കുറഞ്ഞ വിലയില്‍ കൂടിയ ഐറ്റം; നിരത്ത് പിടിക്കാന്‍ ചേതക്കിന്റെ തുറുപ്പുചീട്ട്, ലക്ഷത്തില്‍ താഴെ വില

ചേതക്കിന്റെ എല്ലാ ഗുണങ്ങള്‍ക്കുമൊപ്പം വിലക്കുറവും ന്യൂജെന്‍ സ്റ്റൈലും ഒത്തുചേരുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍

Update: 2026-01-20 10:44 GMT

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ കടുത്ത മത്സരമാണ്. ഒരുകാലത്ത് വിപണിയെ അടക്കിഭരിച്ച ഒല ഇന്ന് ഡിമാന്‍ഡ് കുറഞ്ഞ കീറോലയായി. ഇതോടെ, വിപണിയിലെ വന്‍കിടക്കാരായ ടിവിഎസും ബജാജും മുന്നില്‍ കയറി മത്സരമായി. ഇപ്പോള്‍ ടിവിഎസാണ് ഇവികളിലെ മുടിചൂടാ മന്നന്‍. നേരത്തെ, ചേതക്ക് മുന്നിലെത്തിയിരുന്നെങ്കിലും ടിവിഎസ് ഒന്നാംസ്ഥാനം പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍, വിട്ടുതരില്ലെന്ന് പ്രഖ്യാപിച്ച് ഒന്നാം സ്ഥാനം പിടിക്കാന്‍ ഒരു തുറുപ്പുചീട്ടിനെ രംഗത്തിറക്കിയിരിക്കുകയാണ് ബജാജ്. അതാണ് ചേതക് സി25. മുന്‍ഗാമികളായ ചേതക്ക് മോഡലുകളുടെ എല്ലാ ഗുണങ്ങള്‍ക്കുമൊപ്പം വിലക്കുറവും ന്യൂജെന്‍ സ്റ്റൈലും ഒത്തുചേരുന്ന സ്‌കൂട്ടര്‍.

Advertising
Advertising

വിലക്കുറവ് തന്നെയാണ് ചേതക്ക് സി25ന്റെ ആകര്‍ഷണം. 91,399 രൂപ എക്‌സ് ഷോറൂം വിലയിലാണ് കമ്പനി ചേതക് സി25നെ പുറത്തിറക്കിയത്. അതേ മെറ്റല്‍ ബോഡിയില്‍ ന്യൂജെന്‍ തലമുറയെ ആകര്‍ഷിക്കാന്‍ ചെറിയ ചില ഡിസൈന്‍ വ്യത്യാസങ്ങള്‍ മാത്രം. ബോഡിയില്‍ നല്‍കിയിരിക്കുന്ന പ്രത്യേക ഗ്രാഫിക്‌സ് ഏറെ ആകര്‍ഷകം. ലക്ഷത്തില്‍ താഴെ വില വരുന്ന ബജറ്റ് ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ നോക്കുന്നവരെ ലക്ഷ്യമിട്ടാണ് വണ്ടി ഇറക്കിയിരിക്കുന്നത്. 

 

2.4 kWh മോട്ടോറാണ് സി25ല്‍ നല്‍കിയത്. റേഞ്ചില്‍ മുന്‍ഗാമികളെക്കാള്‍ അല്‍പ്പം കുറവുണ്ടാകുന്നത് സ്വാഭാവികം. 113 കിലോമീറ്റര്‍ ഐഡിസി റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. 25 ലിറ്റര്‍ ബൂട്ട് സ്‌പേസും 650 എംഎം നീളമുള്ള സുഖപ്രദമായ സീറ്റുമാണ് നല്‍കിയിരിക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, കോള്‍-എസ്എംഎസ് അറിയിപ്പുകള്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, മ്യൂസിക് കണ്‍ട്രോള്‍ തുടങ്ങി ഇവികളില്‍ ലഭ്യമായ അടിസ്ഥാന സാങ്കേതിക സൗകര്യങ്ങളെല്ലാം ഇതിലുണ്ട്. രണ്ടു മണിക്കൂര്‍ 25 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജിങ് വാഗ്ദാനം ചെയ്യുന്നു. നാല് മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും ചാര്‍ജ്ജാകും. 

 

ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, എക്കോ, സ്‌പോര്‍ട് റൈഡ് മോഡുകള്‍ എന്നീ ഫീച്ചറുകളുള്ള സി25ന് മണിക്കൂറില്‍ 55 കിലോമീറ്ററാണ് പരമാവധി വേഗം. മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് ടയറുകളെ നിയന്ത്രിക്കുക. റിവേഴ്‌സ് മോഡുണ്ട്. മ്യൂസിക് പ്ലേ, ഗൈഡ് മി ഹോം ലൈറ്റുകള്‍ എന്നിവ ടെക് പാക്കിനൊപ്പം ലഭിക്കുന്ന ഫീച്ചറുകളാണ്. 25 ലിറ്ററാണ് ബൂട്ട് സ്‌പേസ്. 

 

നഗരങ്ങളിലുള്ളവരെയും ചെറിയ റൈഡുകള്‍ പോകുന്നവരെയുമാണ് ബജാജ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനായി ഏറ്റവും കുറഞ്ഞ ടേണിങ് റേഡിയസും നല്‍കിയിട്ടുണ്ട്. ആറ് കളറുകളിലായാണ് വണ്ടി വിപണിയിലെത്തുക. 170എംഎം ഗ്രൗണ്ട് ക്ലിയറന്‍സാണ് സി25ന് ഉള്ളത്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഐപി67 വാട്ടര്‍ റെസിസ്റ്റന്‍സ്, ചെളി അകത്ത് കടക്കുന്നത് തടയുന്ന നിര്‍മാണ രീതി എന്നിവയും പ്രത്യേകതയാണ്. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്ററാണ് കമ്പനി നല്‍കുന്ന സ്റ്റാന്‍ഡേര്‍ഡ് വാറന്‌റി. ആക്ടീവ് ബ്ലാക്ക്, റേസിങ് റെഡ്, ക്ലാസ്സിക് വൈറ്റ്, ഓഷ്യന്‍ ടീല്‍ (മാറ്റ്), ഒപാലസെന്‌റ് സില്‍വര്‍, മിസ്റ്റി യെല്ലോ എന്നീ നിറങ്ങളാണ് വണ്ടിക്ക് നല്‍കിയത്. 3000 രൂപ അധികം നല്‍കിയാല്‍ ടെക് പാക് സ്വന്തമാക്കാം.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News