വീട്ടിലൊരു പഴത്തോട്ടമായാലോ?; ബാൽക്കണിയിൽ എളുപ്പത്തിൽ വളർത്താം ഈ ഫ്രൂട്ടുകൾ
തുടക്കക്കാർക്കും പരിചയമുള്ളവർക്കും എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കുന്ന ഫ്രൂട്ടുകൾ പരിചയപ്പെടാം
മൾബെറി, സ്ട്രോബെറി, അത്തിപ്പഴം തുടങ്ങിയ പഴങ്ങൾ വീട്ടിൽ വളർത്താൻ ആഗ്രഹിക്കുന്ന കുറേ പേരുണ്ട്. എന്നാൽ, നട്ടു വളർത്തിയാൽ പ്രതീക്ഷിച്ച ഫലങ്ങൾ ഇവയിൽ നിന്നും കിട്ടാത്തത് കൊണ്ടും കാലാവസ്ഥയും പരിചരണവുമെല്ലാം വിലങ്ങുതടിയാകുന്നത് കൊണ്ട് പലർക്കും കൃഷി ഉപേക്ഷിക്കേണ്ടിയും വരാറുണ്ട്. എന്നാൽ, അൽപ്പം ശ്രദ്ധയുണ്ടെങ്കിൽ ചട്ടികളിലും, ടെറസുകളിലും, ചെറിയ മുറ്റങ്ങളിൽ പോലും മികച്ച ഫലങ്ങൾ തരുന്ന തരത്തിൽ നമ്മുക്ക് ഈ ഫ്രൂട്ടുകൾ കൃഷി ചെയ്യാവുന്നതാണ്. തുടക്കക്കാർക്കും പരിചയമുള്ളവർക്ക് പോലും എളുപ്പത്തിൽ കൃഷി ചെയ്യാൻ പറ്റുന്ന ഫ്രൂട്ടുകൾ പരിചയപ്പെടാം.
1. ഡ്രാഗൺ ഫ്രൂട്ട്
ഡ്രാഗൺ ഫ്രൂട്ട് ഒരു ഉഷ്ണമേഖലാ ഫ്രൂട്ടാണെന്ന് തോന്നാമെങ്കിലും, വീട്ടിൽ വളർത്താൻ വളരെ എളുപ്പമാണ് ഇവ. പടർന്നുകയറുന്ന ഒരു കള്ളിച്ചെടിയായതിനാൽ നല്ല രീതിയിൽ സൂര്യപ്രകാശം കിട്ടുന്നിടത്തും ഫലകൂറുള്ള മണ്ണുള്ളിടത്തും ഇവ നട്ടുവളർത്തുന്നത് നല്ല ഫലം തരും. കുറഞ്ഞ പരിപാലനത്തിലൂടെ ഇവ വളർന്ന് പന്തലിക്കും.
2. സ്ട്രോബെറി
നിങ്ങൾക്ക് സ്ഥലപരിമിതി ഉണ്ടെങ്കിൽ, ഹോം ഗാർഡനിൽ സ്ട്രോബെറികൾക്ക് ഒരിടം നൽകാം. ഇതിനായി ഒരുപാട് സ്ഥലം വേണമെന്നില്ല. പകരം ജനലുകളിലോ ചെറിയ ചട്ടികളിലോ മറ്റും ഇവ വളർത്തിയെടുക്കാം. ആവശ്യത്തിന് സൂര്യപ്രകാശവും, പതിവായി നനയും, ഫലപുഷ്ടിയുള്ള നീർവാർച്ചയുള്ള മണ്ണും നൽകിയാൽ, ഏതാനും മാസങ്ങൾക്കുള്ളിൽ സ്ട്രോബെറി ചെടികൾ മധുരമുള്ള പഴങ്ങൾ നൽകും.
3. മൾബെറി
ഏറ്റവും എളുപ്പത്തിൽ പരിപാലിക്കാൻ കഴിയുന്ന ഒന്നാണ് മൾബെറി. കൃത്യമായ കട്ടിങ് രീതികളിലൂടെ ചട്ടിയിലും ഇവ വളർത്തിയെടുക്കാവുന്നതാണ്. പഴങ്ങൾ പാകമാകുമ്പോൾ പച്ചയിൽ നിന്ന് ചുവപ്പിലേക്കും പിന്നീട് കടും പർപ്പിൾ നിറത്തിലേക്കും മാറുന്ന ഇവ ഈ ചെറിയ ശ്രദ്ധയിലൂടെ വളർത്തിയെടുക്കാം.
4. പാഷൻ ഫ്രൂട്ട്
നല്ല വെയിലും പടരാൻ ശക്തമായ ഒരു ട്രെല്ലിസോ അല്ലെങ്കിൽ താങ്ങോ നൽകുന്നതിലൂടെ പാഷൻ ഫ്രൂട്ട് തഴച്ച് വളരും.
5.അത്തിപ്പഴം
അത്തിമരങ്ങൾക്ക് വലിയ തോട്ടങ്ങൾ ആവശ്യമാണെന്നാണ് പലരുടെയും ധാരണ, എന്നാൽ, വലിയ ചട്ടികളിൽ ഇവ വളരെ നന്നായി വളരും. പതിവായി വെട്ടി ഒതുക്കുന്നത് ഇവ തഴച്ച് വളരാൻ സഹായിക്കും. നല്ല സൂര്യപ്രകാശമുള്ള ടെറസുകളിലും ബാൾക്കണികളിലും ഇവ വളരും.
7. ഞാവൽ പഴം
ഇന്ത്യൻ ബ്ലാക്ക്ബെറി എന്നും അറിയപ്പെടുന്നവയാണ് ഞാവൽ പഴം. ഇവ മരങ്ങൾ ആയി വളരുന്നവയാണെങ്കിലും ഇതിന്റെ കുള്ളൻ ഇനങ്ങൾ ചട്ടികളിലും ചെറിയ ഔട്ട്ഡോർ സ്ഥലങ്ങളിലും വളർത്തിയെടുക്കാവുന്നതാണ്.