വീടിന് ചുറ്റും പച്ചപ്പ് വിരിച്ച മരങ്ങൾ തരുന്നത് തണുപ്പ് മാത്രമല്ല, ശുദ്ധവായു കൂടിയാണ്. ആ പച്ചപ്പ് തരുന്ന സന്തോഷവും ഒന്ന് വേറെ തന്നെയാണ്. എന്നാൽ വീടിന് തൊട്ടുചേര്‍ന്ന് നടാൻ പറ്റാത്ത വൃക്ഷങ്ങളുമുണ്ട്. അതിന് കാരണങ്ങളുമുണ്ട്.
വില്ലോ
ക്രിക്കറ്റ് ബാറ്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന മരമാണ് വില്ലോ. ആഴത്തിൽ പടർന്നുപന്തലിക്കുന്ന അതിശക്തമായ വേരുപടലമുള്ള മരങ്ങളാണ് ഇവയ്ക്ക്. വീടിന്റെ തറയ്ക്കോ അടിത്തറയ്ക്കോ സമീപം ഇവ നട്ടുവളർത്തിയാൽ, കട്ടിയുള്ള വേരുകൾ പൈപ്പുകൾ തകർക്കാനും കോൺക്രീറ്റിൽ വിള്ളലുണ്ടാക്കാനും നടപ്പാതകൾ പൊങ്ങിപ്പോകാനും കാരണമാകും. അമിതമായി വെള്ളം ആഗിരണം ചെയ്യുന്ന സ്വഭാവമുള്ളതിനാൽ വീടിന് അടിയിലുള്ള മണ്ണിലെ ഈർപ്പം പോലും ഇവ വൻതോതിൽ വലിച്ചെടുക്കും. അതിനാൽ വീടിന് തൊട്ടടുത്ത് വില്ലോ മരങ്ങൾ വളർത്തുന്നത് കെട്ടിടത്തിന് കേടുപാടുണ്ടാക്കും. കിണര്‍ പോലുള്ള ജലസ്രോതസുകളെയും ബാധിക്കും.
പോപ്ലര്‍
വളരെ വേഗത്തിൽ ഉയരത്തിൽ വളരുന്നവയാണ് പോപ്ലര്‍ മരങ്ങൾ. വേരുകളും പെട്ടെന്ന് പടരുന്നു. അവയുടെ വേരുകൾ ഡ്രെയിനേജ് സംവിധാനങ്ങൾ, ഭൂഗർഭ കേബിളുകൾ, വീടിന്‍റെ അടിത്തറ എന്നിവയിൽ കടന്നുകയറി അവയ്ക്ക് കേടുപാടുകളുണ്ടാക്കും. കൂടാതെ നാരാളം ഇല പൊഴിക്കുന്നവയാണ് പോപ്ലര്‍ മരങ്ങൾ. ഇവ വീട്ടുപരിസരം വൃത്തികേടാക്കുകയും ഓടകളിൽ ഇലകൾ അടിഞ്ഞുകൂടുകയും കീടങ്ങളെ ആകര്‍ഷിക്കുകയും ചെയ്യും.
മുള
മണ്ണിനടിയിലൂടെ ബഹുദൂരം പടർന്നുപന്തലിക്കുന്ന റൈസോമുകൾ (കിഴങ്ങുവേരുകൾ) വഴിയാണ് 'റണ്ണിംഗ് ബാംബൂ' ഇനത്തിൽപ്പെട്ട മുളകൾ വളരുന്നത്. കോൺക്രീറ്റ് തറകൾക്കും പാറ്റിയോകൾക്കും കെട്ടിടത്തിന്റെ അടിത്തറയ്ക്കുമടിയിലൂടെ വരെ ഇവ വൻതോതിൽ പടരാറുണ്ട്. ഒരിക്കൽ വളർന്നുപിടിച്ചാൽ ഇവയെ പൂർണമായി നശിപ്പിച്ചു കളയുക എന്നത് അതികഠിനമാണ്. ഇവ മണ്ണിന്റെ ഘടനയെ തകരാറിലാക്കാനും, കോൺക്രീറ്റ് നടപ്പാതകളിൽ വിള്ളലുണ്ടാക്കാനും, വീടിന്റെ തറയ്ക്കടിയിലൂടെ അനാവശ്യമായി വളർന്നുവരാനും കാരണമാകുന്നു. മാത്രമല്ല, ഇവയുടെ ഇടതൂർന്ന വേരുപടലങ്ങൾ തോട്ടങ്ങളുടെ ഭംഗിയെ ബാധിക്കുകയും മണ്ണിനടിയിലെ പൈപ്പുകൾക്കും കേബിളുകൾക്കും തടസം സൃഷ്ടിക്കുകയും ചെയ്യും.
യൂക്കാലിപ്റ്റസ്
വളരെ വേഗത്തിൽ വളരുകയും ഈർപ്പം തേടി ബഹുദൂരം പടരുകയും ചെയ്യുന്ന വേരുപടലമുള്ളവയാണ് ഭൂരിഭാഗം യൂക്കാലിപ്റ്റസ് മരങ്ങളും. എല്ലാ ഇനങ്ങളും ഒരുപോലെ അപകടകാരികളല്ലെങ്കിലും, വലിയ ഇനം യൂക്കാലിപ്റ്റസുകൾ ചുറ്റുമുള്ള മണ്ണിലെ ഈർപ്പം വൻതോതിൽ വലിച്ചെടുക്കാറുണ്ട്. കളിമൺ സാന്നിധ്യം കൂടുതലുള്ള പ്രദേശങ്ങളിൽ ഇത് മണ്ണ് ചുരുങ്ങിപ്പോകുന്നതിന് കാരണമാകുന്നു. വീടിനോട് വളരെ അടുത്ത് ഇവ നടുന്നത് കെട്ടിടത്തിന്റെ അടിത്തറയെ പരോക്ഷമായി ബാധിക്കാൻ ഇതിടയാക്കും.
കൂടാതെ, ഇവയുടെ തൊലി, ഇലകൾ, ചില്ലകൾ എന്നിവ നിരന്തരം പൊഴിയുന്നത് വീടിന് ചുറ്റും വൃത്തികേടാകാനും ഇടയാക്കും. അതിനാൽ, പ്രത്യേകിച്ച് കളിമണ്ണോ മറ്റ് തരം വ്യതിയാനങ്ങൾ സംഭവിക്കുന്ന മണ്ണോ ഉള്ള പ്രദേശങ്ങളിൽ, കൂടുതൽ ഈർപ്പം ആവശ്യമായ യൂക്കാലിപ്റ്റസ് മരങ്ങൾ വീടുകളിൽ നിന്ന് സുരക്ഷിതമായ അകലത്തിൽ മാത്രം നടാനാണ് വിദഗ്ധര്‍ നിർദേശിക്കുന്നത്.
സിൽവര്‍ മേപ്പിൾ
വളരെ വേഗത്തിൽ വളരുകയും വൻതോതിൽ പടർന്നുപന്തലിക്കുന്ന വേരുപടലങ്ങളുള്ളവയുമാണ് 'സിൽവർ മേപ്പിൾ' മരങ്ങൾ. മണ്ണിന്റെ ഉപരിതലത്തോട് ചേർന്നാണ് ഇവയുടെ വേരുകൾ വളരുന്നത്. അതിനാൽ ഇവ നടപ്പാതകൾ, ഡ്രൈവ്‌വേകൾ എന്നിവ പൊങ്ങിപ്പോകുന്നതിനും കെട്ടിടത്തിന്റെ അടിത്തറയ്ക്കും മണ്ണിനടിയിലെ പൈപ്പുകൾക്കും കടുത്ത നാശനഷ്ടങ്ങൾ വരുത്തുന്നതിനും കാരണമാകുന്നു. കൂടാതെ, ഇവയുടെ ഇലകളും ചെറിയ ചില്ലകളും കൊഴിഞ്ഞ് വീണ് വീടിന്റെ ഡ്രെയിനേജുകളിലും പാത്തികളിലും അടിഞ്ഞുകൂടാനും, ഇത് വഴി ചുമരുകൾക്ക് സമീപം ഈർപ്പം തങ്ങിനിന്ന് കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കാനും ഇടയാക്കും.
ബ്ലാക്ക് വാൽനട്ട്
കെട്ടിടത്തിന്റെ അടിത്തറ തകർക്കാനും നടപ്പാതകൾ പൊളിച്ചുയർത്താനും മണ്ണിനടിയിലെ പൈപ്പുകളും സെപ്റ്റിക് ലൈനുകളും തകരാറിലാക്കാനും ശേഷിയുള്ള ആഴത്തിലും വീതിയിലും പടരുന്ന വേരുപടലങ്ങളുള്ളവയാണ് 'ബ്ലാക്ക് വാൾനട്ട്' മരങ്ങൾ. ഇവ ഉത്പാദിപ്പിക്കുന്ന 'ജഗ്ളോൺ' (Juglone) എന്ന പ്രകൃതിദത്ത രാസവസ്തു കാരണം ഇതിന് ചുറ്റും മറ്റ് സസ്യങ്ങൾക്ക് വളരാൻ സാധിക്കാറില്ല. ഇത് തോട്ടങ്ങൾക്ക് വലിയ വെല്ലുവിളിയാണ്. ഇവയുടെ അപകടകാരികളായ വേരുകൾക്ക് പുറമെ, കടുപ്പമേറിയ വാൾനട്ടുകൾ വീണ് മേൽക്കൂരകൾക്കും കാറുകൾക്കും ഡ്രെയിനേജ് പാത്തികൾക്കും കേടുപാടുകൾ സംഭവിക്കാനും സാധ്യതയുണ്ട്. അതിനാൽ ബ്ലാക്ക് വാൾനട്ട് മരങ്ങൾ കെട്ടിടങ്ങളിൽ നിന്നും പരമാവധി അകലത്തിൽ മാത്രം നടുന്നതാണ് നല്ലത്.