കറിവേപ്പില വാടാതെ തഴച്ച് വളരും; ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി
ആവശ്യത്തിന് സൂര്യപ്രകാശം കിട്ടാത്തതും തെറ്റായ രീതിയിൽ നനയ്ക്കുന്നതും മണ്ണിന്റെ ഗുണനിലവാരം കുറയുന്നതുമെല്ലാം തൈകൾ വാടുന്നതിന് കാരണമാകാം
ഏത് ഭക്ഷ്യ വിഭവങ്ങളും അയിക്കോട്ടെ കറിവേപ്പില ഇട്ടില്ലെങ്കിൽ വിഭവം പൂർണമാകില്ലെന്ന് ചിന്തിക്കുന്നവരാണ് മലയാളികൾ. കറിവേപ്പില ഇല്ലാത്തൊരു അടുക്കളയും നമ്മൾക്ക് സങ്കൽപ്പിക്കാൻ സാധിക്കില്ല. എന്നാൽ, പലരുടേയും പ്രശ്നമാണ് എത്രയൊക്കെ കറിവേപ്പില തൈകൾ നട്ടാലും വളർന്നു വരാതെ വാടി പോകുന്നത്. വലിയ പച്ചക്കറി തോട്ടങ്ങൾ പരിപാലിക്കുന്നവർ പോലും ഈ പ്രശ്നങ്ങൾ നേരിടുന്നുണ്ട്.
ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാത്തതും തെറ്റായ രീതിയിൽ നനയ്ക്കുന്നതും മണ്ണിന്റെ ഗുണനിലവാരം കുറയുന്നതും കൂടുതൽ വെയിലേൽക്കുന്നതുമെല്ലാം കറിവേപ്പില വളരാതിരിക്കാൻ കാരണമാകാറുണ്ട്. ഇവ സമൃദ്ധമായി വളരണമെങ്കിൽ പ്രത്യേക കെയർ തന്നെ ആവശ്യമുണ്ട്. കറിവേപ്പില തഴച്ച് വളരാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.
1. സൂര്യപ്രകാശം കിട്ടുന്നിടത്ത് തൈകൾ നടുക
വെളിച്ചം കുറയുന്നതാണ് ചെടികൾ നേരിടുന്ന പ്രധാന പ്രശ്നം. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്നിടത്ത് ഇവ നടാൻ ശ്രദ്ധിക്കണം. വീടിനുള്ളിലോ വെളിച്ചം കുറഞ്ഞ ബാൽക്കണിയിലോ വെച്ചാൽ ആവശ്യമായ ഊർജ്ജം ലഭിക്കില്ല. സൂര്യപ്രകാശം കിട്ടാതെ പ്രകാശസംശ്ലേഷണം കുറയുന്നത് കൊണ്ടാണ് ഇലകൾ വളരാതെയിരിക്കുന്നത്. പലപ്പോഴും ഇലകളിൽ മഞ്ഞ നിറം കാണുന്നതിന് കാരണം ഇതാണ്. ഇനി ഇല കിട്ടിയാൽ തന്നെ രുചിയും ഉണ്ടാകില്ല. വീടിനുള്ളിലാണ് വെക്കുന്നതെങ്കിൽ, തെക്കുഭാഗത്തേക്ക് തിരിഞ്ഞ ജനാലയ്ക്കരികിൽ വെക്കുന്നത് വളർച്ചയെ സഹായിക്കും.
2. ശരിയായ രീതിയിൽ നനയ്ക്കുക
പലരും തഴച്ച് വളരുന്നതിനായി കൂടുതൽ വെള്ളം ഒഴിക്കാറുണ്ട്. ഇത് തൈ വാടി പോകാൻ കാരണമാകും. കാരണം കറിവേപ്പിലയ്ക്ക് ഈർപ്പം നിറഞ്ഞ മണ്ണ് വളർച്ചയ്ക്ക് യോഗ്യമല്ല. അമിതമായി നനയ്ക്കുന്നത് വേരുകൾ ചീഞ്ഞുപോകാൻ കാരണമാകും. തുടർന്ന് ചെടി വാടുകയോ മഞ്ഞനിറമാവുകയോ ഒടുവിൽ ചത്തുപോകുകയോ ചെയ്യാം. തൈകൾ കുഴിച്ചിടുമ്പോൾ മണ്ണിന്റെ ഈർപ്പം കൂടി നോക്കണം. ഒരടി അല്ലെങ്കിൽ രണ്ട് ഇഞ്ച് ആഴത്തിൽ വിരൽ ഇറക്കി നോക്കി നടാൻ ശ്രദ്ധിക്കണം. വെള്ളം കൂടുതലുള്ളത് പോലെ കുറയുന്നതും പ്രശ്നമാണ്. ഈ കാര്യവും ശ്രദ്ധിക്കണം.
3. ശരിയായ മണ്ണ് തിരഞ്ഞെടുക്കുക
മണ്ണാണ് ഏതൊരു ചെടിയുടേയും അടിത്തറ. മണ്ണിന്റെ പോഷക ഗുണങ്ങൾ നഷ്ടമായാൽ ഒരു ചെടിയും വളരില്ല. തണ്ടുകൾ മെലിഞ്ഞിരിക്കുന്നതും വളർച്ച മുരടിക്കുന്നതും മഞ്ഞ ഇലകൾ കാണുന്നതും നൈട്രജന്റെ കുറവുകൊണ്ടാകാം. ഇതുവഴിയാണ് വേരുകൾ കരിഞ്ഞ് പോകുന്നത്. തടയാൻ പച്ചയായ വളം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
൪. ഇടയ്ക്കിടെ കൊമ്പുകളും ഇലകളും വെട്ടികൊടുക്കാം (പ്രൂണിങ്)
പലരും തൈകൾ കുഴിച്ചിട്ടാൽ അവയെ ശരിയായ രീതിയിൽ പരിപാലിക്കാറില്ല. ചെടികൾ പടർന്നു പന്തലിച്ചു വളരാനും കൂടുതൽ ഇലകൾ ഉണ്ടാകാനും പ്രൂണിങ് വളരെ പ്രധാനമാണ്. പ്രൂണിങ് ചെയ്തില്ലെങ്കിൽ ചെടി ഒറ്റത്തണ്ടായി നീണ്ട് വളരുകയും ഇലകൾ കുറവാകാനും സാധ്യതയുണ്ട്. പ്രൂണിങ് ചെയ്യുമ്പോൾ ഒരു ഇലയ്ക്ക് തൊട്ടുമുകളിൽ മുറിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.