കുറഞ്ഞ വിലയിൽ എപ്പോഴും ലഭ്യമായ പഴമാണ് പേരയ്ക്ക. കേരളത്തിലെ മിക്ക വീടുകളിലും തൊടികളിലും വീട്ടുമുറ്റത്തും ഇഷ്ടം പോലെ പേരയ്ക്ക് കായ്ച്ചുകിടക്കുന്നത് നാം കാണാറുണ്ട്. എന്നാൽ പേരയ്ക്കയുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ഒരു സ്ഥലമുണ്ട്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‍രാജ് ആണ് ഇന്ത്യയിലെ പേരയ്ക്കയുടെ തലസ്ഥാനം എന്നറിയപ്പെടുന്നത്. ജനപ്രിയ ഇനമായ അലഹാബാദി പേരയ്ക്ക ഉൾപ്പെടെയുള്ള വിവിധ പേരയ്ക്ക ഇനങ്ങളാൽ സമ്പന്നമാണ് പ്രയാഗ്‍രാജ്. രുചിക്കും ഗുണനിലവാരത്തിനൊപ്പം കണ്ടാൽ തന്നെ കഴിക്കാൻ തോന്നുന്നതാണ് അലഹാബാദി സഫേദ, അലഹാബാദി സുർക്ക എന്നീ പേരയ്ക്ക ഇനങ്ങൾ.
എന്തുകൊണ്ടാണ് പ്രയാഗ്‌രാജ് 'ഇന്ത്യയുടെ പേരയ്ക്ക തലസ്ഥാനം' എന്ന് അറിയപ്പെടുന്നത്?
പേരയ്ക്ക കൃഷിയുമായി വളരെ ശക്തമായ ബന്ധമാണ് പ്രയാഗ്‌രാജിനുള്ളത്. സവിശേഷമായ രുചിക്കും രൂപത്തിനും പേരുകേട്ട ഫലങ്ങളാണ് ഈ പ്രദേശത്ത് ഉത്പാദിപ്പിക്കുന്നത്. വെള്ളക്കാമ്പുള്ളതും പങ്ക് നിറത്തിലുള്ള കാമ്പുള്ളതുമായ ഇനങ്ങൾ ഇവിടെയുണ്ട്. ഇതാണ് പ്രയാഗ്‌രാജിനെ വേറിട്ടുനിർത്തുന്നത്. 'അലഹാബാദി പേരയ്ക്ക' എന്ന പേര് ഈ പ്രദേശത്തിന്റെ കാർഷിക പാരമ്പര്യവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ പേരയ്ക്ക കൃഷി ചെയ്യുന്നുണ്ടെങ്കിലും പരമ്പരാഗത ഇനങ്ങളാൽ പ്രയാഗ്‌രാജ് സവിശേഷ ശ്രദ്ധ നേടുന്നു.
എന്താണ് 'അലഹാബാദി സുർക്ക'യുടെ പ്രത്യേകത
പ്രയാഗ്‌രാജ് പ്രദേശവുമായി ബന്ധപ്പെട്ട മറ്റൊരു സവിശേഷമായ പേരയ്ക്ക ഇനമാണ് 'അലഹാബാദി സുർക്ക'. പരമ്പരാഗതമായി കാണപ്പെടുന്ന വെള്ളക്കാമ്പുള്ള ഇനങ്ങളിൽ നിന്ന് വ്യത്യസ്തമായി, കാമ്പിന്റെ ആകർഷകമായ നിറമാണ് ഇതിന്റെ പ്രധാന സവിശേഷത. ആകര്‍ഷകമായ രൂപമാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത.
ഉത്തർപ്രദേശിലെ പേരയ്ക്ക കൃഷി
പേരയ്ക്ക കൃഷി പ്രയാഗ്‌രാജിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. ഉത്തർപ്രദേശിലെ ബദായൂൺ, കാസ്ഗഞ്ച്, അലിഗഡ്, ഫറൂഖാബാദ്, ഹാഥ്റസ്, ഉന്നാവോ, കാൺപൂർ നഗർ, കൗശാംബി തുടങ്ങി നിരവധി ജില്ലകൾ പേരയ്ക്ക കൃഷിക്ക് പ്രശസ്തമാണ്. ഈ ജില്ലകളിലെല്ലാം പരന്നുകിടക്കുന്ന കൃഷി, ഇന്ത്യയുടെ പേരയ്ക്ക ഉൽപാദനത്തിൽ ഉത്തർപ്രദേശിനുള്ള പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു.
അലഹാബാദി പേരയ്ക്കകൾ ജനപ്രിയമാകുന്നത് എന്തുകൊണ്ട്?
രുചി, നിറം, ഘടന, മികച്ച ഗുണനിലവാരം എന്നിവ കാരണമാണ് പ്രയാഗ്‌രാജിലെ പേരയ്ക്കകൾ ഏറെ പ്രിയങ്കരമാകുന്നത്. വെള്ളക്കാമ്പുള്ള അലഹാബാദി സഫേദ മുതൽ ചുവപ്പ്/പിങ്ക് കാമ്പുള്ള അലഹാബാദി സുർക്ക വരെയുള്ള വിവിധ ഇനങ്ങളുടെ സാന്നിധ്യം, ഇന്ത്യയിലെ പേരയ്ക്ക ഉൽപാദന മേഖലയിൽ പ്രയാഗ്‌രാജിന് സവിശേഷ സ്ഥാനം നൽകുന്നു.