അധികമാരും കഴിക്കാറില്ല; പക്ഷെ ഇതാണ് ഭൂമിയിലെ ഏറ്റവും ആരോഗ്യകരമായ പച്ചക്കറി!

പട്ടികയിൽ 10.51 സ്കോറോടെ ഏറ്റവും കുറഞ്ഞ ആരോഗ്യകരമായ പച്ചക്കറിയായി റാങ്ക് ചെയ്തത് മധുരക്കിഴങ്ങാണ്

Update: 2026-09-30 08:12 GMT

വിറ്റാമിനുകളാലും പോഷകങ്ങളാലും സമ്പുഷ്ടമാണ് എല്ലാ പച്ചക്കറികളും. പച്ചമുളക് തൊട്ട് കോളിഫ്ലവര്‍ വരെ ഓരോ പച്ചക്കറിക്കും  എന്തെങ്കിലും ഗുണം കാണും. എന്നാൽ ഏറ്റവും ആരോഗ്യകരമായ പച്ചക്കറി ഏതെന്ന് അറിയാമോ? അത് നമ്മൾ അധികമാരും കഴിക്കാത്ത ഒരു ഇലക്കറിയാണ്.

സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പ്രസിദ്ധീകരിച്ച റാങ്കിംഗ് അനുസരിച്ച്, ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ പച്ചക്കറികളിൽ വാട്ടർ ക്രസ്(ജലച്ചീര) ഒന്നാം സ്ഥാനത്താണ്. സാധാരണ നാടൻ ചീര പോലെ ഉപയോഗിക്കാവുന്ന ഇതും ഭക്ഷ്യയോഗ്യമാണ്. പോഷക സാന്ദ്രതയെ അടിസ്ഥാനമാക്കി സിഡിസി 41 പവർഹൗസ് പഴങ്ങളെയും പച്ചക്കറികളെയും വിലയിരുത്തി. വുമൺസ് ഹെൽത്ത് റിപ്പോർട്ട് അനുസരിച്ച്, വാട്ടർക്രസ് ഇതിൽ നൂറിൽ നൂറ് മാര്‍ക്കും നേടി.

Advertising
Advertising

പട്ടികയിൽ 10.51 സ്കോറോടെ ഏറ്റവും കുറഞ്ഞ ആരോഗ്യകരമായ പച്ചക്കറിയായി റാങ്ക് ചെയ്തത് മധുരക്കിഴങ്ങാണ്. പഴങ്ങളുടെ വിഭാഗത്തിൽ 20.37 സ്കോറോടെ തക്കാളി ഒന്നാമതെത്തി. എന്നാൽ പച്ചക്കറികളുടെ കാര്യമെടുത്താൽ വാട്ടര്‍ക്രസ് തന്നെയാണ് ഒന്നാമത്. വളരെ കുറഞ്ഞ കലോറിയിൽ ഉയർന്ന അളവിൽ പോഷകങ്ങൾ പ്രധാനം ചെയ്യുന്നു എന്നതാണ് വാട്ടർക്രസ്സിന്‍റെ പ്രത്യേകത. "വളരെ കുറഞ്ഞ കലോറിയിൽ വിറ്റാമിനുകൾ, മിനറലുകൾ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവയാൽ സമ്പന്നമായതുകൊണ്ടാണ് വാട്ടർക്രസ്സിനെ പലപ്പോഴും പോഷകങ്ങളുടെ സംഭരണി എന്ന് വിളിക്കുന്നത്. ഒരു കപ്പ് വാട്ടർക്രസ്സിൽ വെറും 4 കലോറി മാത്രമാണുള്ളതെന്ന് വുമൺസ് ഹെൽത്ത് റിപ്പോർട്ട് അനുസരിച്ച് കീറ്റ്‌ലി മെഡിക്കൽ ന്യൂട്രീഷ്യൻ തെറാപ്പിയുടെ സഹസ്ഥാപകനായ സ്‌കോട്ട് കീറ്റ്‌ലി വ്യക്തമാക്കുന്നു.

ഒരു കപ്പ് വാട്ടർക്രസ്സിൽ നിന്ന് തന്നെ ശരീരത്തിന് പ്രതിദിനം ആവശ്യമായ വിറ്റാമിൻ കെയുടെ 106 ശതമാനം ലഭിക്കുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തിനും രക്തം കട്ടപിടിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, പ്രതിരോധശേഷിക്കും ചർമ്മത്തിന്റെ ആരോഗ്യത്തിനുമായി പ്രതിദിനം വേണ്ട വിറ്റാമിൻ സിയുടെ 17 ശതമാനവും, കാഴ്ചശക്തിക്കും പ്രതിരോധശേഷിക്കും ആവശ്യമായ വിറ്റാമിൻ എയുടെ ആറ് ശതമാനവും ഇതിലടങ്ങിയിട്ടുണ്ട്.



വിറ്റാമിനുകൾക്ക് പുറമെ, ചിലതരം കാൻസറുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള ഫൈറ്റോകെമിക്കലുകളും കണ്ണിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ആന്റിഓക്‌സിഡന്റുകളും വാട്ടർക്രസ്സിൽ അടങ്ങിയിട്ടുണ്ട്. പോഷകങ്ങളുടെ ഈ സമ്പന്നമായ നിര വാട്ടർക്രസ്സിനെ സമീകൃതാഹാരത്തിൽ ഉൾപ്പെടുത്താൻ അനുയോജ്യമായ ഒന്നാക്കി മാറ്റുന്നുവെന്ന് കീറ്റ്‌ലി വ്യക്തമാക്കുന്നു.

വാട്ടർക്രസ് പ്രധാനമായും ശുദ്ധജല തടാകങ്ങൾ, അരുവികൾ, പുഴയോരങ്ങൾ, നീർത്തടങ്ങൾ, ചതുപ്പ് നിലങ്ങൾ എന്നിവയിലാണ് സ്വാഭാവികമായി വളരുന്നത്.തണുപ്പുള്ളതും ഒഴുകുന്നതുമായ ശുദ്ധജലത്തിലാണ് ഇവ ഏറ്റവും നന്നായി വളരുന്നത്. ചെടിയുടെ വേരുകൾ വെള്ളത്തിനടിയിലെ മണ്ണിലോ ചെളിയിലോ ആയിരിക്കും. വീടുകളിൽ വളർത്തുമ്പോൾ എപ്പോഴും ഈർപ്പമുള്ള മണ്ണും പകുതി തണലുമുള്ള സ്ഥലങ്ങളാണ് അനുയോജ്യം. ചട്ടിയിൽ വെള്ളം കെട്ടിനിൽക്കുന്ന രീതിയിൽ ക്രമീകരിച്ചും ഇത് വളർത്താം.

വാട്ടർ ക്രസ് ആണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നതെങ്കിലും മറ്റ് ഇലക്കറികളും ഒട്ടും പിന്നിലല്ല. സിഡിസി പട്ടികയിൽ ചൈനീസ് കാബേജ് 91.99 സ്കോറുമായി രണ്ടാം സ്ഥാനത്തും ബീറ്റ്റൂട്ട് ചീര 89.27 സ്കോറുമായി മൂന്നാം സ്ഥാനത്തുമാണ്. ചൈനീസ് കാബേജിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി, കെ എന്നിവ ഉണ്ട്. അതേസമയം ബീറ്റ്റൂട്ട് ചീരയിൽ വിറ്റാമിൻ എ, സി, കെ എന്നിവയുമുണ്ട്.



വാട്ടർ ക്രസ് വലിയ അളവിൽ കഴിക്കേണ്ടതില്ല. ആഴ്ചയിൽ മൂന്നോ നാലോ തവണ ഒരു കപ്പ് കഴിച്ചാൽ മതിയാകും. ചീര, ആപ്പിൾ, വാൽനട്ട് സാലഡ് എന്നിവയിൽ വാട്ടർ ക്രസ് കലർത്തി സൂപ്പായോ സാൻഡ്‌വിച്ചോ ടോപ്പിംഗ് ആയോ ഉപയോഗിക്കുകയോ ഒലിവ് ഓയിൽ, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് വിളമ്പുകയോ ചെയ്യാം.  

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News