'പുള്ളി അഭിനയിക്കില്ല, മതേതരത്വം തകര്‍ന്നാലോ?'; തന്‍റെ സിനിമയില്‍ സുരേഷ് ഗോപി അഭിനയിക്കില്ലെന്ന് പറഞ്ഞതായി അലി അക്ബര്‍

വയനാട്ടില്‍ വെച്ച് നടന്ന സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ നടന്‍മാരായ ജോയ് മാത്യൂവും തലൈവാസല്‍ വിജയ്‍യും ഭാഗമായിരുന്നു

Update: 2021-03-18 16:21 GMT

'1921 പുഴ മുതല്‍ പുഴ വരെ' എന്ന തന്‍റെ സിനിമയില്‍ ബിജെപി എം.പിയും ചലച്ചിത്ര നടനുമായ സുരേഷ് ഗോപി അഭിനയിക്കില്ലെന്ന് പറഞ്ഞതായി സംവിധായകന്‍ അലി അക്ബര്‍. 'ഒരു സീനിലെങ്കിലും സുരേഷ് ഗോപി ചേട്ടനെ കൊണ്ടു വരണം ഇക്കാ' എന്ന കമന്‍റിന് മറുപടി പറയവെയാണ് സുരേഷ് ഗോപി അഭിനയിക്കാന്‍ വിസ്സമ്മതിച്ച കാര്യം അലി അക്ബര്‍ തുറന്നുപറഞ്ഞത്. 'പുള്ളി അഭിനയിക്കില്ല മതേതരത്വം തകര്‍ന്നാലോ?'എന്ന് പരിഹാസ പ്രതികരണമാണ് അലി അക്ബര്‍ മറുപടിയായി നല്‍കിയത്. അദ്ദേഹം ശരിക്കും 'നോ' പറഞ്ഞോ എന്ന അടുത്ത ചോദ്യത്തിന് 'അതെ' എന്നാണ് അലി അക്ബര്‍ പ്രതികരിച്ചത്.

Advertising
Advertising

വയനാട്ടില്‍ വെച്ച് നടന്ന സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ നടന്‍മാരായ ജോയ് മാത്യൂവും തലൈവാസല്‍ വിജയ്‍യും ഭാഗമായിരുന്നു. നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. മൂന്ന് ഷെഡ്യൂളുകളായിട്ടാണ് ചിത്രത്തിന്‍റെ ചിത്രീകരണം.

സിനിമയുടെ ചിത്രീകരണത്തിനായി വീട്ടുമുറ്റത്ത് 900 സ്‌ക്വയര്‍ ഫീറ്റ് ഷൂട്ടിംഗ് ഫ്ലോറാണ് അലി അക്ബര്‍ ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ ഉപയോഗിക്കുന്ന ഖുക്രിയുടെ ചിത്രവും അലി അക്ബര്‍ പങ്കുവെച്ചിരുന്നു. 80 ഓളം ഖുക്രി കത്തികള്‍ കൈയ്യിലുണ്ടെന്നും കത്തി ഡിസൈന്‍ ചെയ്തത് താനാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ നിര്‍മാണം നിര്‍വ്വഹിക്കുന്ന അലി അക്ബറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച മമധര്‍മ്മക്ക് ഒരു കോടിക്ക് മുകളില്‍ രൂപയാണ് ഇത് വരെ നിര്‍മാണത്തിനായി ലഭിച്ചത്. സിനിമക്ക് ആവശ്യമായ ധനസമാഹരണം വേണ്ട വിധത്തിൽ നടന്നിട്ടില്ലെന്ന് അലി അക്ബര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. ചെറിയ തുകയാണ് മമ ധര്‍മ്മയിലേക്ക് കൂടുതലും വന്നിരിക്കുന്നതെന്നും ഇനിയും സിനിമക്ക് വേണ്ടി ഭിക്ഷയാചിക്കാന്‍ തയ്യാറാണെന്നും അലി അക്ബര്‍ പറയുന്നു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന 'വാരിയംകുന്നന്‍' എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി സിനിമ ഒരുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

Tags:    

Similar News