ട്രംപിന്‍റെ നെഞ്ചുലച്ച് ന്യൂനപക്ഷ മുന്നേറ്റം; ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപ് വിരുദ്ധ തരംഗം, സെനറ്റിലും ജനപ്രതിനിധിസഭയിലും ജയിച്ചുകയറി ഡെമോക്രാറ്റുകൾ

മിഷിഗൺ സ്റ്റേറ്റിൽ നിന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിച്ച അബ്ദുൽ എൽ-സഈദ് യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്‌ലിം വംശജനായി ചരിത്രം സൃഷ്ടിച്ചതാണ് ശ്രദ്ധേയമായ ഫലങ്ങളിലൊന്ന്

Update: 2026-11-04 16:31 GMT

2026ലെ യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ, അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായങ്ങൾ കുറിക്കപ്പെടുകയാണ്. പ്രസിഡന്റ് ഡോണൾട് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഡെമോക്രാറ്റിക് പാർട്ടി കോൺഗ്രസിൽ നിർണായക വിജയങ്ങൾ നേടിയിരിക്കുന്നു. കേവലമൊരു തെരഞ്ഞെടുപ്പ് വിജയത്തിനപ്പുറം, അമേരിക്കൻ ജനാധിപത്യത്തിന്റെ ബഹുസ്വരത വിളിച്ചോതുന്ന ചരിത്രപരമായ നിരവധി നിമിഷങ്ങൾക്കാണ് ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ മുസ്‌ലിം സെനറ്റർ എന്ന ചരിത്രനേട്ടത്തോടെ അബ്ദുൽ എൽ-സഈദ് നടത്തിയ മുന്നേറ്റവും, മിനസോട്ടയിൽ നിന്ന് ഇൽഹാൻ ഒമർ നേടിയ തിളക്കമാർന്ന വിജയവും, തദ്ദേശീയ വംശജയായ വനിത ഗവർണർ പദവിയിലെത്തിയതും അമേരിക്കൻ രാഷ്ട്രീയ ഭൂമികയിലെ സാമൂഹിക മാറ്റത്തിന്റെ വ്യക്തമായ സൂചനകളാണ്.

Advertising
Advertising

ചരിത്രം കുറിച്ച് മുസ്‌ലിം, ന്യൂനപക്ഷ പ്രാതിനിധ്യം

അബ്ദുൽ അൽ സഈദ്

ഈ ഇടക്കാല തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായം അമേരിക്കൻ നിയമനിർമാണ സഭകളിലേക്ക് ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് ഉയർന്നുവന്ന ചരിത്രപരമായ പ്രതിനിധിത്യമാണ്. മിഷിഗൺ സ്റ്റേറ്റിൽ നിന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിച്ച അബ്ദുൽ എൽ-സഈദ് യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്‌ലിം വംശജനായി ചരിത്രം സൃഷ്ടിച്ചതാണ് ശ്രദ്ധേയമായ ഫലങ്ങളിലൊന്ന്. 52.5% വോട്ടുകൾ നേടിയാണ് അദ്ദേഹം റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ മൈക്ക് റോജേഴ്സിനെ പരാജയപ്പെടുത്തിയത്.

വിജയത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് എൽ-സഈദ് നടത്തിയ വൈകാരികമായ പ്രസംഗം ആഗോളതലത്തിൽ തന്നെയും വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. 'നമ്മുടെ പ്രതീക്ഷകളും പ്രാർഥനകളും ഇൻഷാ അല്ലാഹ് എന്നതിൽ നിന്ന് അൽഹംദുലില്ലാഹിലേക്ക് എത്തുന്ന നിമിഷമാണിത്' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ആരോഗ്യ വിദഗ്ദ്ധനും പൊതുപ്രവർത്തകനുമായ എൽ-സഈദ്, സാധാരണക്കാരുടെ സാമ്പത്തിക നീതി, സാർവത്രിക ആരോഗ്യം, ന്യൂനപക്ഷ അവകാശങ്ങൾ എന്നിവ മുൻനിർത്തിയാണ് പ്രചാരണം നടത്തിയിരുന്നത്.

അമേരിക്കൻ ഇസ്രായേൽ പബ്ലിക് അഫയേഴ്സ് കമ്മിറ്റി ഉൾപ്പെടെയുള്ള പ്രോ-ഇസ്രായേൽ ഗ്രൂപ്പുകൾ നടത്തിയ വമ്പൻ പ്രചാരണങ്ങളെയും പണക്കൊഴുപ്പിനേയും അതിജീവിച്ചാണ് അൽ സഈദ് വിജയിക്കുന്നത്. പ്രചാരണവേളയിൽ തന്‍റെ വിശ്വാസത്തെ കുറിച്ചുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾ യുഎസ് പ്രസിഡന്‍റ് ട്രംപിൽ നിന്നുവരെ അദ്ദേഹത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്. സഈദ് അമേരിക്കയിൽ ശരീഅത്ത് നിയമം നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നും രാജ്യത്തോട് കൂറില്ലാത്തയാളാണെന്നുമായിരുന്നു ട്രംപിന്‍റെ ആരോപണം. ഗസ്സയിൽ ഇസ്രായേൽ നടത്തിവരുന്ന വംശഹത്യക്കെതിരെ തുറന്നടിക്കുന്ന അൽ സഈദ്, തന്‍റെ ശക്തമായ നിലപാടുകളുടെ പേരിൽ രണ്ടാം മംദാനിയെന്ന പേരിലും അറിയപ്പെടുന്നുണ്ട്.

ഇൽഹാൻ ഒമർ

മിനസോട്ടയിൽ നിന്ന് യുഎസ് ജനപ്രതിനിധി സഭയിലേക്ക് മത്സരിച്ച ഇൽഹാൻ ഒമർ വീണ്ടും വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടതും ശ്രദ്ധേയമായ വൻ വിജയങ്ങളിലൊന്നാണ്. ട്രംപ് ഭരണകൂടത്തിന്റെ വർഗീയ-വലതുപക്ഷ നയങ്ങൾക്കെതിരെയും കുടിയേറ്റ വിരുദ്ധ നിലപാടുകൾക്കെതിരെയും സഭക്കകത്തും പുറത്തും നിരന്തരം ശബ്ദമുയർത്തിയ ഇൽഹാൻ ഒമറിന്റെ വിജയം, പ്രോഗ്രസീവ് രാഷ്ട്രീയത്തിനുള്ള പിന്തുണ വ്യക്തമാക്കുന്നതാണ്. സോമാലിയൻ അഭയാർത്ഥിയായി അമേരിക്കയിലെത്തി യുഎസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുസ്ലിം വനിതകളിൽ ഒരാളായിരുന്നു ഇൽഹാൻ ഒമർ. ഒമറിന്‍റെ ഈ വിജയം വരുംദിവസങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് മിനസോട്ടയിൽ ശക്തമായ അടിത്തറ നൽകും.

കഴിഞ്ഞ ഒക്ടോബറിൽ ഇൽഹാൻ ഒമറിന്‍റെ വാഷിങ്ടണിലെ വസതിയിൽ ഫെഡറൽ ഏജൻസികൾ പരിശോധന നടത്തിയിരുന്നു. അവരുടെ പൗരത്വവുമായി ബന്ധപ്പെട്ട പഴയകാല ഇമിഗ്രേഷൻ രേഖകളെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായിരുന്നു ഇത്. എന്നാൽ, ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ വിമർശിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ള ഭരണകൂടത്തിന്‍റെ ഈ നീക്കം അമേരിക്കൻ ജനാധിപത്യത്തിന് ഭീഷണിയാണെന്നായിരുന്നു മുൻ പ്രസിഡന്‍റ് ഒബാമയുടെ പ്രതികരണം.

റാഷിദ തലീബ്

മിഷിഗൺ 12-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിച്ച് ഡെമോക്രാറ്റിക് സ്ഥാനാർഥിയും ഫലസ്തീൻ വംശജയുമായ റാഷിദ തലീബും യുഎസ് ജനപ്രതിനിധി സഭയിലേക്ക് ജയിച്ചുകയറുകയുണ്ടായി. ഇത് അഞ്ചാം തവണയാണ് ഇവർ സഭയിലേക്ക് ജയിച്ചുകയറുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ജെയിംസ് ഡി.ഹൂപ്പറെയാണ് റാഷിദ പരാജയപ്പെടുത്തിയത്.

യുഎസ് ജനപ്രതിനിധി സഭയിൽ അംഗമായ ആദ്യത്തെ ഫലസ്തീൻ വംശജയാണ് റാഷിദ. 2019 മുതൽ മിഷിഗണിലെ 12-ാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിനെ പ്രതിനിധീകരിക്കുന്ന റാഷിദ അമേരിക്കൻ കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ രണ്ട് മുസ്ലിം വനിതകളിലൊരാളാണ്. മിനസോട്ടയിലെ അഞ്ചാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽ നിന്ന് ഡെമോക്രാറ്റിക് പ്രതിനിധിയായി മത്സരിച്ച് വിജയിച്ച ഇൽഹാൻ ഒമറാണ് മറ്റൊരു വനിത. ഫലസ്തീൻ ജനതയ്ക്ക് വേണ്ടിയും ഗസ്സ യുദ്ധത്തിനെതിരെയും ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് റാഷിദ തലീബ്.

ഡോ. ആമി ആക്ടൺ

കോവിഡ് പ്രതിസന്ധിക്കാലത്ത് ഒഹായോയുടെ ഹെൽത്ത് ഡയറക്ടറായി സേവനമനുഷ്ഠിച്ച് ജനശ്രദ്ധ നേടിയ പ്രശസ്ത ഡോക്ടറും ആരോഗ്യ വിദഗ്ദ്ധയുമാണ് ആമി ആക്ടൺ. ട്രംപിന്റെ ഉറച്ച പിന്തുണയോടെ മത്സരിച്ച ഇന്ത്യൻ വംശജനായ റിപ്പബ്ലിക്കൻ സ്ഥാനാർഥി വിവേക് രാമസ്വാമിയെയാണ് ആമി ആക്ടൺ പരാജയപ്പെടുത്തിയത്. നീണ്ട 16 വർഷങ്ങൾക്ക് ശേഷമാണ് ഒഹായോയിൽ ഒരു ഡെമോക്രാറ്റ് ഗവർണർ പദവിയിലെത്തുന്നത്. കൂടാതെ, ഒഹായോയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഗവർണർ എന്ന നേട്ടവും അവർ സ്വന്തമാക്കി.

ഷെറോഡ് ബ്രൗൺ

ഒഹായോയിൽ നിന്നുള്ള മുതിർന്ന ഡെമോക്രാറ്റിക് നേതാവാണ് ഷെറോഡ് ബ്രൗൺ. റിപ്പബ്ലിക്കൻ സെനറ്ററായ ജോൺ ഹസ്റ്റഡിനെ പരാജയപ്പെടുത്തി ഷെറോഡ് ബ്രൗൺ യുഎസ് സെനറ്റിലേക്ക് തിരിച്ചെത്തി. മുൻപ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിനും അനുകൂലമായി നിന്ന ഒഹായോയിൽ ഒരു ഡെമോക്രാറ്റ് സെനറ്റർ തിരിച്ചുവരവ് നടത്തിയത് വലിയ രാഷ്ട്രീയ അട്ടിമറിയായാണ് വിലയിരുത്തപ്പെടുന്നത്.

മാർസി കപ്തൂർ

ഒഹായോ 9-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നുള്ള പരിചയസമ്പന്നയായ ഡെമോക്രാറ്റ് പ്രതിനിധി. കടുത്ത മത്സരത്തിനൊടുവിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ തോൽപ്പിച്ച് സ്വന്തം സീറ്റ് നിലനിർത്തി.

ഡൊണാൾഡ് ലെനേഡ്

ഒഹായോ 15-ാം ഡിസ്ട്രിക്റ്റിൽ നിന്ന് മത്സരിച്ച ഡെമോക്രാറ്റിക് സ്ഥാനാർഥി. റിപ്പബ്ലിക്കൻ പാർട്ടിയുടെ പക്കലായിരുന്ന സീറ്റ് പിടിച്ചെടുത്ത് ഡെമോക്രാറ്റുകൾക്കായി അട്ടിമറി വിജയം നേടി. ഇവരെ കൂടാതെ മറ്റനേകം ഡെമോക്രാറ്റിക് സ്ഥാനാർഥികളും ഇത്തവണത്തെ മിഡ്ടേം തെരഞ്ഞെടുപ്പിൽ ജയിച്ചുകയറിയിട്ടുണ്ട്.

ട്രംപിന്റെ രാഷ്ട്രീയ തിരിച്ചടിയും പ്രചാരണ വിഷയങ്ങളും

ഡോണൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലയളവിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ ആഘാതമാണ് ഈ മിഡ്‌ടേം ഫലങ്ങളെന്നാണ് കണക്കുകൾ പറയുന്നത്. ആഭ്യന്തര വിപണിയിലെ തകർച്ചയും ജീവിതച്ചെലവ് വർധിച്ചതും സാധാരണക്കാരെ ട്രംപ് ഭരണകൂടത്തിന് എതിരാക്കി. കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകളും വംശീയമായ ധ്രുവീകരണ ശ്രമങ്ങളും ചെറുപ്പക്കാരിലും ന്യൂനപക്ഷ വിഭാഗങ്ങളിലും വലിയ പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയായിരുന്നു. പ്രത്യേകിച്ച് പശ്ചിമേഷ്യൻ മേഖലയിലെ ട്രംപിന്റെ ഇടപെടലുകൾ രാജ്യത്തിനകത്ത് വലിയ എതിർപ്പിന് കാരണമാകുകയും ചെയ്തിട്ടുണ്ട്.

ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ഡോണാൾഡ് ട്രംപ് പരാജയം തള്ളിക്കളഞ്ഞില്ലെങ്കിലും, വിദേശനയങ്ങളിലെ തിരിച്ചടി തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് സമ്മതിച്ചു. 'ഇറാൻ യുദ്ധം തിരിച്ചടിയായി" എന്ന് ട്രംപ് പരസ്യമായി പ്രസ്താവിച്ചത് അമേരിക്കൻ വിദേശനയം ആഭ്യന്തര രാഷ്ട്രീയത്തിൽ ഉണ്ടാക്കിയ വലിയ സ്വാധീനമാണ് വ്യക്തമാക്കുന്നത്. ഇറാനുമായുള്ള സൈനിക സംഘർഷവും അതിലേക്ക് അമേരിക്കൻ നികുതിപ്പണം ഒഴുക്കുന്നതും വോട്ടർമാരെ കടുത്ത നിരാശയിലാക്കി. വിദേശ യുദ്ധങ്ങൾ കാരണം ഉണ്ടാകുന്ന ഇന്ധനവില വർദ്ധനവും സാമ്പത്തിക ഭാരവും സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിച്ചപ്പോൾ, അത് ഭരണപക്ഷത്തിനെതിരെയുള്ള വോട്ടുകളായി മാറുകയായിരുന്നു.

അമേരിക്കയിൽ ഇനി എന്ത്?

ഈ തെരഞ്ഞെടുപ്പ് ഫലം ട്രംപ് ഭരണകൂടത്തിന്റെ ശേഷിക്കുന്ന രണ്ടു വർഷത്തെ പ്രവർത്തനങ്ങളെയും വരാനിരിക്കുന്ന 2028-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെയും സങ്കീർണ്ണമാക്കുമെന്ന കാര്യത്തിൽ സംശയമില്ല. കോൺഗ്രസിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിച്ചതോടെ, വിവാദപരമായ നിയമങ്ങൾ പാസാക്കാൻ ട്രംപിന് ഇനി എളുപ്പമാകില്ല. ട്രംപ് ഭരണകൂടത്തിനെതിരെയുള്ള വിവിധ ആരോപണങ്ങളിലും വിദേശനയ തീരുമാനങ്ങളിലും കോൺഗ്രസ് തല അന്വേഷണങ്ങൾ ശക്തമാകാൻ സാധ്യതയുണ്ട്.

100 സീറ്റുകളുള്ള യുഎസ് സെനറ്റിൽ നിലവിൽ ഡെമോക്രാറ്റിക് പാർട്ടി 54 സീറ്റുകളും, റിപ്പബ്ലിക്കൻ പാർട്ടി 44 സീറ്റുകളും നേടിയിട്ടുണ്ട്. 435 ജനപ്രതിനിധി സഭകളിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് 228 സീറ്റും റിപ്പബ്ലിക്കൻ പാർട്ടിക്ക് 139 സീറ്റുകളുമാണുള്ളത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Similar News