Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: മണ്ണുമാന്തി യന്ത്രങ്ങൾ അഥവാ ബുൾഡോസറുകൾ എന്ന് കേട്ടാൽ മനസിലേക്ക് ആദ്യം വരുന്ന പേരാണ് ജെസിബി. ജെസിബി എന്നാണ് മണ്ണുമാന്തി യന്ത്രങ്ങളുടെ പേരെന്ന് തെറ്റിദ്ധരിച്ചിരുന്ന കാലവും നമുക്കുണ്ടായിരുന്നു. അത്രമേൽ നമ്മുടെ കുട്ടിക്കാലത്തെ ആനന്ദിപ്പിച്ച ഒരു വാഹനമാണ് ബുൾഡോസറുകൾ. എന്നാൽ ജെസിബി ഒരു ഇന്ത്യൻ കമ്പനിയെല്ല എന്ന കാര്യം അറിയുമോ?
അതെ, 1945 ഒക്ടോബറിൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ യുണൈറ്റഡ് കിംഗ്ഡത്തിൽ ജോസഫ് സിറിൽ ബാംഫോർഡ് സ്ഥാപിച്ചതാണ് ജെസിബി അല്ലെങ്കിൽ ജെസി ബാംഫോർഡ് എക്സ്കവേറ്റേഴ്സ് ലിമിറ്റഡ് എന്ന കമ്പനി. ബാംഫോർഡ് തന്റെ വാടക വീട്ടിലെ ഒരു ഗാരേജിനുള്ളിൽ ഒരു വർക്ക്‌ഷോപ്പ് സ്ഥാപിക്കുകയും കമ്പനിക്ക് തന്റെ ഇനീഷ്യലുകൾ ചേർത്തുകൊണ്ട് ജെസിബി എന്ന് പേരിടുകയും ചെയ്തു. രസകരമെന്നു പറയട്ടെ, തന്റെ മകൻ ആന്റണി ബാംഫോർഡ് (ഇപ്പോൾ ലോർഡ് ബാംഫോർഡ്) ജനിച്ച അതേ ദിവസം തന്നെയാണ് ബാംഫോർഡ് ജെസിബി സ്ഥാപിച്ചതും.
എന്നാൽ ജെസിബിയുടെ സ്ഥാപകനായ ജോസഫ് സിറിൽ ബാംഫോർഡിന് ടൈറ്റാനിക്കുമായി രസകരമായ ഒരു ബന്ധമുണ്ട്. കന്നി യാത്രയിൽ തന്നെ ഒരു മഞ്ഞുമലയിൽ ഇടിച്ച് മുങ്ങിയ ബ്രിട്ടീഷ് കപ്പലാണ് ടൈറ്റാനിക്ക്. ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നതിനെ ഉടമ എതിർത്തതിനാൽ ബാംഫോർഡിന് വാടക വീട് ഒഴിയേണ്ടി വന്നു. ഉടമയുടെ നിരന്തരമായ ശല്യം കാരണം വീട് മാറിയ ബാംഫോർഡ് ഏതാനും കിലോമീറ്ററുകൾ അകലെ നല്ലൊരു വീട് കണ്ടെത്തി. 1912ലെ ടൈറ്റാനിക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ചുരുക്കം ചിലരിൽ ഒരാളായ ജൂലിയ കാവൻഡിഷ് ആയിരുന്നു ബാംഫോർഡിന്റെ പുതിയ വീടിന്റെ ഉടമ.
ജെസിബി സ്ഥാപകൻ ജോസഫ് സിറിൽ ബാംഫോർഡിന്റെ ഏക മകനായ ആന്റണി പോൾ ബാംഫോർഡാണ് ജെസി ബാംഫോർഡ് എക്‌സ്‌കവേറ്റേഴ്‌സ് ലിമിറ്റഡിന്റെ (ജെസിബി) നിലവിലെ ചെയർമാൻ. 1961ൽ കമ്പനി ജെസിബി ഏവിയേഷൻ സ്ഥാപിക്കുകയും ആദ്യത്തെ വിമാനം നിർമിക്കുകയും ചെയ്തു. ഒരു വർഷത്തിനുശേഷം ഹോളണ്ടിൽ ആദ്യത്തെ വിദേശ നിർമാണ പ്ലാന്റ് തുറന്നു. 1964ൽ വിൽപ്പന 60 ശതമാനം വർധിച്ചതിനെ തുടർന്ന് ജെസിബി ജീവനക്കാർക്കിടയിൽ 2,50,000 പൗണ്ട് ബോണസ് വിതരണം ചെയ്തു. നിലവിൽ വിവിധ രാജ്യങ്ങളിലെ ബിസിനസ് പ്രവർത്തനങ്ങളിലായി ജെസിബിക്ക് 10,000ത്തിലധികം ജീവനക്കാരുണ്ട്. 1979ൽ ജെസിബി ഇന്ത്യ ഒരു സംയുക്ത സംരംഭമായി സ്ഥാപിതമായി എന്നാൽ ഇപ്പോൾ യൂണിറ്റ് ജെസി ബാംഫോർഡ് എക്‌സ്‌കവേറ്റേഴ്‌സിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലാണ്.