രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച വാഴപ്പഴം എങ്ങനെ തിരിച്ചറിയാം? ഇതാ ചില ടിപ്സുകൾ

പഴങ്ങൾ സ്വാഭാവികമായി പഴുക്കാൻ സമയമെടുക്കും

Update: 2026-10-15 12:01 GMT

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സുലഭമായ, ഏറ്റവും കൂടുതൽ ആളുകൾ കൂടുതൽ കഴിക്കുന്ന പഴങ്ങളിൽ ഒന്നാണ് വാഴപ്പഴം.   ദൂരസ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനാൽ വാഴപ്പഴങ്ങൾ പച്ചയായിട്ടാണ് വിളവെടുക്കുന്നത്. തുടർന്ന് പെട്ടെന്ന് മഞ്ഞനിറത്തിലാക്കാൻ വ്യാപാരികൾ കൃത്രിമ പഴുപ്പിക്കൽ രീതികൾ ഉപയോഗിക്കാറുണ്ട്. സുരക്ഷിതമെന്ന് പറയപ്പെടുന്ന മാർഗങ്ങൾ ഉണ്ടെങ്കിലും നിയമവിരുദ്ധമായോ അശ്രദ്ധമായോ ഉപയോഗിക്കുന്ന രാസവസ്തുക്കൾ പഴത്തിന്റെ രുചിയെയും ഘടനയെയും ദഹനത്തെയും, ചിലപ്പോൾ ആരോഗ്യത്തെയും തന്നെ ദോഷകരമായി ബാധിച്ചേക്കാം.

പഴങ്ങൾ സ്വാഭാവികമായി പഴുക്കാൻ സമയമെടുക്കും. അവ സ്വന്തമായി എത്തിലീൻ ഗ്യാസ് പതുക്കെ പുറത്തുവിട്ടാണ് അന്നജത്തെ പഞ്ചസാരയാക്കി മാറ്റുകയും പഴത്തെ തുല്യമായി മൃദുവാക്കുകയും ചെയ്യുന്നത്. എന്നാൽ വിപണിയിൽ വേഗതയാണ് പ്രധാനം. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പഴങ്ങൾ കഴിക്കാൻ പാകത്തിലാക്കാൻ ചില കച്ചവടക്കാർ കാൽസ്യം കാർബൈഡ് പോലെയുള്ള രാസവസ്തുക്കളോ ഉയർന്ന സാന്ദ്രതയിലുള്ള എത്തിലീൻ ഗ്യാസോ ഉപയോഗിക്കുന്നു.

Advertising
Advertising

ഇതിൽ കാൽസ്യം കാർബൈഡ് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഒന്നാണ്. ഈ രാസവസ്തു ഈർപ്പവുമായി ചേരുമ്പോൾ അസറ്റിലീൻ ഗ്യാസ് പുറത്തുവിടുന്നു. ഇത് പഴങ്ങൾ യഥാർത്ഥത്തിൽ പഴുക്കാതെ തന്നെ പെട്ടെന്ന് മഞ്ഞനിറമാകാൻ ഇടയാക്കുന്നു. പുറംതോട് നിറം മാറുമ്പോൾ അകത്തെ ഭാഗം വളർച്ചയെത്താതെ കിടക്കും. അതുകൊണ്ടാണ് രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച വാഴപ്പഴങ്ങൾ പുറംകാഴ്ചയിൽ നല്ലതായി തോന്നുമെങ്കിലും സ്വഭാവിക രുചിയുണ്ടാകില്ല.

കൃത്രിമമായി പഴുപ്പിച്ചത് എങ്ങനെ തിരിച്ചറിയാം

പഴത്തിന്‍റെ തൊലിയിൽ പതുക്കെ തടവി നോക്കുക. സ്വാഭാവികമായി പഴുത്ത വാഴപ്പഴത്തിന് അല്പം മങ്ങലേറ്റതും എന്നാൽ മൃദുവായതുമായ തൊലിയായിരിക്കും ഉള്ളത്. എന്നാൽ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ചവയുടെ തൊലി വളരെ മിനുസമുള്ളതോ, വഴുക്കലുള്ളതോ അല്ലെങ്കിൽ അമിതമായി വാക്സ് പുരട്ടിയതുപോലെയും അനുഭവപ്പെടാം. കൂടാതെ, തൊലി നേർത്തതും വഴക്കമുള്ളതുമായിരിക്കുന്നതിന് പകരം കട്ടി കൂടിയതും ഉറച്ചതുമായി തോന്നാം.

തൊലി പൊളിക്കുമ്പോഴും ഇത് വ്യക്തമായി തിരിച്ചറിയാൻ കഴിയും. സ്വാഭാവികമായി പഴുത്ത വാഴപ്പഴം യാതൊരു ബുദ്ധിമുട്ടുമില്ലാതെ വളരെ വൃത്തിയായി പൊളിച്ചെടുക്കാം. എന്നാൽ കൃത്രിമമായി പഴുപ്പിച്ച പഴങ്ങളുടെ തൊലി പൊളിക്കാൻ ശ്രമിക്കുമ്പോൾ അത് അവിടവിടെയായി കീറിപ്പോകുകയോ അല്ലെങ്കിൽ തൊലി ഉരിയാൻ പ്രയാസമുണ്ടാവുകയും ചെയ്യും.

ഗന്ധത്തിലൂടെ തിരിച്ചറിയാം

നല്ല വാഴപ്പഴത്തിന് പ്രത്യേക ഗന്ധമുണ്ടായിരിക്കും. അന്നജം  പഞ്ചസാരയായി മാറുന്ന സ്വാഭാവിക പ്രക്രിയയിലൂടെയാണ് ഈ സുഗന്ധം ഉണ്ടാകുന്നത്. എന്നാൽ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച വാഴപ്പഴത്തിന് മണം വളരെ കുറവായിരിക്കും. ചിലപ്പോൾ പച്ചപ്പുല്ലിന്റെയോ വിചിത്രമായ രാസവസ്തുക്കളുടെയോ ഗന്ധം അനുഭവപ്പെടാം. പഴുത്ത ഒരു പഴത്തിന് ഉണ്ടാകേണ്ട യാതൊരു മണവുമില്ലാത്തവയും ഇതിലുണ്ട്. എപ്പോഴും പഴത്തിന്റെ മുകൾഭാഗത്ത് മണത്തു നോക്കുക. വാഴപ്പഴത്തിന്റെ സ്വാഭാവിക സുഗന്ധം ഇല്ലെങ്കിൽ, അത് കൃത്രിമമായി പഴുപ്പിച്ചതാണെന്ന് ഉറപ്പിക്കാം.

തണ്ടിന്‍റെ ഭാഗം പരിശോധിക്കുക

സ്വാഭാവികമായി പഴുത്ത വാഴപ്പഴത്തിന്റെ ഞെട്ട് ഉണങ്ങിയതും അല്പം ചുളിവ് വീണതുമായിരിക്കും. എന്നാൽ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച പഴങ്ങളിൽ, പഴത്തിന്റെ ബാക്കി ഭാഗം മഞ്ഞയാണെങ്കിലും ഞെട്ട് മാത്രം നല്ല പച്ചയായിട്ടോ പുതിയതുപോലെയോ കാണപ്പെടും. പുറംതോട് മാത്രം നിറം മാറ്റാൻ നിർബന്ധിതമാക്കുകയും അകത്തെ ഭാഗം വളർച്ചയെത്താതെ കിടക്കുകയും ചെയ്യുമ്പോഴാണ് ഈ വൈരുദ്ധ്യം ഉണ്ടാകുന്നത്. പഴം നന്നായി പഴുത്തതുപോലെ തോന്നിക്കുകയും എന്നാൽ ഞെട്ട് പച്ചയായി ചെയ്താൽ ശ്രദ്ധിക്കുക.

തൊലി പൊളിച്ചു കഴിഞ്ഞാൽ സ്വഭാവികമായ പഴുത്തതാണെങ്കിൽ കാമ്പ് ക്രീം നിറമുള്ളതും മൃദുവായതും ചെറുതായി ഈർപ്പമുള്ളതുമായിരിക്കും. കൃത്രിമമായി പഴുപ്പിച്ച വാഴപ്പഴം വരണ്ടതും ചോക്ക് പോലെയോ മധ്യഭാഗത്ത് കടുപ്പമുള്ളതോ ആയിരിക്കും. ചിലത് റബ്ബർ പോലെ തോന്നും. സ്വാദുണ്ടായിരിക്കുകയില്ല.

രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച വാഴപ്പഴം കഴിച്ചതിനുശേഷം പലർക്കും വയറു വീർക്കൽ, അസിഡിറ്റി, തൊണ്ടവേദന എന്നിവ അനുഭവപ്പെടാം. പ്രത്യേകിച്ച് വെറും വയറ്റിൽ പഴങ്ങൾ കഴിക്കുമ്പോൾ. വാഴപ്പഴം പലപ്പോഴും നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കുക.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News