'മുസ്‌ലിമായതിന്റെ പേരിൽ ജനങ്ങൾ അപമാനിക്കപ്പെടുന്നത് കണ്ടുമടുത്തു'; വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ഖുർആൻ സൂക്തം ഉദ്ധരിച്ച് ബിൽ ക്ലിന്റൺ

'മൾട്ടിപ്പിൾ ഫെയത്ത്‌സ്, വൺ ഫ്‌ളോറിഡ' എന്ന പേരിൽ സംഘടിപ്പിച്ച സർവമത സംഗമത്തിലായിരുന്നു ക്ലിന്റന്റെ പ്രസം​ഗം

Update: 2026-10-22 13:52 GMT

ഫ്‌ളോറിഡ: മുസ്‌ലിംകൾക്കെതിരായ വിദ്വേഷ പ്രചാരണങ്ങളെയും മതവിവേചനത്തെയും രൂക്ഷമായി അപലപിച്ച് മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ. വിശ്വാസത്തിന്റെ പേരിൽ മുസ്‌ലിംകൾ അപമാനിക്കപ്പെടുന്നത് മടുപ്പുളവാക്കുന്നതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, മതവിഭാഗങ്ങൾ പരസ്പരം മനസിലാക്കി ജീവിക്കണമെന്നും ആഹ്വാനം ചെയ്തു. ഫ്‌ളോറിഡയിൽ നടന്ന വിവിധ മതവിഭാഗങ്ങളുടെ സംഗമത്തിൽ സംസാരിക്കവെ വിശുദ്ധ ഖുർആനിലെ സൂക്തം ഉദ്ധരിച്ചാണ് ക്ലിന്റൺ നിലപാട് വ്യക്തമാക്കിയത്.

ഫ്‌ളോറിഡയിലെ ബ്രൊവാർഡ് കൗണ്ടിയിലെ ഹോളിവുഡ്-പെംബ്രോക്ക് പാർക്ക് ഏരിയയിലുള്ള കൊയിനോണിയ വർഷിപ്പ് സെന്ററിൽ ഒക്ടോബർ 20 ചൊവ്വാഴ്ച വൈകുന്നേരമാണ് പരിപാടി നടന്നത്. 'മൾട്ടിപ്പിൾ ഫെയ്ത്‌സ്‌, വൺ ഫ്‌ളോറിഡ' എന്ന പേരിൽ സംഘടിപ്പിച്ച സർവമത സംഗമത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Advertising
Advertising

'മുസ്‌ലിമായതിന്റെ പേരിൽ ജനങ്ങൾ അപമാനിക്കപ്പെടുന്നത് കണ്ട് ഞാൻ മടുത്തു' എന്ന് ക്ലിന്റൺ പ്രസംഗത്തിൽ തുറന്നടിച്ചു. തന്റെ മകൾ ചെൽസിയക്ക് ഇസ്‌ലാമിന്റെ വിശുദ്ധ ഗ്രന്ഥത്തോടുണ്ടായിരുന്ന താൽപ്പര്യവും അദ്ദേഹം അനുസ്മരിച്ചു. ചെൽസിയക്ക് 15 വയസുള്ളപ്പോൾ ഖുർആൻ പൂർണമായി വായിച്ചുതീർത്തെന്നും തുടർന്ന് തന്നോടും ഖുർആൻ വായിക്കാൻ നിർദേശിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യർ പരസ്പരം തിരിച്ചറിയുന്നതിനായി വിവിധ ജനവിഭാഗങ്ങളും ഗോത്രങ്ങളുമായി സൃഷ്ടിക്കപ്പെട്ടുവെന്ന് വ്യക്തമാക്കുന്ന വിശുദ്ധ ഖുർആനിലെ സൂറത്തുൽ ഹുജുറാത്തിലെ 13-ാം സൂക്തമാണ് ക്ലിന്റൺ പ്രസംഗത്തിൽ ഉദ്ധരിച്ചത്. സമൂഹങ്ങൾക്കിടയിലെ വിദ്വേഷത്തിന് പകരം പരസ്പര ധാരണയുടെയും ഐക്യത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടാനാണ് അദ്ദേഹം ഈ ഭാഗം പരാമർശിച്ചത്.

''മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരു പുരുഷനിൽനിന്നും ഒരു സ്ത്രീയിൽനിന്നുമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങളെ വിവിധ ജനവിഭാഗങ്ങളും ഗോത്രങ്ങളുമാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾ പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടി മാത്രമാണ് അത്. തീർച്ചയായും അല്ലാഹുവിന്റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ഉന്നതർ ഏറ്റവും ഭക്തിയുള്ളവരാണ്. തീർച്ചയായും അല്ലാഹു സർവജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു''- എന്നാണ് ഹുജുറാത്തിലെ 13-ാം വചനത്തിൽ ഖുർആൻ പറയുന്നത്്.

മനുഷ്യരെന്ന നിലയിൽ എല്ലാവരിലും പോരായ്മകളുണ്ടെന്നും അതിനാൽ എല്ലാ മതങ്ങളിലും വഴിപിഴച്ച വ്യക്തികളുണ്ടാകാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതയുദ്ധങ്ങളും സാംസ്‌കാരിക സംഘട്ടനങ്ങളും കണ്ടു മടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിഷിഗണിൽ നിന്നുള്ള യുഎസ് സെനറ്റ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി അബ്ദുൽ എൽ-സയ്യിദിനെതിരെ നിലവിലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് ക്ലിന്റന്റെ പ്രതികരണം. മുസ്‌ലിം വംശജനായ അബ്ദുൽ എൽ-സയ്യിദിനെതിരെ ട്രംപ് മതപരമായി ലക്ഷ്യമിട്ടുള്ള പരാമർശങ്ങൾ നടത്തിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News