വയനാട് ഇനി ചൂടുള്ള ജില്ല! മഞ്ഞും തണുപ്പും ഓർമയാകുന്നു

സെപ്റ്റംബര്‍ 11 മുതല്‍ 17 വരെയുള്ള ഏഴ് ദിവസങ്ങളില്‍ ഇവിടുത്തെ ഉയര്‍ന്ന താപനില തുടര്‍ച്ചയായി 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു

Update: 2026-10-09 16:30 GMT
Editor : Athulya | By : Athulya

പച്ചപുതച്ച കുന്നുകളും മലഞ്ചെരിവുകളും....കോടമഞ്ഞ് പുതഞ്ഞുകിടക്കുന്ന രാവുകൾ... കാപ്പിയുടെ ഗന്ധം പേറുന്ന കാറ്റ്... സമൃദ്ധമായി ഒഴുകുന്ന അരുവികളും ഇടതൂർന്ന വനങ്ങളും... വയനാട് എന്ന് കേൾക്കുമ്പോൾ തന്നെ സഞ്ചാരികളുടെ മനം കുളിരും. എന്നാൽ ആ കുളിരോർമകൾ ആവിയായി പോകാൻ ഇനി അധികം നാളില്ല. വയനാട്ടിലെ മഞ്ഞും തണുപ്പും എന്നന്നേക്കുമായി നഷ്ടപ്പെടാൻ പോവുകയാണ്. ഈ മലയോരജില്ല ചൂടുപിടിച്ചുതുടങ്ങിയിരിക്കുന്നു. 

വയനാടിൻ്റെ ആവാസവ്യവസ്ഥയ്ക്കും കാര്‍ഷികമേഖലയ്ക്കും കനത്ത ഭീഷണിയായി ചൂട് വർധിക്കുകയാണെന്നാണ് കൽപറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 1 നും 17 നും ഇടയില്‍ വയനാട്ടിലെ ശരാശരി താപനില 29.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു. 2023ല്‍ താപനില 27.3 ഡിഗ്രി സെല്‍ഷ്യസായിരുന്നിടത്താണ് ഇപ്പോൾ 29 ഡിഗ്രിയും കടന്ന് മുന്നേറുന്നത്.

Advertising
Advertising

സെപ്റ്റംബര്‍ 11 മുതല്‍ 17 വരെയുള്ള ഏഴ് ദിവസങ്ങളില്‍ ഇവിടുത്തെ ഉയര്‍ന്ന താപനില തുടര്‍ച്ചയായി 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു. സെപ്റ്റംബര്‍ 15ന് താപനില 30.7 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില ഏപ്രില്‍ 18ലെ 34.4 ഡിഗ്രി സെല്‍ഷ്യസ് ആണ്. 

താപനിലയിലെ ഈ വര്‍ധന വയനാട്ടിലെ വനങ്ങളെയും കൃഷിയെയും ഗുരുതരമായി ബാധിക്കുമെന്ന് ഹ്യൂം സെന്റര്‍ ഡയറക്ടര്‍ സി.കെ വിഷ്ണുദാസ് മുന്നറിയിപ്പ് നല്‍കുന്നു. ഭൂഗര്‍ഭജലനിരപ്പ് കുറയുന്നതിനാല്‍ ജലസ്രോതസ്സുകള്‍ വറ്റാനും നെല്ല് ഉള്‍പ്പെടെയുള്ള നീര്‍ത്തട കൃഷികൾ ജലക്ഷാമം മൂലം നശിക്കാനും സാധ്യതയുണ്ട്. കാപ്പിയുടെ പൂവിടലിനും കായ്ഫലത്തിനും ആവശ്യമായ മഴയും വരണ്ട കാലാവസ്ഥയും തമ്മിലുള്ള സന്തുലിതാവസ്ഥ ഇപ്പോള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ശക്തമായ എല്‍ നിനോ പ്രതിനിഭാസത്തിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയത്ത് പൂവിടേണ്ട കാപ്പിമരങ്ങള്‍ സെപ്റ്റംബറില്‍ തന്നെ പൂവിട്ടു.

2024ലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം ഈ മാറുന്ന കാലാവസ്ഥയുടെ മറ്റൊരു മുഖമാണ് വ്യക്തമാക്കിയത്. ഭാവിയില്‍ വയനാട്ടിലെ കാലാവസ്ഥ കൂടുതല്‍ ചൂടുള്ളതോ വരണ്ടതോ മാത്രമല്ല, മറിച്ച് തീവ്രമായ ചൂടും അതിതീവ്ര മഴയും ഇടവേളകളില്‍ കടുത്ത വരള്‍ച്ചയും ഉള്ളതായിരിക്കുമെന്നാണ് സൂചനകള്‍.

കാലാവസ്ഥാ വ്യതിയാനം ആളുകളുടെ ആരോഗ്യത്തിനും വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്. രാത്രിയിലെ 20 ഡിഗ്രി സെല്‍ഷ്യസും പകല്‍ സമയത്തെ 30 ഡിഗ്രി സെല്‍ഷ്യസും തമ്മിലുള്ള അന്തരം ആളുകളിൽ നിര്‍ജലീകരണം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പുറത്ത് പണിയെടുക്കുന്നവർ, പ്രായമായവർ, കുട്ടികള്‍ എന്നിവരെയാണ് താപനിലവ്യതിയാനം കൂടുതൽ ബാധിക്കുക. ചൂട് കാരണം കന്നുകാലികളില്‍ ഉല്‍പാദനക്ഷമത കുറയാനും വന്യജീവികള്‍ വെള്ളവും തണലും തേടി സഞ്ചാരപാത മാറ്റാനും കാലാവസ്ഥാ മാറ്റം ഇടയാക്കുന്നു.

വയനാട്ടില്‍ കാര്‍ഷിക, നെല്‍വയല്‍ പ്രദേശങ്ങള്‍ കുറയുകയും പകരം കോണ്‍ക്രീറ്റ് കെട്ടിടങ്ങളും തെളിഞ്ഞ പ്രദേശങ്ങളും വർധിച്ചുകൊണ്ടിരിക്കുകയാണ്. വനങ്ങള്‍ വെട്ടിമാറ്റുന്നതും തണ്ണീര്‍ത്തടങ്ങള്‍ നശിക്കുന്നതും ജില്ലയിലെ താപനിലവ്യതിയാനത്തിന് ആക്കം കൂട്ടുന്നുണ്ട്.

ആഗോള കാലാവസ്ഥാ വ്യതിയാനം ദൈനംദിന ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കുന്നതിനുള്ള ഒരു സ്വാഭാവിക പരീക്ഷണശാലയായി വയനാട് മാറിക്കൊണ്ടിരിക്കുകയാണ്. സെപ്റ്റംബറിലെ ചൂട് മാത്രം വയനാടിന്റെ കാലാവസ്ഥ എന്നെന്നേക്കുമായി മാറി എന്നതിന് പൂര്‍ണമായ തെളിവല്ലെങ്കിലും ഈ മുന്നറിയിപ്പുകള്‍ അവഗണിക്കാനാവാത്തതാണ്.

Tags:    

Writer - Athulya

contributor

Editor - Athulya

contributor

By - Athulya

contributor

Similar News