കാട്ടിലിരുന്ന് ജോലി ചെയ്യാം; യാത്രാചെലവ് തവണകളായി അടയ്ക്കാം; സഞ്ചാരികൾക്ക് സന്തോഷവാ‍‍ർത്തയുമായി സ‍‍ർക്കാ‍ർ

പത്തനംതിട്ടയിലെ ഗവി, ഇടുക്കിയിലെ സൂര്യനെല്ലി എന്നീ രണ്ട് പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്

Update: 2026-10-09 16:54 GMT
Editor : Athulya | By : Athulya

തിരുവനന്തപുരം: യാത്ര പോകാൻ താത്പര്യമില്ലാത്തവർ ചുരുക്കമായിരിക്കും. ജോലിയുടെ സമ്മർദങ്ങളിൽ നിന്നും ജീവിതത്തിൻ്റെ വിരസതയിൽ നിന്നും കുറച്ചുനേരത്തേയ്ക്ക് മാറി നിൽക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം തെരഞ്ഞെടുക്കുക യാത്രയാണ്. എന്നാൽ യാത്രയ്ക്കും താമസത്തിനും ഭക്ഷണത്തിനുമൊക്കെയായി വലിയ തുക ചെലവാകും എന്നോർക്കുമ്പോൾ പലരും പിൻമാറും. അങ്ങനെയുള്ളവർക്ക് ഒരു കൈത്താങ്ങാവുകയാണ് കേരള സർക്കാർ. 

വിനോദയാത്രയ്ക്കുള്ള ചെലവുകളുടെ ഭാരം കുറയ്ക്കാനുള്ള പുതിയ പദ്ധതിയാണ് വനംവകുപ്പ് ആവിഷ്കരിച്ചിരിക്കുന്നത്.  'ട്രാവൽ ടുഡേ, പേ ടുമാറോ' എന്നാണ് പദ്ധതിയുടെ പേര്. സഞ്ചാരികൾക്ക് അവരുടെ യാത്രയ്ക്കുള്ള ചെലവുകൾ തവണകളായി അടച്ചുതീർക്കാനുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ ലഭിക്കുന്നത്. വനംവകുപ്പിന്റെ ടൂറിസം പാക്കേജുകൾക്കും യാത്രകൾക്കും മുഴുവൻ തുകയും നൽകാതെ, തവണകളായി പണമടച്ച് ആസ്വദിക്കാൻ കഴിയും. കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് ഈ പുതിയ ക്രെഡിറ്റ് ടൂറിസം പദ്ധതി തുടങ്ങിയിരിക്കുന്നത്. ഇതിനായി ആക്സിസ് ബാങ്കുമായി ചേർന്ന് വായ്പാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കെഎഫ്ഡിസി നേരിട്ട് നടത്തുന്ന സംസ്ഥാനത്തെ 7 പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.

Advertising
Advertising

ഒപ്പം തന്നെ 'വർക്ക് ഫ്രം ഫോറസ്റ്റ്' (വർക്കേഷൻ) പദ്ധതിയും സർക്കാർ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ സംരക്ഷിത വനങ്ങൾക്കുള്ളിൽ ഇരുന്ന് ജോലി ചെയ്യാനുള്ള അവസരമാണ് പദ്ധതിയിലൂടെ ഒരുക്കുന്നത്. പത്തനംതിട്ടയിലെ ഗവി, ഇടുക്കിയിലെ സൂര്യനെല്ലി എന്നീ രണ്ട് പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി വനത്തിൽ നിലവിലുള്ള മുറികളിൽ സർഗാത്മകമായി ജോലി ചെയ്യുന്നവർക്കും പ്രൊഫഷണലുകൾക്കുമായി ഡിജിറ്റൽ സൗകര്യങ്ങൾ കുറഞ്ഞ നിരക്കിൽ  ഒരുക്കിയിട്ടുണ്ട്. പ്രകൃതി സംരക്ഷണവും റിമോട്ട് വർക്കിങ്ങും തമ്മിൽ കൂട്ടിയോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. 

വർക്കേഷൻ സൗകര്യങ്ങൾ മുഖ്യമന്ത്രി വി.ഡി സതീശൻ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വർക്കേഷൻ പദ്ധതി കൂടാതെ ‘ആത്മ’ (ATMA) ബ്രാൻഡ് ചായ, കാപ്പി ഇനങ്ങളുടെ ഉദ്ഘാടനവും നടന്നു. പ്ലാന്റേഷനുകളിൽ നിന്ന് വിളവെടുത്ത ഉന്നത നിലവാരമുള്ള ചായ, കാപ്പി ഉൽപ്പന്നങ്ങളുടെ പ്രീമിയം ബ്രാൻഡാണ് ‘ആത്മ’. വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഇതിന്റെ ആദ്യ വിൽപന മുഖ്യമന്ത്രിക്ക് നൽകി നിർവഹിച്ചു.

Tags:    

Writer - Athulya

contributor

Editor - Athulya

contributor

By - Athulya

contributor

Similar News