ഒലയ്ക്ക് ഇനി തിരിച്ചുവരവുണ്ടോ? പുതുവര്‍ഷം ഇ.വി സ്‌കൂട്ടര്‍ വിപണി ആര് ഭരിക്കും? വില്‍പ്പന കണക്കുകള്‍ ഇങ്ങനെ
ഒരിക്കല്‍ ഒറ്റയ്ക്ക് ഭരിച്ച ഇ.വി വിപണി കൈവിട്ടുപോകുന്നത് കണ്ടുനില്‍ക്കേണ്ടിവന്നവരാണ് ഒല ഇലക്ട്രിക്കല്‍സ്
ഇലക്ട്രിക് ഇരുചക്ര വിപണിയില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. പുതിയ വര്‍ഷം വിപണി പിടിക്കാന്‍ പോരാട്ടത്തിലാണ് മുന്‍നിര കമ്പനികള്‍. വിപണിയിലെ ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ ടി.വി.എസ് ശ്രമിക്കുമ്പോള്‍, കൈവിട്ട ചാമ്പ്യന്‍ പട്ടം തിരികെ നേടാനാണ് ബജാജിന്‌റെ നോട്ടം. ഒരിക്കല്‍ ഒറ്റയ്ക്ക് ഭരിച്ച ഇവി വിപണി കൈവിട്ടുപോകുന്നത് കണ്ടുനില്‍ക്കേണ്ടിവന്നവരാണ് ഒല ഇലക്ട്രിക്കല്‍സ്. കൂടുതല്‍ വാഗ്ദാനങ്ങളുമായി വിപണി പിടിക്കാനാണ് ഒലയുടെ നീക്കം. സ്ഥിരതയാര്‍ന്ന വില്‍പ്പന പ്രകടനം നടത്തി ഏഥര്‍ എനര്‍ജിയും, പരിഷ്‌കരിച്ച വണ്ടിയിറക്കി ഹീറോ വിഡയും വില്‍പ്പനക്കണക്കില്‍ ആദ്യ അഞ്ചിലുണ്ട്. 2025 ഡിസംബറിലെ ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പ്പന കണക്കുകള്‍ നോക്കാം.
ഡിസംബറില്‍ വില്‍പ്പനയില്‍ കുറവ്
പുതുവര്‍ഷ ഓഫറുകള്‍ക്കായി ആളുകള്‍ കാത്തിരുന്നതിനാല്‍ ഡിസംബര്‍ മാസത്തില്‍ പതിവുപോലെ വാഹന വില്‍പ്പനയില്‍ എണ്ണം കുറവാണ്. 97,399 ഇവി ഇരുചക്ര വാഹനങ്ങളാണ് ഡിസംബറില്‍ വിറ്റുപോയത്. നവംബറില്‍ 1.17 ലക്ഷം വാഹനങ്ങള്‍ വിറ്റുപോയ സ്ഥാനത്താണിത്. 2025 ഏപ്രിലിന് ശേഷം ആദ്യമായാണ് പ്രതിമാസ വില്‍പ്പന ലക്ഷത്തില്‍ കുറഞ്ഞത്.
ഒന്നാമതായി തുടര്‍ന്ന് ടി.വി.എസ്
വില്‍പ്പനക്കണക്കില്‍ ടി.വി.എസ് മോട്ടോര്‍സാണ് ഒന്നാംസ്ഥാനത്ത് തുടരുന്നത്. നവംബറിലേക്കാള്‍ 17 ശതമാനത്തിന്‌റെ വില്‍പ്പന കുറവുണ്ടെങ്കിലും 25,039 ഇ.വികള്‍ വില്‍ക്കാന്‍ ടി.വി.എസിനായി. ഐക്യൂബ് മോഡലാണ് ടി.വി.എസിനെ നയിക്കുന്നത്.
ഡിസംബറില്‍ ബജാജിന് വന്‍ ഇടിവ്
വില്‍പ്പനയില്‍ രണ്ടാമതാണെങ്കിലും ഡിസംബറില്‍ ബജാജിന്‌റെ ചേതക്ക് ഇ.വിക്ക് വലിയ ഇടിവുണ്ടായി. 26.4 ശതമാനം കുറഞ്ഞ് 18,790 സ്‌കൂട്ടറുകള്‍ മാത്രമാണ് വിറ്റത്. നവംബറില്‍ 25,527 സ്‌കൂട്ടറുകള്‍ വിറ്റ സ്ഥാനത്താണിത്.
ബജാജിന് ഭീഷണിയുമായി ഏഥര്‍
മൂന്നാംസ്ഥാനത്ത് തുടരുകയാണ് ഏഥര്‍ എനര്‍ജി. 17,052 സ്‌കൂട്ടറുകളാണ് ഡിസംബറില്‍ വിറ്റത്. വില്‍പ്പനയില്‍ 16 ശതമാനത്തിന്‌റെ പ്രതിമാസ ഇടിവുണ്ട്. എങ്കിലും രണ്ടാം സ്ഥാനത്തുള്ള ബജാജുമായി വെറും 1800 സ്‌കൂട്ടറുകളുടെ വ്യത്യാസം മാത്രമാണ് ഏഥറിനുള്ളത്. ആഞ്ഞുപിടിച്ചാല്‍ രണ്ടാംസ്ഥാനം ഉറപ്പ്.
ഹീറോ വിഡയുടെ ഉയര്‍ച്ച
ഡിസംബര്‍ മുൻനിരക്കാർക്കെല്ലാം വില്‍പ്പനയില്‍ ഇടിവ് നേരിട്ടപ്പോള്‍ ഏറ്റവും കുറവ് ഇടിവ് രേഖപ്പെടുത്തിയത് ഹീറോ മോട്ടോര്‍സിന്‌റെ വിഡയാണ്. നവംബറില്‍ 12,199 സ്‌കൂട്ടറുകള്‍ വിറ്റ സ്ഥാനത്ത് ഡിസംബറില്‍ 10,701 സ്‌കൂട്ടറുകള്‍ വില്‍ക്കാനാണ് വിഡയ്ക്ക് കഴിഞ്ഞത്. 12 ശതമാനമാണ് ഇടിവ്. ഒരു ഘട്ടത്തില്‍ വില്‍പ്പന പാടെ താഴേയ്ക്കു പോയ നിലയില്‍ നിന്നാണ് ഏതാനും മാസമായി വിഡ വില്‍പ്പനയില്‍ മുന്നേറ്റം നടത്തുന്നത്.
വീണ് വീണ് ഒല, ഒടുവിൽ നേരിയ പ്രതീക്ഷ
ഇന്ത്യന്‍ വിപണിയില്‍ തുടക്കകാലത്ത് ഇവി സ്‌കൂട്ടറുകളുടെ രാജാക്കന്മാരായിരുന്ന ഒല വന്‍ വീഴ്ചയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള നീക്കത്തിലാണ്. കണക്കുകള്‍ നോക്കിയാല്‍ ഒലയ്ക്ക് നേരിയ പ്രതീക്ഷയ്ക്കുള്ള വകയുണ്ട്. ഡിസംബറില്‍ ആദ്യ അഞ്ചില്‍ പ്രതിമാസ വില്‍പ്പനയില്‍ നേട്ടമുണ്ടാക്കിയ ഒരേയൊരു കമ്പനിയാണ് ഒല. 7.4 ശതമാനം വര്‍ധിച്ച് 9020 യൂണിറ്റുകളാണ് ഒല ഡിസംബറില്‍ വിറ്റത്. നവംബറില്‍ ഇത് 8400 ആയിരുന്നു. പുതുവര്‍ഷത്തില്‍ ഒലയ്ക്ക് പ്രതീക്ഷ നല്‍കുന്ന കണക്കുകളാണിത്.
ആമ്പിയര്‍ (4753 സ്‌കൂട്ടറുകള്‍), ബിഗോസ്സ് (2188), റിവന്‍ ഇന്‍ഡി (1796), ഇ-സ്പ്രിന്‌റോ (1324), പ്യുവര്‍ എനര്‍ജി (665) എന്നിവയാണ് ഡിസംബറില്‍ വില്‍പ്പന കണക്കില്‍ ആദ്യ പത്തിലെത്തിയ ഇലക്ട്രിക് ഇവികള്‍.
2025ല്‍ ആകെ വില്‍പ്പനക്കണക്കില്‍ ഇവി സ്‌കൂട്ടറുകള്‍ 11 ശതമാനത്തിന്‌റെ നേട്ടമുണ്ടാക്കിയിട്ടുണ്ട്. 2024ല്‍ ആകെ 11,49,408 സ്‌കൂട്ടറുകള്‍ വിറ്റ സ്ഥാനത്ത് 2025ല്‍ 12,79,725 സ്‌കൂട്ടറുകളാണ് വിറ്റത്.