പൂനെ: എംബിഎ ബിരുദം പൂര്‍ത്തിയാക്കിയാൽ സാധാരണയായി എന്താണ് ചെയ്യുക? ഭൂരിഭാഗം വിദ്യാർഥികളും കോർപറേറ്റ് ജോലികൾ, ബിസിനസ് സംരംഭങ്ങൾ അല്ലെങ്കിൽ മറ്റ് മികച്ച കരിയർ അവസരങ്ങളാണ് ലക്ഷ്യമിടുന്നത്. എന്നാൽ ചിലരുടെ വഴി തികച്ചും വ്യത്യസ്തമായ ദിശയിലേക്കായിരിക്കും നീങ്ങുന്നത്. 27-കാരിയായ പ്രണിത വാമൻ എന്ന യുവതിയെ എംബിഎ പഠനത്തിൽ നിന്ന് എത്തിച്ചത് ഹൈടെക് ക്യാപ്സിക്കം കൃഷിയിലേക്കാണ്.
ഫുഡ് പ്രോസസിങ് മേഖലയിലെ ഇന്റേൺഷിപ്പോടെയാണ് പ്രണിതയുടെ കാർഷിക യാത്ര ആരംഭിക്കുന്നത്. അവിടെവെച്ചാണ് ആധുനിക കൃഷിയുടെ അനന്തമായ സാധ്യതകളെക്കുറിച്ച് അവർ കൂടുതൽ മനസ്സിലാക്കുന്നത്. 2020-ൽ വെറും ഒരു ഏക്കറിലെ പോളിഹൗസ് കൃഷിയിലൂടെ തുടക്കമിട്ട പ്രണിതയുടെ സംരംഭം, ഇന്ന് 25 ഏക്കറിലേക്ക് വളർന്ന് പ്രതിവർഷം 4 കോടി രൂപ ടേൺഓവർ നേടുന്ന വൻ വിജയമായി മാറി.
മഹാരാഷ്ട്രയിലെ പൂനെ ജുന്നാർ താലൂക്കിലെ കൽവാഡി ഗ്രാമത്തിൽ നിന്നുള്ള പ്രണിത ഒരു കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. പിതാവ് അധ്യാപകനായിരുന്നെങ്കിലും വിആര്‍എസ് എടുത്ത് കൃഷിയിലേക്ക് തിരിയുകയായിരുന്നു. 2019 ൽ പൂനെയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ നിന്ന് അഗ്രിബിസിനസ് മാനേജ്‌മെന്റിൽ എംബിഎ പൂർത്തിയാക്കുന്നത്.
എന്തുകൊണ്ട് ക്യാപ്സിക്കം
മറ്റു പച്ചക്കറികളായ ലെറ്റൂസും ബ്രോക്കോളിയും പരിഗണിച്ച ശേഷം, നിരന്തരമായ വിപണി ആവശ്യകത കണക്കിലെടുത്താണ് പ്രണിത ക്യാപ്സിക്കം കൃഷി ചെയ്യാൻ തീരുമാനിച്ചത്.നഗരങ്ങളിലെ വിപണികളിലും ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും മറ്റ് ഭക്ഷ്യ സംരംഭങ്ങളിലുമാണ് ക്യാപ്സിക്കത്തിന് പ്രധാനമായും വൻ ഡിമാൻഡുള്ളത്. പ്രത്യേകിച്ച്, പച്ച ക്യാപ്സിക്കത്തേക്കാൾ ഉയർന്ന വിലയിലാണ് ചുവപ്പും മഞ്ഞയും ഇനങ്ങൾ വിറ്റഴിക്കപ്പെടുന്നത്. കൂടാതെ അന്താരാഷ്ട്ര തലത്തിലും ഇതിന് വലിയ വിപണിയുണ്ട്.
2020 മാർച്ച് മാസത്തിൽ, സർക്കാരിന്റെ 50% സബ്സിഡിയോടെ 20 ലക്ഷം രൂപ നിക്ഷേപിച്ചാണ് പ്രണിത 1 ഏക്കർ പോളിഹൗസിൽ ക്യാപ്സിക്കം കൃഷി ആരംഭിച്ചത്. 'കെ.വി.കെ ബാരമതി'യിൽ നിന്നാണ് 12,000 തൈകൾ ശേഖരിച്ചത്. ജൂൺ-ജൂലൈ മാസത്തോടെ വിളവെടുപ്പിന് പാകമായെങ്കിലും, ആദ്യത്തെ വിളവെടുപ്പ് സമയം കോവിഡ് ലോക്ഡൗൺ കാലത്തായത് സാരമായി ബാധിച്ചു. തുടക്കക്കാരി എന്ന നിലയിൽ ഉൽപന്നങ്ങൾ എങ്ങനെ വിൽക്കണമെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് പ്രണിത സമ്മതിക്കുന്നു.
ഓൺലൈനിൽ വ്യാപാരികളെ കണ്ടെത്തി വിപണി പിടിച്ചു
ഹോൾസെയിൽ പച്ചക്കറി വ്യാപാരികളെ കണ്ടെത്താൻ പ്രണിത ഓൺലൈനിൽ തിരച്ചിൽ ആരംഭിക്കുകയും നാസിക് മുതൽ മുംബൈ വരെയുള്ള കച്ചവടക്കാരുമായി ബന്ധപ്പെടുകയും ചെയ്തു. "ലോക്ക്ഡൗൺ സമയത്ത് പല കർഷകരും കൃഷി ഉപേക്ഷിച്ചതിനാൽ, അവസാനം എന്റെ ക്യാപ്സിക്കം വാങ്ങാൻ തയ്യാറുള്ള ഒരു വ്യാപാരിയെ എനിക്ക് കണ്ടെത്താനായി." പ്രണിത പറയുന്നു.
ആദ്യ വിളവെടുപ്പിൽ ചുവപ്പ്, മഞ്ഞ, പച്ച നിറങ്ങളിലുള്ള 40 ടൺ ക്യാപ്സിക്കം ലഭിച്ചു. കിലോയ്ക്ക് 80 രൂപ നിരക്കിൽ വിറ്റഴിച്ചതോടെ ആദ്യ വർഷം തന്നെ 32 ലക്ഷം രൂപയുടെ ടേൺഓവർ നേടി. ആദ്യ നിക്ഷേപമായ 20 ലക്ഷം രൂപ വീണ്ടെടുത്ത ശേഷം, 2021-ഓടെ പ്രണിത തന്റെ കൃഷി 25 ഏക്കറിലേക്ക് വ്യാപിപ്പിച്ചു. ഇതിൽ 6 ഏക്കർ പോളിഹൗസിലും 19 ഏക്കർ ഷേഡ് നെറ്റുകളിലുമാണ് കൃഷി ചെയ്യുന്നത്.
പോളിഹൗസ് കൃഷിയിൽ പ്രതിവർഷം ഏക്കറിന് 30–32 ടൺ വിളവ് ലഭിക്കുമ്പോൾ ഷേഡ് നെറ്റുകളിൽ 22–24 ടണ്ണാണ് ഉത്പാദനം. പോളിഹൗസിൽ നിന്ന് ഏക്കറിന് 30 ലക്ഷം രൂപ ടേൺഓവറും 8–10 ലക്ഷം രൂപ ചെലവും വരും. 25 ഏക്കറിൽ നിന്നായി പ്രതിവർഷം 4 കോടി രൂപ ടേൺഓവറും ഏകദേശം 2.25 കോടി രൂപ അറ്റാദായവും അവർ നേടുന്നു.
പെട്ടെന്ന് കേടുവരുന്ന വിളയായതിനാൽ യഥാസമയം വിറ്റഴിക്കുക എന്നത് പ്രധാനമാണ്. ജയ്പൂർ, നാസിക്, ദാദർ തുടങ്ങിയ വിപണികളിലെ മൊത്തക്കച്ചവടക്കാർക്ക് നേരിട്ടാണ് പ്രണിത ഉൽപ്പന്നങ്ങൾ എത്തിക്കുന്നത്. അഡ്വാൻസ് ഓർഡറുകൾ സ്വീകരിച്ചും രാവിലത്തെ വിപണി വില ഉറപ്പിച്ചുമാണ് വിൽപ്പന. കൃഷി ആരംഭിക്കുന്നതിന് മുമ്പ് തന്നെ മികച്ചൊരു വിൽപ്പന ശൃംഖല കെട്ടിപ്പടുക്കാൻ കർഷകരെ ഉപദേശിക്കുന്ന പ്രണിത, ഹൈടെക് കൃഷിയെക്കുറിച്ച് സൗജന്യ മാർഗനിർദേശവും നൽകുന്നുണ്ട്. വെറും 1 ഏക്കറിൽ തുടങ്ങിയ ക്യാപ്സിക്കം കൃഷി ഇന്ന് പോളിഹൗസുകളും ഷേഡ് നെറ്റുകളും അടങ്ങുന്ന 25 ഏക്കറിലെ വൻകിട സംരംഭമായി മാറി.