വീണ്ടും അദാനി; എസിസി, അംബുജ സിമന്റ്‌സുകൾ ഏറ്റെടുക്കുന്നു

അദാനി ഗ്രൂപ്പ് 2.21 ലക്ഷം രൂപയുടെ കടത്തിലാണെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

Update: 2022-08-26 09:56 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: രാജ്യത്തെ വൻകിട സിമന്റ് നിർമാതാക്കളായ എസിസിയുടെയും അംബുജയുടെയും ഓഹരികൾ കൈവശപ്പെടുത്താൻ അദാനി ഗ്രൂപ്പ്. 31,000 കോടി രൂപയുടെ ഓപൺ ഓഫറാണ് ഗ്രൂപ്പ് ഏറ്റെടുക്കലിനായി  മുമ്പോട്ടുവച്ചത്. ഓഫറിന് മാർക്കറ്റ് റെഗുലേറ്ററായ സെബിയുടെ അംഗീകാരം ലഭിച്ചു. പ്രമുഖ ടെലിവിഷൻ നെറ്റ്‌വർക്കായ എൻഡിടിവിയിൽ ഓഹരി നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് അദാനിയുടെ അടുത്ത നീക്കം.

സ്വിറ്റ്‌സർലാൻഡ് ആസ്ഥാനമായ ബഹുരാഷ്ട്ര നിർമാണക്കമ്പനി ഹോൽകിം ഗ്രൂപ്പിൽനിന്നാണ് അദാനി ഓഹരികൾ സ്വന്തമാക്കുന്നത്. വിദേശ കമ്പനിക്ക് ഇന്ത്യയിലുള്ള 10.5 ബില്യൺ ഡോളറിന്റെ (ഏകദേശം 83,920 കോടി രൂപ) ബിസിനസുകൾ ഏറ്റെടുക്കുമെന്ന് ഈ വർഷം മാർച്ചിൽ അദാനി പ്രഖ്യാപിച്ചിരുന്നു.

ഓപൺ ഓഫർ പ്രകാരം അംബുജ സിമന്റ്‌സിന്റെ ഒരു ഓഹരിക്ക് 385 രൂപയാണ് വില. എസിസിയുടേതിന് 2300 രൂപയും. ഇതുപ്രകാരം അംബുജ സിമെന്റ്സിന്റെ 26ശതമാനം(51.63 കോടി) ഓഹരികൾക്കായി 19,879.57 കോടി രൂപയും എസിസി ലിമിറ്റഡിന്റെ (4.89 കോടി ഓഹരികൾക്കായി) 26ശതമാനത്തിനായി 11,259.97 കോടി രൂപയുമാണ് അദാനി ഗ്രൂപ്പിന് ചെലവഴിക്കേണ്ടിവരിക.

അംബുജ സിമന്റ്‌സും എസിസിയും സംയുക്തമായി 70 ദശലക്ഷം ടൺ സിമന്റാണ് പ്രതിവർഷം ഉത്പാദിപ്പിക്കുന്നത്. രണ്ടു കമ്പനികൾക്കുമായി 23 സിമന്റ് പ്ലാന്റുകളും 14 ഗ്രിൻഡിങ് സ്റ്റേഷനുകളും 80 റെഡി മിക്‌സ് കോൺക്രീറ്റ് പ്ലാന്റുകളുമുണ്ട്. രാജ്യത്തുടനീളം അമ്പതിനായിരത്തിലധിതം വിതരണ പങ്കാളികളും.

കടം കാര്യമാക്കാതെ മുമ്പോട്ട്

അദാനി ഗ്രൂപ്പ് 2.21 ലക്ഷം രൂപയുടെ കടത്തിലാണെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ സംയുക്ത കടം 2021-22 സാമ്പത്തിക വർഷം 40.5 ശതമാനം വർധിച്ചതായാണ് ദ മോണിങ് കോൺടക്സ് ഡാറ്റ വ്യക്തമാക്കിയിരുന്നത്. മുൻ വർഷത്തെ 1.57 ലക്ഷം കോടിയിൽനിന്ന് 2.21 ലക്ഷം കോടി രൂപയായാണ് കടം വർധിച്ചത്. ഫ്ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസാണ് ഏറ്റവും കൂടുതൽ കടമുള്ള കമ്പനി. ഗ്രൂപ്പിന്റെ ഡെബ്റ്റ് ടു ഇക്വിറ്റി റേഷ്യോ നാലു വർഷത്തെ ഉയർന്ന നിലയിലാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. 

തുറമുഖം മുതൽ ഊർജം വരെ പടർന്നു കിടക്കുന്ന വ്യവസായ ലോകത്തിൽ അദാനി നടത്തുന്ന നിക്ഷേപങ്ങൾക്കു മേൽ വായ്പാ ഭാരം സമ്മർദം ചെലുത്തുമെന്ന് യുഎസ് ക്രഡിറ്റ് റേറ്റിങ് ഏജൻസി ഫിച്ച് ഗ്രൂപ്പിനു കീഴിലുള്ള വായ്പാ നിരീക്ഷണ ബോഡി ക്രഡിറ്റ്സൈറ്റ്സും റിപ്പോർട്ടു ചെയ്തിരുന്നു. തുറമുഖം മുതൽ ഊർജം വരെ പടർന്നു കിടക്കുന്ന വ്യവസായ ലോകത്തിൽ അദാനി നടത്തുന്ന നിക്ഷേപങ്ങൾക്കു മേൽ വായ്പാ ഭാരം സമ്മർദം ചെലുത്തും. ഒരു മോശം സാഹചര്യത്തിൽ വായ്പാ കുടിശ്ശികയിലേക്ക് മാറാവുന്ന കടക്കെണിയായി ഇതുമാറാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 17 ലക്ഷം കോടി രൂപയാണ് ഗ്രൂപ്പിൻറെ വിപണി മൂലധനം.

നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനാണ് ഗൗതം അദാനി. ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡസ്‌ക് പ്രകാരം 125 ബില്യൺ യുഎസ് ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. കഴിഞ്ഞ ഫെബ്രുവരിയിലാണ് അദാനി അംബാനിയെ മറികടന്നത്. 2022ലെ ആദ്യ രണ്ടു മാസം മാത്രം 12 ബില്യൺ യുഎസ് ഡോളറിന്റെ സമ്പത്താണ് അദാനിക്ക് വർധിച്ചത്. ഈ വർഷം ആഗസ്ത് ആദ്യവാരം വരെ അദാനി സ്വന്തം സമ്പത്തിലേക്ക് ചേർത്തിട്ടുള്ളത് 49.9 ബില്യൺ യുഎസ് ഡോളറാണ്.

പരിധിയില്ലാതെ വായ്പ

കടം പെരുകി നിൽക്കുമ്പോഴും പൊതുമേഖലാ ബാങ്കുകളിൽനിന്ന് വൻ തോതിൽ വായ്പ കിട്ടുന്ന വ്യവസായ ഭീമൻ കൂടിയാണ് അദാനി. യുപിയിലെ 594 കിലോമീറ്റർ നീളം വരുന്ന ഗംഗ എക്സ്പ്രസ് വേയ്ക്കു വേണ്ടി 12,000 കോടി രൂപയുടെ വായ്പയാണ് അദാനി ഗ്രൂപ്പ് എസ്ബിഐയിൽ നിന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. കോപ്പർ റിഫൈനറിക്കു വേണ്ടി ആറായിരം കോടി രൂപയും പി.വി.സി പ്ലാന്റിന് വേണ്ടി 14000 കോടി രൂപയും ഗ്രൂപ്പ് വായ്പയിനത്തിൽ സ്വന്തമാക്കിയിട്ടുണ്ട്. അദാനിക്ക് വായ്പ നൽകുന്നതിനെതിരെ കോൺഗ്രസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 

അതേസമയം, വായ്പാ ഭാരം ഭീമമാണ് എങ്കിലും ബഹുരാഷ്ട്ര കമ്പനി എന്ന നിലയിൽ അദാനിക്ക് ഇവ കൈകാര്യം ചെയ്യാവുന്നതേയുള്ളൂവെന്ന് ചില സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2014 മുതൽ പൊതുമേഖലാ ബാങ്കുകളിൽ അദാനിയുടെ പേരിൽ ഒരു രൂപയുടെ കിട്ടാക്കടമില്ലെന്നും അവർ പറയുന്നു. ഗ്രൂപ്പിന്റെ ഡെബ്റ്റ് ടു ഈക്വിറ്റി റേഷ്യോ കുറഞ്ഞുവരികയാണ് എന്നും അവർ അവകാശപ്പെടുന്നു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News