വാഷിങ്ടൺ: അമേരിക്കയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും സംഘടനയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്തുന്നതിനുമായി ആർഎസ്എസ് അനുകൂല കൂട്ടായ്മ യുഎസ് നീതിന്യായ വകുപ്പിൽ 'വിദേശ ഏജന്റായി' രജിസ്റ്റർ ചെയ്തു. 'ആർഎസ്എസ് ഫ്രൻഡ്‌സ്' എന്ന പേരിലുള്ള സംഘടനയാണ് യുഎസിലെ ഫോറിൻ ഏജന്റ്‌സ് രജിസ്‌ട്രേഷൻ ആക്ട് പ്രകാരം ആഗസ്റ്റ് 27-ന് ഔദ്യോഗികമായി രജിസ്‌ട്രേഷൻ പൂർത്തിയാക്കിയത്. ജോർജിയയിലെ വിലാസത്തിലാണ് ആർഎസ്എസ് ഫ്രൻഡ്‌സ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആർഎസ്എസിനെക്കുറിച്ച് തെറ്റായതോ അപൂർണമായതോ ആയ വിവരങ്ങൾ തിരുത്തുകയും അതിന് മറുപടി നൽകുകയും ചെയ്യുക എന്നതാണ് തങ്ങളുടെ പ്രധാന പ്രവർത്തനങ്ങളിലൊന്നായി സംഘടന ചൂണ്ടിക്കാട്ടുന്നത്. വിദ്യാഭ്യാസം, പബ്ലിക് റിലേഷൻസ്, കമ്യൂണിറ്റി ഇടപെടലുകൾ, വിവരങ്ങൾ പങ്കുവെക്കൽ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളെന്നും സംഘടന വ്യക്തമാക്കുന്നു.
പ്രതിഫലമോ കൃത്യമായ പ്രവർത്തന നിർദേശങ്ങളോ ഉള്ള രേഖാമൂലമുള്ള തൊഴിൽ കരാറുകളോ, ലോബീയിങ്, പിആർ കരാറുകളോ ആർഎസ്എസുമായി നിലവിലില്ലെന്ന് ആർഎസ്എസ് ഫ്രൻഡ്‌സ് വ്യക്തമാക്കി. എന്നാൽ കരാർ ഇല്ല എന്നത് ഒരു തരത്തിലുമുള്ള ബന്ധമോ ആശയവിനിമയമോ അംഗീകാരമോ ഇല്ല എന്ന അർഥത്തിൽ കാണരുതെന്നും തങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യഥാർഥ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും സംഘടന രേഖകളിൽ പറയുന്നു.
ആർഎസ്എസിനെ ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ, സാമൂഹിക-സാംസ്‌കാരിക സംഘടനയായാണ് യുഎസിൽ വിശദീകരിച്ചിട്ടുള്ളത്. പൊതുജനങ്ങൾ, മാധ്യമപ്രവർത്തകർ, ഗവേഷകർ, നയരൂപീകരണ സ്ഥാപനങ്ങൾ, അക്കാദമിക് വിദഗ്ധർ, പൗരസമൂഹ സംഘടനകൾ, സാഹചര്യത്തിനനുസരിച്ച് സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുമായി നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്ന് ആശയവിനിമയം നടത്തുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.
രാജേന്ദ്ര സോനാരികർ, ജയന്ത് പന്ത്, ദേവാനന്ദ ഗദ്ദം എന്നിവരാണ് ആർഎസ്എസ് ഫ്രൻഡ്‌സിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളായി പട്ടികയിലുള്ളത്. ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ ആഗസ്റ്റ് 29-ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത 'യൂണിവേഴ്‌സൽ വൺനസ് സെലിബ്രേഷൻ' എന്ന പരിപാടിക്ക് രണ്ട് ദിവസം മുമ്പാണ് ഈ രജിസ്‌ട്രേഷൻ സമർപ്പിച്ചത്.