നവംബർ ഒന്ന് മുതൽ ബാങ്കിങ്, ജി പേ, ക്രെഡിറ്റ് കാർഡ് എന്നിവ വഴിയുള്ള ഇടപാടുകൾ മാറുന്നു

ദൈനംദിന ബാങ്കിങ് സേവനങ്ങള്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, നികുതി ഫയല്‍ ചെയ്യുന്നത് തുടങ്ങിയവയെ അടക്കം ബാധിക്കുന്നതാണ് വരാനിരിക്കുന്ന ഈ മാറ്റങ്ങള്‍

Update: 2025-10-30 07:36 GMT

ന്യൂഡല്‍ഹി: 2025 നവംബര്‍ ഒന്നുമുതല്‍ ബാങ്കിങ്, ആധാര്‍, പെന്‍ഷന്‍, ജിഎസ്ടി എന്നിവയില്‍ നിരവധി മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വരാനിരിക്കുന്നത്. ദൈനംദിന ബാങ്കിങ് സേവനങ്ങള്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, നികുതി ഫയല്‍ ചെയ്യുന്നത് തുടങ്ങിയവയെ അടക്കം ബാധിക്കുന്നതാണ് വരാനിരിക്കുന്ന ഈ മാറ്റങ്ങള്‍.

അടുത്ത മാസം മുതല്‍ ഒരു അക്കൗണ്ടിലേക്കോ ലോക്കറിലേക്കോ അല്ലെങ്കില്‍ സുരക്ഷിത കസ്റ്റഡിയിലേക്കോ നാലുപേരെ വരെ നാമനിര്‍ദേശം ചെയ്യാന്‍ അനുവദിക്കുന്നതാണ് ബാങ്കിങ് മേഖലയിലെ മാറ്റം. അടിയന്തര സാഹചര്യങ്ങളില്‍ കുടുംബാംഗങ്ങള്‍ക്ക് എളുപ്പത്തില്‍ ഫണ്ട് ലഭിക്കാന്‍ ഈ മാറ്റം സഹായിക്കും. പിന്നീടുണ്ടാകാനിടയുള്ള നിയമപരമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ നോമിനികളെ ചേര്‍ക്കുന്നതിനും, മാറ്റുന്നതിനുമുള്ള പ്രക്രിയയും കൂടുതല്‍ ലളിതമാക്കിയിട്ടുണ്ട്.

Advertising
Advertising

ചില ക്രെഡിറ്റ് കാര്‍ഡുകളുടെ പേയ്‌മെന്റ് ചാര്‍ജുകളിലും അടുത്ത മാസം ആദ്യത്തോടെ മാറ്റം വരും. തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വഴി നടത്തുന്ന വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പേയ്‌മെന്റുകള്‍ക്കും, ആയിരത്തിന് മുകളിലുള്ള വാലറ്റ് ടോപ്പ് അപ്പുകള്‍ക്കും ഒരു ശതമാനം ഫീസ് ബാധമാകുന്നതാണ് പുതിയ മാറ്റം. പുതുക്കിയ ഫീസ് ഘടനകള്‍ക്കായി കാര്‍ഡ് ഉപയോക്താക്കള്‍ തങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തേണ്ടതാണ്.

ആധാറില്‍ പൗരന്മാരുടെ ജനനതീയതി, പേര്, വിലാസം, മൊബൈല്‍ഫോണ്‍ നമ്പര്‍ എന്നിവ ഓണ്‍ലൈന്‍ വഴി അനുബന്ധ രേഖകള്‍ ഇല്ലാതെ തന്നെ പുതുക്കാം എന്ന മാറ്റമാണ് യുഐഡിഎഐ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ വിരലടയാളം, ഐറിസ് സ്‌കാന്‍ തുടങ്ങിയ ബയോമെട്രിക് അപ്‌ഡേറ്റുകള്‍ നടത്തുന്നതിന് ആധാര്‍ സേവനങ്ങള്‍ നല്‍കുന്ന കേന്ദ്രങ്ങള്‍ തന്നെ ആശ്രയിക്കേണ്ടി വരും. പുതിയ ഫീസ് ഘടന പ്രകാരം നോണ്‍ ബയോമെട്രിക് സേവനങ്ങള്‍ക്ക് 74 രൂപയും ബയോമെട്രിക് അപ്‌ഡേഷനുകള്‍ക്ക് 125 രൂപയുമാണ് ഈടാക്കുക.

പെന്‍ഷന്‍ അര്‍ഹരായവരും ശ്രദ്ധിക്കേണ്ടതുണ്ട്. വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ വിതരണം സമയബന്ധിതമായി നടപ്പിലാക്കാന്‍ വിരമിച്ചവര്‍ നവംബര്‍ ഒന്നിനും മുപ്പതിനുമിടയില്‍ വാര്‍ഷിക ലൈഫ് സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിക്കണം. അതേസമയം, ദേശീയ പെന്‍ഷന്‍ സംവിധാനത്തില്‍ നിന്നും ഏകീകൃത പെന്‍ഷന്‍ സംവിധാനത്തിലേക്ക് മാറാനുള്ള സമയപരിധി 2025 നവംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്.

നവംബര്‍ ആദ്യവാരത്തോടെ ജിഎസ്ടി സംവിധാനത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തും. നവംബര്‍ ഒന്നുമുതല്‍ ബിസിനസുകള്‍ക്ക് കൂടുതല്‍ ലളിതമായ രീതിയിലുള്ള രജിസ്‌ട്രേഷന്‍ പ്രക്രിയ നിലവില്‍ വരും. എന്‍ഡിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് സ്ലാബുകളിലേക്കുള്ള മാറ്റവും നവംബറോടെ പൂര്‍ണമായും നടപ്പിലാവും. അഞ്ച് ശതമാനവും 18 ശതമാനവും എന്ന നിലയിലേക്കാണ് നികുതി സ്ലാബുകള്‍ മാറുന്നത്. ആഡംബര വസ്തുകള്‍, പുകയില, മദ്യം തുടങ്ങിയവക്ക് 40 ശതമാനം നിരക്ക് ബാധകമാകും.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News