നിതിൻ രാജിൻ്റെ മരണം; അധ്യാപകർക്കെതിരെ കേസ്

ആത്മഹത്യാ പ്രേരണ കുറ്റമാണ് അന്വേഷിക്കുന്നത്

Update: 2026-04-12 17:09 GMT

കണ്ണൂർ:  നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ കേസെടുത്തതായി കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ. അധ്യാപകരായ ഡോ. എം.കെ റാം, ഡോ. സംഗീത എന്നിവർ പ്രതികൾ. പട്ടികജാതി-പട്ടികവർ​ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയാണ് കേസ്.

ആത്മഹത്യാ പ്രേരണ കുറ്റമാണ് അന്വേഷിക്കുന്നത്. റാഗിങ് പരാതിയും അന്വേഷിക്കും. അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക് പോകുമെന്നും ശബ്ദ സന്ദേശം പരിശോധിക്കുമെന്നും കമ്മിഷണർ. നിതിൻ ലോൺ ആപ്പിൽ കടം എടുത്തിരുന്നുവെന്നും കോളജിലെ ടീച്ചറുടെ നമ്പർ ലോണിനായി കൊടുത്തുവെന്നും പൊലീസ് പറഞ്ഞു. ടീച്ചർക്ക് നിരന്തരം കാൾ വന്നു. അധ്യാപിക പോലീസിൽ പരാതി നൽകി. ഇതുമൂലം ഉള്ള സമ്മർദ്ദവും ആകാമെന്നും നി​ഗമനം.

Advertising
Advertising

നിതിനെതിരെ ലോൺ ആപ്പുമായി ബന്ധപ്പെട്ട് പരാതിയുണ്ട്. നിതിൻ അധ്യാപികയുടെ നമ്പർ ബോധപൂർവം നൽകിയതാണോ, ലോൺ ആപ്പ് ചോർത്തി എടുത്തത് ആണോ എന്ന് അന്വേഷിക്കുമെന്നും പൊലീസ്.

അതേസമയം, മരണം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഏഴംഗ സംഘമാണ് അന്വേഷണം നടത്തുക. കണ്ണൂർ എസിപി ആർ. ഹരിപ്രസാദിന് മേൽനോട്ട ചുമതല.മരണത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുത്ത കമ്മീഷൻ, ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശവും നൽകി. അധ്യാപകരിൽ നിന്നേറ്റ ക്രൂരമായ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് വിദ്യാർഥിയുടെ മരണത്തിന് കാരണമെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി.

തിരുവനന്തപുരം ഉഴമലയ്ക്കൽ കൊറ്റാമല സ്വദേശിയായ നിതിൻ രാജിനെ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയായ രാജന്റെയും തൊഴിലുറപ്പ് തൊഴിലാളി ലതയുടെയും മകനാണ് നിതിൻ. നിറത്തിന്റെയും ജാതിയുടെയും പേരിൽ അധ്യാപകർ നിതിനെ നിരന്തരം അധിക്ഷേപിച്ചിരുന്നതായും 'തെരുവ് പട്ടി' എന്ന് വിളിച്ച് അപമാനിച്ചിരുന്നതായും സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഉഴമലയ്ക്കലിലെ വീട്ടിലെത്തിച്ച നിതിന്റെ മൃതദേഹത്തിൽ നൂറുകണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.

കോളജിലെ അധ്യാപകർക്കെതിരെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് നിതിൻ രാജിന്റെ പുറത്തുവന്ന ശബ്ദസന്ദേശം. നിറത്തിന്റെയും ജാതിയുടെയും പേരിൽ അധ്യാപകർ വിഡ്ഢിയെന്നും പട്ടിയെന്നും വിളിച്ച് അധിക്ഷേപിച്ചുവെന്നും, മറ്റു വിദ്യാർഥികളുടെ മുൻപിൽ വെച്ച് നിരവധി തവണ അപമാനിച്ചുവെന്നും ശബ്ദരേഖയിലുണ്ട്. അകാരണമായി ഇന്റേണൽ മാർക്ക് കുറച്ചു. അധിക്ഷേപത്തെ ചോദ്യം ചെയ്തപ്പോൾ കയ്യും കാലും തല്ലിയൊടിക്കുമെന്ന് ഒരു അധ്യാപകൻ ഭീഷണിപ്പെടുത്തിയ വിവരവും പുറത്തുവന്ന സന്ദേശത്തിലുണ്ട്.

സ്റ്റാഫ് റൂം കേന്ദ്രീകരിച്ച് വിദ്യാർഥികൾ ക്രൂരമായ മാനസിക പീഡനത്തിന് ഇരയാകുന്നുണ്ടെന്നും ഇതിൽ വ്യക്തമാക്കുന്നു. സംഭവത്തെ തുടർന്ന് ആരോപണവിധേയരായ രണ്ട് അധ്യാപകരെ കോളജ് മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News