പച്ചപ്പും നൽകുമെങ്കിലും ചിലതരം ചെടികളുടെ അമിതമായ വളർച്ച, സുഗന്ധം, ഈർപ്പം എന്നിവ പാമ്പ്, കൊതുക്, മറ്റ് കീടങ്ങൾ എന്നിവയെ ക്ഷണിച്ചുവരുത്താൻ സാധ്യതയുണ്ട്.

1. മണി പ്ലാന്‍റ്

ഇന്ത്യൻ വീടുകളിൽ വളരെ സാധാരണമാണ് മണി പ്ലാന്‍റുകൾ. ഇൻഡോര്‍ പ്ലാന്‍റായും ഔട്ട്ഡോറായും മണി പ്ലാന്‍റുകൾ നടുന്നു. വേഗത്തിൽ വളരുന്ന ഇവയ്ക്ക് അധിക പരിചരണം ആവശ്യമില്ല. എന്നാൽ ഗ്രില്ലുകൾ, ബാൽക്കണിയിലെ മൂലകൾ, പൈപ്പുകൾ എന്നിവയ്ക്ക് ചുറ്റും അവ അമിതമായി പടരുമ്പോൾ പ്രാണികൾ, പല്ലികൾ, എലികൾ, പാമ്പുകൾ എന്നിവയ്ക്ക് പോലും ഒരു അഭയകേന്ദ്രമായി മാറിയേക്കാം. കീടങ്ങൾ അവയിൽ അഭയം കണ്ടെത്തുന്നത് തടയാൻ മണി പ്ലാന്‍റുക ശരിയായ രീതിയിൽ വൃത്തിയാക്കുകയും സമയബന്ധിതമായി വെട്ടിമാറ്റുകയും വേണം.

Advertising
Advertising

2.മുളച്ചെടികൾ

ബാൽക്കണിക്ക് ഒരു പ്രകൃതിദത്ത ഭംഗിയും സ്വകാര്യതയും നൽകുന്നതിനാൽ മുളച്ചെടികൾ (Bamboo plants) ഏറെ പ്രിയപ്പെട്ടവയാണ്. എന്നാൽ, ഇവ വളർത്തുന്ന പാത്രങ്ങളിലോ അടിയിലെ ട്രേകളിലോ വെള്ളം കെട്ടിക്കിടക്കുന്നത്, പ്രത്യേകിച്ച് മൺസൂൺ കാലങ്ങളിൽ, കൊതുകുകൾ പെരുകുന്നതിന് കാരണമായേക്കാം. അതേസമയം, ബാൽക്കണിയിലെ സാധനങ്ങൾ സൂക്ഷിക്കുന്നിടത്ത് വൃത്തിഹീനമായ രീതിയിൽ മുളച്ചെടികൾ കൂട്ടിയിട്ടിരിക്കുന്നത് കീടങ്ങളെ ആകർഷിക്കാനും സാധ്യതയുണ്ട്. അതിനാൽ, മുളച്ചെടികൾ സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളിലെ വെള്ളം കൃത്യമായി മാറ്റാനും അവ എപ്പോഴും വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

3.അരേക്ക പാം

വീടിനും ബാൽക്കണിക്കും ഒരു ട്രോപ്പിക്കൽ ലുക്കും തണുപ്പും നൽകുന്നതിനാൽ അരേക്ക പാം ചെടികൾ ജനപ്രിയമാണ്. എന്നാൽ, ബാൽക്കണിയിൽ അമിതമായി ചെടികൾ നിറഞ്ഞിരിക്കുകയാണെങ്കിൽ, ഇവയുടെ സാന്ദ്രമായ ഇലപ്പടർപ്പുകൾ ഈർപ്പം തങ്ങിനിൽക്കാനും വായുസഞ്ചാരം കുറയ്ക്കാനും ഇടയാക്കും. പ്രത്യേകിച്ച് മൺസൂൺ കാലങ്ങളിൽ, ഇത്തരം ഈർപ്പമുള്ള ഇടങ്ങളിൽ കൊതുകുകളും ചെറുപ്രാണികളും തടിച്ചുകൂടാൻ സാധ്യത കൂടുതലാണ്.

കൂടാതെ, ചട്ടികൾക്ക് താഴെ വീഴുന്ന ഉണങ്ങിയ ഇലകൾ കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ അവ ഉറുമ്പുകളെയും മറ്റ് ചെറു കീടങ്ങളെയും ആകർഷിച്ചേക്കാം. അതിനാൽ, ബാൽക്കണിയിലോ വീടിനുള്ളിലോ ഇത്തരത്തിലുള്ള വലിയ ഇലച്ചെടികൾ വളർത്തുമ്പോൾ ചെടികൾക്കിടയിൽ ആവശ്യത്തിന് അകലവും വായുസഞ്ചാരവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

4. മുല്ല

മുല്ല പോലുള്ള സുഗന്ധം പരത്തുന്ന ചെടികൾ സ്വാഭാവികമായും പ്രാണികളെ ആകർഷിക്കുന്നവയാണ്. നല്ല തേനുള്ളതുകൊണ്ടു തന്നെ തേനീച്ചകളും ചിത്രശലഭങ്ങളും ഇതിന് ചുറ്റും പാറിപ്പറക്കും. അതേസമയം, പ്രാണികളും ചെറിയ കീടങ്ങളും അത്തരം സസ്യങ്ങളെ ഒരു ഫീഡിംഗ് സ്റ്റേഷനായി ഉപയോഗിക്കാൻ തുടങ്ങിയേക്കാം പ്രത്യേകിച്ച് ബാൽക്കണിയിലെ മണ്ണിൽ അധിക ഈർപ്പം ഉണ്ടെങ്കിൽ. മുല്ല പോലുള്ള ചെടികൾ പൂർണ്ണമായും നീക്കം ചെയ്യുന്നതിനുപകരം പതിവായി വെട്ടിമാറ്റുകയും സമയബന്ധിതമായി കീട നിയന്ത്രണം നടത്തുകയും വേണം.

5.ട്രേകളിൽ കെട്ടിക്കിടക്കുന്ന വെള്ളം

ട്രേകൾ, ബക്കറ്റുകൾ, മറ്റ് പാത്രങ്ങൾ എന്നിവയ്ക്കുള്ളിൽ വെള്ളം കെട്ടിനിൽക്കുന്നതാണ് കൊതുകുകൾ ബാൽക്കണിയിൽ താമസിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് . വേനൽക്കാലത്തും മഴക്കാലത്തും ട്രേകളിൽ അടിഞ്ഞുകൂടുന്ന അത്തരം വെള്ളത്തിന്റെ ചെറിയ അളവ് പോലും കൊതുകുകൾക്ക് ആകർഷകമായ അന്തരീക്ഷമായി മാറിയേക്കാം. ശരിയായ ഡ്രെയിനേജ് ഇല്ലാതെ ബാൽക്കണിയിലെ ചെടികൾ അമിതമായി നനയ്ക്കുന്നത് ബാൽക്കണികളെ കൊതുകുകളുടെ പറുദീസയാക്കി മാറ്റുന്നു.

6.ബാൽക്കണിയിലെ വൃത്തിഹീനമായ മൂലകൾ

ഗ്രൗണ്ട് ഫ്ലോറിലെ ഫ്ലാറ്റുകൾ, വീടുകൾ , പച്ചപ്പു നിറഞ്ഞ പ്രദേശങ്ങൾക്ക് സമീപമുള്ള കെട്ടിടങ്ങൾ എന്നിവയുടെ ബാൽക്കണികളിൽ തഴച്ചുവളരുന്ന ചെടികളും സാധനങ്ങൾ അലങ്കോലമായി സൂക്ഷിച്ചിരിക്കുന്നതും എലികൾക്ക് ഒളിച്ചിരിക്കാൻ അനുയോജ്യമായ ഇടമൊരുക്കുന്നു. അപൂർവ്വമായിട്ടാണെങ്കിലും, ഇത്തരം ഇടങ്ങളിലെ എലികളെയും തവളകളെയും വേട്ടയാടാനായി അവയ്ക്ക് പിന്നാലെ പാമ്പുകളും ബാൽക്കണികളിലേക്ക് എത്തിയേക്കാം. അതിനാൽ, ഇത്തരം അനാവശ്യ അതിഥികളെ ഫലപ്രദമായി തടയുന്നതിന് ബാൽക്കണികൾ എപ്പോഴും വൃത്തിയായും കൃത്യതയോടെയും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

7. ശരിയായ പരിചരണം

ഭൂരിഭാഗം ബാൽക്കണി ചെടികളും അനാവശ്യ ജീവികളെ ആകർഷിക്കാറില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, ബാൽക്കണി ഗാർഡനുകളുടെ അപര്യാപ്തമായ പരിപാലനം, അമിതമായ അലങ്കാരങ്ങൾ, ചെടികളുടെ അനിയന്ത്രിതമായ വളർച്ച, കൃത്യമായ വെട്ടിമാറ്റാത്തത് , മാലിന്യങ്ങൾ വൃത്തിഹീനമായി സൂക്ഷിക്കുന്നത് എന്നിവയാണ് ബാൽക്കണികളിൽ കീടങ്ങൾ പെരുകുന്നതിനുള്ള സാഹചര്യമൊരുക്കുന്നത്. അതിനാൽ, കൃത്യമായ നന, ആവശ്യത്തിന് സൂര്യപ്രകാശം, വെള്ളം വാർന്നുപോകാനുള്ള സൗകര്യം, നല്ല വായുസഞ്ചാരം, ചെടികളുടെ ശുചിത്വം എന്നിവ ഉറപ്പാക്കിയാൽ തന്നെ ബാൽക്കണി ഗാർഡൻ ആരോഗ്യകരമായി നിലനിർത്താൻ സാധിക്കും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News