Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ആമസോണും ഫ്ലിപ്കാർട്ടുമുൾപ്പടെ നിരവധി ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി സാധനങ്ങൾ ഓർഡർ ചെയ്യുന്നവരാണല്ലോ നമ്മൾ? എത്ര വേഗത്തിലും എളുപ്പത്തിലുമാണല്ലേ നമ്മൾ ഓർഡർ ചെയ്ത സാധനം വീട്ടുപടിക്കൽ എത്തുന്നത്. എന്നാൽ പാഴ്സൽ പൊട്ടിച്ചെടുത്ത് അതിന്റെ പെട്ടി അശ്രദ്ധമായി വലിച്ചെറിയുന്നവരുമുണ്ട്. ഇത്തരക്കാർ സൂക്ഷിച്ചില്ലെങ്കിൽ കിട്ടുക മുട്ടൻ പണിയാകും.
കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നാമെങ്കിലും ഇത്തരക്കാരെ കാത്തിരിക്കുന്നത് വമ്പൻ തട്ടിപ്പാണ്. ഓൺലൈൻ ഷോപ്പിംഗ് ദൈനംദിന ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത തരത്തിലേക്ക് പോകുമ്പോൾ പാക്കേജുകളിലെ വ്യക്തിഗത വിവരങ്ങൾ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന തരത്തിൽ ദുരുപയോഗം ചെയ്യപ്പെടാമെന്ന് പറയുകയാണ് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ. @therajivmakhni എന്ന അക്കൗണ്ടിലൂടെയാണ് തട്ടിപ്പിനെക്കുറിച്ച് ഇദ്ദേഹം വ്യക്തമാക്കുന്നത്.
എന്താണ് ഓൺലൈൻ ഡെലിവറി ബോക്സ് തട്ടിപ്പ്?
നിങ്ങൾക്ക് ഒരു ഓൺലൈൻ പാർസൽ ലഭിക്കുമ്പോൾ ആ പാക്കേജിൽ സാധാരണയായി നിങ്ങളുടെ മുഴുവൻ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ ഉൾക്കൊള്ളിച്ച ലേബൽ പതിപ്പിച്ചിട്ടുണ്ടാവും. ഒരു തട്ടിപ്പുകാരനെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ ഒരു പ്രൊഫൈൽ സൃഷ്ടിക്കാൻ അത്രയും മതിയാകും. ഈ വിവരങ്ങൾ എത്ര എളുപ്പത്തിൽ തെറ്റായ കൈകളിൽ എത്തുന്നു എന്നതാണ് ആശങ്കാജനകമായ കാര്യം. ഈ വിവരങ്ങൾ ഒക്കെ ഉപയോഗിച്ച് അവർ വ്യാജ സന്ദേശങ്ങൾ, സ്‌കാം കോളുകൾ, ഫിഷിംഗ് തട്ടിപ്പുകൾ എന്നിവ നടത്തുന്നു. ഇത്തരം വ്യാജ മെയിലുകൾക്ക് മറുപടി കൊടുക്കുന്നതിലൂടെയോ, വ്യാജ ലിങ്കുകളിൽ ക്ലിക് ചെയ്യുന്നതിലൂടെയോ നിങ്ങൾ അവരുടെ കെണിയിൽ അകപ്പെട്ടേക്കാം.
ഏങ്ങനെ തട്ടിപ്പിന് ഇരയാകാതിരിക്കാം
1- ഡെലിവറി ബോക്സ് വലിച്ചെറിയുന്നതിന് മുമ്പ് പേരും വിലാസവുമടങ്ങിയ ഷിപ്പിംഗ് ലേബൽ പറിച്ചെന്ന് ഉറപ്പ് വരുത്തുക
2-അജ്ഞാത നമ്പറുകളിൽ നിന്നുള്ള ഫോൺ കോളുകൾക്കും മെസ്സേജുകൾക്കും പ്രതികരിക്കാതിരിക്കുക
3-സംശയാസ്പദമായി തോന്നുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്
ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ വിപത്തിൽ നിന്ന് നമ്മുക്ക് രക്ഷ നേടാം.