വീടിനുള്ളിലെ സ്വര്‍ണം ലക്ഷ്യമിട്ട് കേന്ദ്രം; ഇറക്കുമതി കുറക്കല്‍ ലക്ഷ്യം
രാജ്യത്തിലെ വീടുകളിലേയും ലോക്കറുകളിലേയും സ്വര്‍ണത്തിന്റെ കണക്ക് കേന്ദ്രസര്‍ക്കാര്‍ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വീടുകളിലും ബാങ്ക് ലോക്കറുകളിലും ഉപയോഗിക്കാതെ കിടക്കുന്ന സ്വര്‍ണം വിപണിയിലിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയുടെ ഇറക്കുമതി കുറക്കല്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനായി വിശദപദ്ധതി തയാറാക്കാനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലെ വീടുകളിലും ലോക്കറുകളിലും ഉള്ള സ്വര്‍ണത്തിന്റെ ഏകദേശകണക്ക് കേന്ദ്രസര്‍ക്കാര്‍ ശേഖരിച്ചു തുടങ്ങിയെന്നാണ് സൂചന. സ്വര്‍ണപണയ സ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഇവയുടെ കണക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറക്ക് വിശദപദ്ധതി അവതരിപ്പിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. വീടിനുള്ളില്‍ ഉപയോഗിക്കാതെ കിടക്കുന്ന സ്വര്‍ണം വിപണിയിലെത്തിക്കാനുള്ള നീക്കങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല.
സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്
കൊച്ചി: സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 195 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,350 രൂപയായാണ് കുറഞ്ഞത്. പവന്റെ വില 1560 രൂപ കുറഞ്ഞു. 1,06,800 രൂപയായാണ് വില കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 155 രൂപയുടെ കുറവുണ്ടായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 10,975 രൂപയായും പവന്റെ വില 87,800 രൂപയായും കുറഞ്ഞു.
രാജ്യാന്തര വിപണിയില്‍ ആറ് മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്ക് എത്തിയതിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റമുണ്ടായി. സ്പോട്ട് ഗോള്‍ഡ് നിരക്ക് 0.4 ശതമാനം ഉയര്‍ന്ന് 4,089.12 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.5 ശതമാനം ഇടിഞ്ഞ് 4,111.10 ഡോളറിലേക്ക് എത്തി.
ഇറാന്‍ യുദ്ധം തന്നെയാണ് സ്വര്‍ണനിരക്ക് ഇടിയുന്നതിലേക്ക് നയിക്കുന്നത്. യുഎസും ഇറാനും തമ്മില്‍ വീണ്ടും യുദ്ധം തുടങ്ങിയതോടെ എണ്ണവില കുതിക്കുമെന്ന് ഉറപ്പായി. എണ്ണവില വര്‍ധനവുണ്ടായാല്‍ അതിന് ആനുപാതികമായി പണപ്പെരുപ്പവും ഉയരും. ഇത് വിവിധ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്താനുള്ള സാഹചര്യം സൃഷ്ടിക്കും. പലിശനിരക്ക് ഉയര്‍ന്നാല്‍ സ്വര്‍ണം ആകര്‍ഷകമല്ലാതായി മാറുകയും ചെയ്യും. ഇതാണ് നിലവില്‍ വില കുറയുന്നതിനുള്ള പ്രധാനകാരണം.
ഇറാന്‍ വീണ്ടും ഹോര്‍മുസ് അടച്ചതോടെ എണ്ണവിലയില്‍ രണ്ട് ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. രാജ്യാന്തര വിപണിയില്‍ സ്പോട്ട് സില്‍വര്‍, പ്ലാറ്റിനം, പല്ലേഡിയം വിലകളും ഉയര്‍ന്നിട്ടുണ്ട്.