ഫ്രഷായ ബ്ലൂബെറി പഴങ്ങൾ നിങ്ങളുടെ ബാൽക്കണിയിൽ നിന്ന് കിട്ടിയാലോ..മനസ് നിറയ്ക്കുന്ന ഒരു അനുഭവമായിരിക്കുമല്ലേ. ചട്ടികളിൽ എളുപ്പത്തിൽ വളർത്താം എന്നതിനാൽ ബാൽക്കണിയിൽ കൃഷി ചെയ്യുന്നവർക്കും തുടക്കക്കാർക്കും ബ്ലൂബെറി മികച്ചൊരു ഓപ്ഷനാണ്. ബാൽക്കണിയിൽ ബ്ലൂബെറി വളർത്തുന്നത് പ്രകൃതിയോട് കൂടുതൽ അടുക്കാനും വീട്ടിൽ തന്നെ വളർത്തിയെടുത്ത ഫ്രഷ് പഴങ്ങളുടെ സ്വാദ് ആസ്വദിക്കാനുമുള്ള മികച്ചൊരു മാര്‍ഗമാണ്.
നല്ല വിളവെടുപ്പിനായി, നിങ്ങളുടെ പ്രദേശത്തെ കാലാവസ്ഥയ്ക്കും ചട്ടികളിൽ വളർത്താനും അനുയോജ്യമായ ബ്ലൂബെറി ഇനം തെരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. അമ്ലഗുണമുള്ള മണ്ണ്, സൂര്യപ്രകാശം, ഇടയ്ക്കിടെയുള്ള നന എന്നിവ ഉറപ്പാക്കിയാൽ ബ്ലൂബെറി ചെടികൾ സമൃദ്ധമായി വളരും. കൃത്യമായ പരിചരണവും വളപ്രയോഗവും കട്ടിംഗും നൽകിയാൽ ഏത് സീസണിലും ബാൽക്കണിയിൽ ഈ പഴം കൃഷി ചെയ്തെടുക്കാം.
ചട്ടിയിൽ വളരുന്ന ടോപ്പ് ഹാറ്റ്, ജെല്ലി ബീൻ അല്ലെങ്കിൽ സൺഷൈൻ ബ്ലൂ പോലുള്ള കുള്ളൻ അല്ലെങ്കിൽ കണ്ടെയ്നർ-സൗഹൃദ ബ്ലൂബെറി ഇനങ്ങൾ തെരഞ്ഞെടുക്കുക. നല്ല നീർവാർച്ചയുള്ള, കുറഞ്ഞത് 12-16 ഇഞ്ച് ആഴമുള്ള ഒരു പാത്രം എടുക്കുക. ബ്ലൂബെറികൾക്ക് ആഴം കുറഞ്ഞ വേരുകളാണെങ്കിലും വളരാൻ സ്ഥലവും പോഷകങ്ങളും ആവശ്യമാണ്. 4.5-5.5 pH ഉള്ള അമ്ലത്വമുള്ള മണ്ണിൽ ബ്ലൂബെറി നന്നായി വളരും.
ദിവസവും 6-8 മണിക്കൂർ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നിടത്ത് ചെടികൾ വയ്ക്കുക. സാധാരണയായി, തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് അഭിമുഖമായുള്ള ബാൽക്കണികളാണ് ഏറ്റവും അനുയോജ്യം. ചട്ടികളിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. അതുകൊണ്ട് തന്നെ ദ്വാരമുള്ള ചട്ടികൾ തെരഞ്ഞെടുക്കുക.
മണ്ണ് എപ്പോഴും ഈർപ്പമുള്ളതായി നിലനിർത്തുക, പക്ഷേ നനവുള്ളതായിരിക്കരുത്. വളർച്ചാ കാലയളവിൽ കുറഞ്ഞത് 4-6 ആഴ്ച കൂടുമ്പോൾ കുറഞ്ഞ അളവിൽ ചെടികൾക്ക് വളം നൽകുക. ശീതകാലത്തിന്റെ അവസാനത്തിലോ വസന്തകാലത്തിന്റെ തുടക്കത്തിലോ ഉണങ്ങിയതും ദുർബലവുമായ ശാഖകൾ വെട്ടിമാറ്റുക.
പക്ഷികൾക്ക് ബ്ലൂബെറി ഏറെ ഇഷ്ടമാണ്. അതിനാൽ അവയെ സംരക്ഷിക്കേണ്ടത് പ്രധാനമാണ്. വിളകൾ സംരക്ഷിക്കാൻ വലകളോ മെഷ് കവറുകളോ ഉപയോഗിക്കുക. കൂടാതെ മുഞ്ഞ , ചിലന്തിച്ചെള്ള് തുടങ്ങിയ സാധാരണ കീടങ്ങളുടെ ആക്രമത്തിൽ നിന്നും ചെടിയെ സംരക്ഷിക്കുക. കാര്യമായ രീതിയിൽ വിളവെടുപ്പ് ലഭിക്കാൻ ബ്ലൂബെറി ചെടികൾക്ക് 2-3 വർഷം വരെ എടുത്തേക്കാം. കൃത്യമായ പരിചരണവും ശരിയായ കട്ടിംഗും മണ്ണിന്റെ അമ്ലഗുണവും നിലനിർത്തുന്നത് കാലക്രമേണ മികച്ച രീതിയിൽ നല്ല ജ്യൂസിയായ ബെറികൾ നൽകും.