തേർഡ് പാർട്ടി ഇൻഷുറൻസ് എടുത്താൽ മാത്രം വാഹന ഉടമയ്ക്കോ കുടുംബാംഗങ്ങൾക്കോ നഷ്‌ടപരിഹാരം കിട്ടുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്...?

ഇനി വാഹനം അപകടത്തിൽപ്പെടുമ്പോൾ അതിൽ സഞ്ചരിക്കുന്ന മറ്റുള്ളവർക്ക് എന്തെങ്കിലും ഇൻഷുറൻസ് തുക കിട്ടാൻ മാർഗമുണ്ടോ? അതിനും വഴിയുണ്ട്...

Update: 2025-11-02 12:09 GMT

Photo| Special Arrangement

ഇക്കാലത്ത് സ്വന്തമായി ഒരു സെക്കൻഡ് ​ഹാൻഡ് വാഹനമെങ്കിലും ഇല്ലാത്തവരും ഒരു സ്കൂട്ടറെങ്കിലും ഓടിക്കാത്തവരും കുറവാണ്. എന്നാൽ റോഡിലൂടെ പോകുമ്പോൾ ഹെൽമറ്റും ലൈസൻസും പുക പരിശോധനാ സർട്ടിഫിക്കറ്റും ആർസി ബുക്കും മാത്രമല്ല, ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിലും എംവിഡിക്ക് പിഴ നൽകേണ്ടിവരാറുണ്ട്. വാഹനം വാങ്ങുമ്പോഴും ഓടിക്കുമ്പോഴും ലൈസൻസ് പോലെ തന്നെ നിർബന്ധമായും വേണ്ട ഒന്നാണ് ഇൻഷുറൻസ്. ഇൻഷുറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

തേർഡ് പാർട്ടി ഇൻഷുറൻസുള്ള ഒരു വാഹനം വാലിഡ് ആയ ഡ്രൈവിങ് ലൈസൻസുള്ള രജിസ്റ്റേർഡ് ഉടമ ഓടിച്ചുപോകുമ്പോൾ അപകടത്തിൽപ്പെട്ട് മരിച്ചാൽ ഇയാളുടെ കുടുംബത്തിന് നഷ്ടപരിഹാര തുക കിട്ടാൻ അർഹതയുണ്ടോ? ഉണ്ട്. അയാളുടെ കുടുംബത്തിന് 15 ലക്ഷം രൂപ വരെ ഇൻഷുറൻസ് ക്ലെയിം കിട്ടാൻ അർഹതയുണ്ട്. ഇനി അയാൾ മരിച്ചില്ല, സ്ഥിരവും പൂർണവും അംഗഭംഗം സംഭവിച്ചാലും ഇതേ തുക തന്നെ അനുവദിച്ച് കിട്ടും. യാതൊരു കോടതിനടപടിക്രമങ്ങളും ഇല്ലാതെതന്നെ ഇൻഷുറൻസ് കമ്പനിയുടെ നേരിട്ടുള്ള സെറ്റിൽമെന്റിലൂടെ ഈ നഷ്ടപരിഹാര തുക അനുവദിക്കും.

Advertising
Advertising

എന്നാൽ അതിന് ചില നിബന്ധനകളുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. നമ്മൾ ഇൻഷുറൻസ് എടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. രണ്ട് ഭാഗങ്ങളാണ് മോട്ടോർ ഇൻഷുറൻസിനുള്ളത്. അപകടത്തിൽ വാഹനത്തിന് എന്തെങ്കിലും നാശനഷ്ടങ്ങളായാൽ അത് പരിഹരിക്കുന്ന 'ഓൺ ഡാമേജ് പോർഷൻ' ആണ് ഒന്നാമത്തേത്. മറ്റൊരാൾക്കോ അയാളുടെ വസ്തുവകകൾക്കോ നാശനഷ്ടം സംഭവിച്ചാൽ അതിന് കവറേജ് കിട്ടുന്ന 'തേർഡ് പാർട്ടി പോർഷൻ' ആണ് രണ്ടാമത്തേത്.

ഇത് രണ്ടും കൂടിച്ചേരുന്ന കോംപ്രിഹെൻസീവ് പോളിസിയായിട്ടോ അല്ലെങ്കിൽ തേർഡ് പാർട്ടി പോർഷൻ മാത്രമായിട്ടോ ഒരാൾക്ക് ഇൻഷുറൻസ് എടുക്കാനാകും. ഒരു വാഹനം നിരത്തിൽ ഇറക്കണമെങ്കിൽ 'ലീഗൽ ലൈബിലിറ്റി ടു തേർഡ് പാർട്ടി' എന്ന തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമായും ഉണ്ടായിരിക്കണം.

ഇനി ആദ്യം പറഞ്ഞ ഇൻഷുറൻസ് തുകയായ 15 ലക്ഷം രൂപ വാഹന ഉടമയ്‌ക്കോ അയാളുടെ നോമിനിക്കോ എപ്പോഴാണ് ലഭിക്കുന്നതെന്ന് പറയാം. ഈ വാഹനത്തിന്റെ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ തന്നെ 'കംപൽസറി പേഴ്‌സണൽ ആക്‌സിഡന്റ് കവർ' (സിപിഎ കവർ) ഈ ഇൻഷുറൻസിൽ ചേർത്തിട്ടുണ്ടെങ്കിലേ അയാൾ ഈ ക്ലെയിം തുകയ്ക്ക് അർഹനാകൂ. അങ്ങനെ വന്നാൽ ഈ തുക ഇൻഷുറൻസ് കമ്പനി ഇയാൾക്കോ നോമിനിക്കോ കൊടുക്കാൻ ബാധ്യസ്ഥരാണ്.

വാഹന ഉടമ വാലിഡ് ആയ ഡ്രൈവിങ് ലൈസൻസുള്ളയാളാണെങ്കിൽ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ തന്നെ 'സിപിഎ കവർ ഫോർ ഓണർ കം ഡ്രൈവർ' എന്നത് നിർബന്ധമാണ്. ഇതിന് വെറും 325 രൂപ മാത്രമാണ് ഇൻഷുറൻസ് കമ്പനികൾ പ്രീമിയമായി ഈടാക്കുന്നത്. തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ ഇദ്ദേഹത്തിന്റെ നോമിനിയെയും കൂടെ ചേർക്കണമെന്ന് മാത്രം.

ഡ്രൈവിങ് ലൈസൻസുള്ളയാൾ വാഹനമോടിക്കുമ്പോൾ 'ഓണർ കം ഡ്രൈവർ സിപിഎ കവർ' എടുക്കണമെന്ന് പറയുമ്പോൾ ഓരോ വാഹനത്തിനും ഇയാളിത് എടുക്കണോ എന്നാവും ഉയരുന്ന സംശയം എന്നാൽ അതിന്റെ ആവശ്യമില്ല. 'സ്റ്റാൻഡ് എലോൺ പിഎ കവർ' എന്നൊരു പ്രത്യേക പോളിസി എടുക്കുകയും ഇതിലേക്ക് എല്ലാ വാഹനങ്ങളുടെയും തേർഡ് പാർട്ടി ഇൻഷുറൻസും വാഹന നമ്പരും ചേർക്കുകയും ചെയ്താൽ ഈ 'കംപൽസറി പിഎ കവർ' അയാൾക്ക് ലഭ്യമാകും.

'സ്റ്റാൻഡ് എലോൺ സിപിഎ' എടുക്കുമ്പോൾ ഇതിൽ ചേർക്കുന്ന വാഹനങ്ങളുടെയെല്ലാം തേർഡ് പാർട്ടി ഇൻഷുറൻസ് സമയാസമയങ്ങളിൽ പുതുക്കേണ്ടതുണ്ട്. മാത്രമല്ല, മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. 'സ്റ്റാൻഡ് എലോൺ സിപിഎ' ഒരു വർഷം കാലാവധിയുള്ള പോളിസിയാണ്. നിലവിലെ ഇൻഷുറൻസ് കമ്പനിയിൽ നിന്നുതന്നെ ഈ 'സ്റ്റാൻഡ് എലോൺ സിപിഎ' എടുക്കണമെന്ന് ഒരു നിർബന്ധവുമില്ല. നമുക്ക് ഇഷ്ടമുള്ള ഏത് കമ്പനിയിൽനിന്നും ഇതെടുക്കാം.

കംപൽസറി പിഎ കവറിന്റെ പ്രയോജനം ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്...

1. വാഹന ഉടമയ്ക്ക് വാലിഡായ ഡ്രൈവിങ് ലൈസൻസ് ഉണ്ടാവണം

2. പോളിസിക്ക് കാലാവധിയുണ്ടായിരിക്കണം

3. രജിസ്റ്റേർഡ് ഉടമയ്ക്ക് മാത്രമായിരിക്കും പ്രയോജനം ലഭിക്കുക

4. ഈ ക്ലെയിം ലഭിക്കാൻ ഇൻഷുറൻസ് കമ്പനി ആവശ്യപ്പെടുന്ന എല്ലാ രേഖകളും ഹാജരാക്കണം

വാഹന ഉടമയ്ക്ക് ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ മാത്രം 'കംപൽസറി പിഎ കവർ ടു ഓണർ കം ഡ്രൈവർ' എടുത്താൽ മതി. അല്ലാത്ത സാഹചര്യത്തിൽ, മറ്റൊരാളെ പെയ്ഡ് ഡ്രൈവറായി നിയമിച്ചാണ് ഈ വാഹനം ഉപയോഗിക്കുന്നതെങ്കിൽ ഒരു അപകടത്തിൽപ്പെട്ട് ഈ ഡ്രൈവർക്ക് മരണമോ പരിക്കോ സംഭവിച്ചാൽ എങ്ങനെയായിരിക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക...? അതിനും വഴിയുണ്ട്.

വാഹന ഉടമ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ തന്നെ പെയ്ഡ് ഡ്രൈവർക്കായി 50 രൂപ അടച്ച് ഇൻഷുറൻസിൽ ചേർത്താൽ കോടതി നടപടിക്രമങ്ങളിലൂടെ (അങ്ങനെ മാത്രം) ഇൻഷുറൻസ് ക്ലെയിം തുക അദ്ദേഹത്തിന് അനുവദിച്ചുകിട്ടും. ഇനി വാഹനം അപകടത്തിൽപ്പെടുമ്പോൾ അതിൽ സഞ്ചരിക്കുന്ന മറ്റുള്ളവർക്ക് എന്തെങ്കിലും ഇൻഷുറൻസ് തുക കിട്ടാൻ മാർഗമുണ്ടോ? അതിനും വഴിയുണ്ട്...

നിങ്ങൾ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ 'അൺ നെയിംഡ് പാസഞ്ചർ കവർ ഇൻഷുറൻസി'ൽ ചേർത്താൽ ഈ യാത്രക്കാർക്കും ഇൻഷുറൻസ് കവറേജ് ലഭിക്കുന്നതാണ്. അതിന് പല ഇൻഷുറൻസ് കമ്പനികളും ഒരാൾക്ക് 35 രൂപ മാത്രമാണ് ഈടാക്കുന്നത്. വാഹനത്തിന്റെ സീറ്റിങ് കപ്പാസിറ്റി എത്രയാണോ അത്രയും പേർക്ക് ഈ തുക അടച്ചുവേണം ഇൻഷുറൻസിൽ ചേർക്കാൻ. 50,000 മുതൽ രണ്ട് ലക്ഷം രൂപ വരെയോ ചിലപ്പോൾ അതിൽ കൂടുതലോ ക്ലെയിം കൊടുക്കുന്ന കമ്പനികളുണ്ട്. ഇത് ഓരോ കമ്പനിയെയും ആശ്രയിച്ചിരിക്കും. ഇതും ഡയറക്ട് സെറ്റിൽമെന്റാണ്. യാതൊരു കോടതി നടപടിക്രമങ്ങളും ആവശ്യമില്ലെന്നും എംവിഡി വ്യക്തമാക്കുന്നു.

കംപൽസറി പിഎ കവർ ഫോർ ഓണർ കം ഡ്രൈവർ, പിഎ കവർ ഫോർ അൺ നെയിംഡ് പാസഞ്ചർ, പിഎ കവർ ഫോർ പെയ്ഡ് ഡ്രൈവർ ഇവയ്‌ക്കെല്ലാം കൂടി തുച്ഛമായ തുക മാത്രമാണ് തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ പ്രീമിയമായി അടയ്‌ക്കേണ്ടിവരുക. ഇതെല്ലാം ഒഴിവാക്കി വളരെ കുറഞ്ഞ തുകയ്ക്കുള്ള ഒരു തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ ഈ വാഹനം മൂലം ഇവർക്കാർക്കെങ്കിലും അപകടമുണ്ടായാൽ അതിന്റെ എല്ലാ സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും രജിസ്റ്റേർഡ് ഓണർക്കായിരിക്കും എന്നോർക്കണം. അപ്പോൾ ഓൺലൈനിലൂടെയാണെങ്കിലും കമ്പനിയിൽ നിന്ന് നേരിട്ടാണെങ്കിലും മുകളിൽപറഞ്ഞ എല്ലാ കവറേജും അതിലുണ്ടോ എന്ന് നോക്കേണ്ട ഉത്തരവാദിത്തം രജിസ്റ്റേർഡ് ഉടമയ്ക്കുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News