ഡ്രൈവറില്ലാ വാഹന വിപണി: സൗദിയിലേക്ക് ചൈനീസ് കമ്പനിയായ ക്യുക്രാഫ്റ്റും
പരീക്ഷണവും നിക്ഷേപ പദ്ധതികളും തുടങ്ങുമെന്ന് സിഇഒ
റിയാദ്: ചൈനീസ് കമ്പനിയായ ക്യുക്രാഫ്റ്റ് സൗദി അറേബ്യയിലെയും പശ്ചിമേഷ്യയിലേയും വാഹന വിപണിയിൽ പ്രവേശിക്കുന്നു. കമ്പനി സ്ഥാപകനും സിഇഒയുമായ ജെയിംസ് യു ആമാണ് ഇക്കാര്യമറിയിച്ചത്. സെൽഫ് ഡ്രൈവിങ് സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ വൈദഗ്ധ്യം നേടിയ കമ്പനിയാണ് ക്യുക്രാഫ്റ്റ്. റിയാദിലെ കമ്യൂഷൻ ഗ്ലോബൽ സമ്മിറ്റിൽ കമ്പനി പങ്കെടുത്തിരുന്നു.
യൂറോപ്പിലും ഏഷ്യയിലും സജീവമാവുകയാണ് കമ്പനിയുടെ സെൽഫ് ഡ്രൈവിങ് കാറുകൾ. സൗദി വിപണി വലുതാണെന്നും ശക്തമായ ഡിമാൻഡുണ്ടെന്നും ജെയിംസ് റിയാദിൽ പറഞ്ഞു. വിപണി വിലയിരുത്തിക്കഴിഞ്ഞാൽ കമ്പനി രാജ്യത്ത് പരീക്ഷണ പദ്ധതികളും നിക്ഷേപവും നടത്തും.
സെൽഫ് ഡ്രൈവിങ് വാഹന മേഖലയിലെ പ്രധാനിയാണ് കമ്പനി. റോബോബസ് ബസുകളും റോബോവാൻ ഡെലിവറി ട്രക്കുകളും മിഡിൽ ഈസ്റ്റിലേക്ക് നേരത്തെ എത്തിച്ചതായും വ്യക്തമാക്കി. ലോജിസ്റ്റിക്‌സ് മേഖലയിലും കമ്പനി ശ്രദ്ധ ചെലുത്തുന്നുണ്ട്. കഴിഞ്ഞ ജൂലൈയിൽ സൗദി സെൽഫ് ഡ്രൈവിങ് വാഹനങ്ങളുടെ പരീക്ഷണം ആരംഭിച്ചിരുന്നു. റിയാദ് വിമാനത്താവളവും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.