സിഡ്നി: ചിലപ്പോൾ കണ്ടാൽ കൗതുകം തോന്നുന്ന സസ്യങ്ങൾ പിന്നീട് വലിയൊരു തലവേദനയായി മാറാറുണ്ട്. അത്തരത്തിൽ കൊണ്ടുവന്ന ഒരു തൊട്ടാവാടിച്ചെടിയാണ് ഇപ്പോൾ ആസ്ട്രേലിയയുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. 'ജയന്റ് സെൻസിറ്റീവ് പ്ലാന്റ്' എന്ന് അറിയപ്പെടുന്ന മിമോസ വെറുമൊരു കൗതുകം എന്ന രീതിയിലാണ് നോർത്തേൺ ടെറിട്ടറിയിലേക്ക് കൊണ്ടുവന്നത്.
എന്നാൽ ഇന്ന് ഏകദേശം 1.4 ലക്ഷം ഹെക്ടറോളം ഭൂമിയെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കൂടാതെ, ആസ്‌ട്രേലിയയിലെ 46 ലക്ഷം ഹെക്ടറോളം ഭൂമി ഈ ചെടിയുടെ അധിനിവേശ ഭീഷണിയിലുമാണ്.
മെക്സിക്കോ മുതൽ വടക്കൻ അർജന്‍റീന വരെ നീളുന്ന ഉഷ്ണമേഖലാ അമേരിക്കയാണ് മിമോസയുടെ ജന്മദേശം. തൊട്ടാവാടിയെപ്പോലെ ഇലകളിൽ തൊട്ടാൽ കൂമ്പിയടയുന്ന ഫേൺ പോലെയുള്ള ഇലകളാണ് ഇതിനുള്ളത്. മൃദുവായ വൃത്താകൃതിയിലുള്ള പൂക്കൾ പിങ്ക് മുതൽ നീല കലർന്നതുമാണ്. എന്നാൽ ഇതിൽ ധാരാളം മുള്ളുകളുമുണ്ട്. വളർന്നുവന്ന ചെടികൾ 6 മീറ്റർ വരെ ഉയരത്തിൽ പടർന്നു പന്തലിച്ചു വളരുന്ന കുറ്റിച്ചെടികളാണ്. ഓരോ പൂക്കുലയിലും നൂറോളം ചെറിയ പൂക്കളുണ്ടാകും. അനുകൂല സാഹചര്യങ്ങളിൽ ഈ ചെടിക്ക് മറ്റ് സസ്യങ്ങളെ പൂർണമായും നശിപ്പിച്ച് ഇടതൂർന്നതും മുള്ളുകൾ നിറഞ്ഞതുമായ വലിയ കാടുകൾ പോലെ രൂപപ്പെടാൻ കഴിയും.
വടക്കൻ പ്രദേശത്തെ 140,000 ഹെക്ടർ ഭൂമി ഇതിനോടകം മിമോസ കീഴടക്കിയിട്ടുണ്ടെന്ന് നോർത്തേൺ ടെറിട്ടറി ഗവൺമെന്റ് വിശദീകരിക്കുന്നു. അതായത് പ്രദേശത്തെ തണ്ണീർത്തടങ്ങളുടെ 10 ശതമാനം. 15 വൃഷ്ടിപ്രദേശങ്ങളിലും മൂന്ന് ദ്വീപുകളിലും മിമോസ പടര്‍ന്നുകയറിയിട്ടുണ്ട്. ഡാലി, മേരി, അഡലെയ്ഡ് നദികൾ ഉൾപ്പെടെയുള്ള നദീതടങ്ങളും മിമോസ കീഴടക്കിയിട്ടുണ്ട്.
വിത്തുകളിലൂടെയാണ് ഇവ അതിവേഗം പടരുന്നത്. ഒരു ചെടിക്ക് പ്രതിവർഷം 200,000 വിത്തുകൾ ഉത്പാദിപ്പിക്കാൻ കഴിയും. വെള്ളം, യന്ത്രങ്ങൾ, വാഹനങ്ങൾ, മൃഗങ്ങൾ, ആളുകൾ എന്നിവയിലൂടെ അവ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. ആദ്യ മഴയിൽ തന്നെ മിക്ക വിത്തുകളും മുളയ്ക്കും. എന്നാൽ വിത്തുകൾ കട്ടിയുള്ള ഒരു പുറം പാളിയാൽ സംരക്ഷിക്കപ്പെടുന്നു, അതിനാൽ 20 വർഷം വരെ മണൽ മണ്ണിൽ സുഷുപ്തിയിലാകാം. ഈ ചെടി നീർത്തടങ്ങളിൽ പ്രതിവർഷം ശരാശരി 76 മീറ്ററിലധികം ദൂരത്തിൽ പടർന്നുപിടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മിമോസയുടെ വ്യാപനം പ്രദേശത്തെ പരിസ്ഥിതിക്കും തദ്ദേശീയ ജനവിഭാഗങ്ങളുടെ ജീവിതത്തിനും വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.
ഇടതൂർന്നു വളരുന്ന ഈ മുള്ളുകാടുകൾ പുൽമേടുകളെ പൂർണമായും വിഴുങ്ങുകയും, ഗ്രാമീണ കന്നുകാലി മേച്ചിൽപ്പുറങ്ങളുടെ വ്യാപ്തി കുറയ്ക്കുകയും ചെയ്യുന്നു.ജനങ്ങൾക്കും മൃഗങ്ങൾക്കും പ്രവേശിക്കാൻ കഴിയാത്ത വിധം പ്രദേശങ്ങൾ അടഞ്ഞുപോകാനും കന്നുകാലികളെ മേയ്ക്കുന്നതും കൂട്ടമായി മാറ്റുന്നതും ദുഷ്കരമാക്കാനും ഇത് കാരണമാകുന്നു.തദ്ദേശവാസികൾക്ക് അവരുടെ പരമ്പരാഗത രീതിയിലുള്ള കാട്ടുവിഭവങ്ങൾ ശേഖരിക്കാനുള്ള അവസരങ്ങൾ ഇത് ഇല്ലാതാക്കുന്നു.
ആസ്‌ട്രേലിയയിൽ കളയായി പ്രഖ്യാപിച്ചിട്ടുള്ള സസ്യമാണ് മിമോസ. ഇതിനെ നിയന്ത്രിക്കുന്നതിനായി പദ്ധതി രൂപീകരിച്ചിട്ടുണ്ട്. രാസകീടനാശിനികൾ, കൈകൊണ്ട് പിഴുതുമാറ്റൽ, ബുൾഡോസർ ഉപയോഗിച്ചുള്ള നിഷ്കാസനം, തീയിടൽ എന്നീ മാര്‍ഗങ്ങളിലൂടെ മിമോസയെ ഇല്ലാതാക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം.