പക്ഷിപ്പനി; കേന്ദ്രസംഘം ഇന്ന് ആലപ്പുഴയിലെത്തും

അതേസമയം പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിലെ പക്ഷികളെ നശിപ്പിക്കുന്നത് ഇന്ന് അവസാനിപ്പിക്കും

Update: 2021-01-07 02:07 GMT

പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ സന്ദർശനത്തിനായി കേന്ദ്രസംഘം ഇന്നെത്തും. രോഗം മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതകളെ കുറിച്ചാകും സംഘം പരിശോധിക്കുക. അതേസമയം പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിലെ പക്ഷികളെ നശിപ്പിക്കുന്നത് ഇന്ന് അവസാനിപ്പിക്കും.

പക്ഷിപ്പനി സ്ഥിരീകരിച്ച കരുവാറ്റ, തകഴി, പളളിപ്പാട്, നെടുമുടി മേഖലകളിലാകും കേന്ദ്രസംഘം സന്ദർശനം നടത്തുക. നിലവിൽ കണ്ടെത്തിയ H5 N8 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. എന്നാൽ വൈറസിന് ജനിതക മാറ്റം സംഭവിക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്രസംഘം ഈ സാധ്യതകളാകും പരിശോധിക്കുക. രോഗം സ്ഥിരീകരിച്ച മേഖലകൾക്ക് ചുറ്റുമുള്ള 10 കിലോമീറ്റർ പ്രദേശത്ത് ആരോഗ്യ വകുപ്പ് നിരീക്ഷണം തുടരും.

Advertising
Advertising

ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖകളിലെ ഇറച്ചി മുട്ട എന്നിവയുടെ വിൽപന നിരോധിച്ചിട്ടുണ്ടെങ്കിലും മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ഇറച്ചി, മുട്ട എന്നിവ ഭക്ഷിക്കുന്നതിൽ പ്രശ്നങ്ങളില്ല.

അതേസമയം കർഷകർക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാര തുക വേഗത്തിൽ നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ 2014ൽ പ്രഖ്യാപിച്ച അതേ പാക്കേജ് തന്നെയാണ് ഇത്തവണയും സർക്കാർ നൽകുന്നതെന്നാണ് കർഷകരുടെ ആക്ഷേപം. ഇത് പുനഃപരിശോധിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നുണ്ട്.

പ്രതിരോധ നടപടികളുടെ ഭാഗമായി 45000ത്തോളം പക്ഷികളെ ഇതുവരെ നശിപ്പിച്ചു. അവശേഷിക്കുന്ന 6000ത്തോളം പക്ഷികളെ ഇന്ന് കൊല്ലും

Tags:    

Similar News