50-ാം വയസിൽ സംരംഭക; 8 വർഷം കൊണ്ട് ആസ്തി 7.5 ബില്യൺ

ഫിനാൻസ് മേഖലയിലെ പ്രഗത്ഭയായാണ് ഫൽഗുനി നായര്‍ അതുവരെ അറിയപ്പെട്ടിരുന്നത്. 25 വർഷത്തോളം നിക്ഷേപ ബാങ്കർ എന്ന നിലയിൽ പ്രവര്‍ത്തിച്ച അവർ 48-ാം വയസ്സിലാണ് ബിസിനസ്സിലേക്ക് തിരിയുന്നതിനെ കുറിച്ച് ആലോചിക്കുന്നത്

Update: 2022-10-09 13:35 GMT
Editor : സബീന | By : Web Desk
Advertising

ഓരോ സംരംഭകരും ഓരോ സ്‌റ്റോറിയാണ്. മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ എന്തെങ്കിലുമൊക്കെ അവരുടെ ജീവിതം കൊണ്ട് രേഖപ്പെടുത്തിവെച്ചവരായിരിക്കും. അചഞ്ചലമായ അഭിലാഷങ്ങൾക്ക് പുറകെ പോകാൻ മാത്രം ഊർജ്ജമുള്ള സംരംഭകർ ഏത് പ്രതിസന്ധിയെയും മറികടക്കുന്നത് അവരുടെ ആത്മവിശ്വാസം കൊണ്ടാണ്. അതാണ് നമ്മൾ കാണുന്ന വലിയ വലിയ ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുന്നതിലെ രഹസ്യം.

നമ്മൾ ഒരു അമ്പത് വയസ്സ് പ്രായമുള്ളപ്പോൾ എന്താണ് ചിന്തിക്കുക. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കാൻ ഒരു ഇനി എട്ടോ പത്തോ വർഷം കൂടിയുണ്ട് എന്നല്ലേ?. എന്നാൽ ഇവിടെ ഒരു വനിത തന്റെ ഒരു വലിയ ബിസിനസ് സാമ്രാജ്യത്തിന് തറക്കല്ലിട്ടത് അമ്പതാം വയസിലാണ്. ഇന്ന് ലോകമറിയുന്ന കോടികൾ ആസ്തികളുള്ള 'നൈക ഫാഷൻ' എന്ന വൻകിട ഫാഷൻ ബ്രാന്റിന്റെ ഉടമസ്ഥയായ ഫൽഗുനി നായരാണ് ഈ സംരംഭക. 2021ലെ കണക്കുകൾ അനുസരിച്ച് നൈക ഫാഷൻ വിപണി മൂലധനത്തിന്റെ കാര്യത്തിൽ പൊതുമേഖലാ കമ്പനി 'കോൾ ഇന്ത്യ'യേക്കാളും മുകളിലായിരുന്നു. ഇന്ത്യയിലെ ഏറ്റവും ധനികരായ 20 പേരിൽ ഒരാളാണ് ഫൽഗുനി നായർ.വെറും എട്ടുവർഷം കൊണ്ടാണ് അവർ ഈ നേട്ടം കൊയ്യുന്നത്.

ബാങ്കിംങ് മേഖലയിലെ കരിയർ

ഫൽഗുനി നായർ മുംബൈ സ്വദേശിനിയാണ്. എംബിഎ ബിരുദധാരിയാണ്. 1985ലെ അഹമ്മദാബാദ് ഐഐഎമ്മിൽ കോഴ്‌സ് കഴിഞ്ഞ് ഇറങ്ങിയ അവർ ഫെർഗൂസനിലായിരുന്നു ജോലിക്ക് ചേർന്നത്. 1993 ൽ കൊട്ടക് മഹീന്ദ്ര ഫിനാൻസിലേക്ക് മാറിയ ഫൽഗുനിയുടെ നേതൃത്വത്തിലാണ് കൊട്ടക് ഫിനാൻസ് ലണ്ടനിൽ ഓഫീസ് ആരംഭിക്കുന്നത്. മൂന്ന് വർഷത്തോളം അവിടെ തുടരുകയും പിന്നീട് യുഎസിൽ ശാഖകൾ ആരംഭിക്കാൻ നിയോഗിതയാവുകയും ചെയ്തു.

2001ൽ ഇന്ത്യയിലെ ഓഫീസിലേക്ക് തിരിച്ചെത്തിയ അവർ കൊട്ടക് മഹീന്ദ്ര ക്യാപിറ്റലിന്റെ മാനേജിങ് ഡയറക്ടറായി തുടർന്നു. ഫിനാൻസ് മേഖലയിലെ പ്രഗത്ഭയായാണ് അവർ അതുവരെ അറിയപ്പെട്ടിരുന്നത്. 25 വർഷത്തോളം നിക്ഷേപ ബാങ്കർ എന്ന നിലയിൽ കരിയർ പൂർത്തിയാക്കിയ അവർ തന്റെ 48ാം വയസ്സിലാണ് ഒരു ബിസിനസ്സിലേക്ക് തിരിയുന്നതിനെ കുറിച്ച് ആലോചിച്ചു തുടങ്ങുന്നത്.

 ഫാഷൻ മേഖലയിൽ വേറിട്ടൊരു ചിന്ത

സൗന്ദര്യം വർധിപ്പിക്കാനാണ് കോസ്മറ്റിക്‌സ് പ്രൊഡക്ടുകൾ എന്നൊരു ചിന്ത നമുക്കുണ്ട്. എല്ലാ തരത്തിൽപ്പെട്ട ആളുകൾക്കും ഒരേ പ്രൊഡക്ടുകളാണ് നമ്മുടെ കോസ്മറ്റിക് ,ഫാഷൻ വിപണികൾ പരിചയപ്പെടുത്തുന്നത്. എന്നാൽ ഓരോ മനുഷ്യരും വ്യത്യസ്തരാണെന്നും ഓരോരുത്തരുടെ ശാരീരിക ഘടനയ്ക്കും സ്വഭാവത്തിനും അനുസരിച്ച് കോസ്മറ്റിക് ,ഫാഷൻ ഉൽപ്പന്നങ്ങളും വ്യത്യസ്തമായിരിക്കണമെന്നും ഫൽഗുനി നായർ തന്റെ നിരീക്ഷണങ്ങളിൽ നിന്നും പഠനങ്ങളിൽ നിന്നും മനസിലാക്കുന്നു.

കോസ്മറ്റിക് വസ്തുക്കൾ ഉപയോഗിക്കുന്നതിൽ അത്രത്തോളം ജാഗ്രതയൊന്നും കാണിക്കാത്ത ഫൽഗുനി തന്റെ പർച്ചേസുകൾക്കായി പോകുമ്പോൾ പല സ്ത്രീകളും ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കുന്നതും മറ്റും ശ്രദ്ധിച്ചപ്പോഴാണ് ഇക്കാര്യങ്ങളെ കുറിച്ച് താൻ ബോധവതിയാകുന്നതെന്ന് അവർ പറയുന്നു. മാർക്കറ്റിലുള്ള ഈ വലിയ ഗ്യാപിനെ തിരിച്ചറിയുകയായിരുന്നു അവർ. സൗന്ദര്യവർധക വസ്തുക്കൾ പൊതുവേ സൗന്ദര്യം വർധിപ്പിക്കാൻ മാത്രം ഉപയോഗിക്കുന്ന ഉല്പ്പന്നങ്ങളല്ലെന്നും തലമുടി മുതൽ കാൽനഖം വരെയുള്ള ശരീര ഭാഗങ്ങൾ ആരോഗ്യകരമായ രീതിയിൽ പരിചരിക്കാൻ പ്രത്യേകം ശ്രദ്ധ ആവശ്യമാണെന്നും ആരോഗ്യത്തിന് കൂടി മുൻഗണന നൽകി വേണം കോസ്മറ്റിക് പ്രൊഡക്ടുകളെ സമീപിക്കാനെന്നും ഫൽഗുനി നായർ പറയുന്നു. ഈ മേഖലയിൽ ശരിയായ വിവരം നൽകുന്ന വിദഗ്ധരുടെ അഭാവവുമുണ്ട്. കോസ്മറ്റിക് ,ഫാഷൻ ഷോപ്പുകളിൽ പോകേണ്ടി വരുമ്പോൾ ഓരോ സ്ത്രീയുടെയും വ്യക്തിപരമായ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് ഉൽപ്പന്നം നിർദേശിക്കാൻ മാത്രം വൈദഗ്ധ്യമുള്ളവർ വേണ്ടതുണ്ടെന്ന തന്റെ ധാരണയാണ് ഈ സംരംഭത്തിന് പിറകിലെന്ന് ഫൽഗുനി നായർ പറയുന്നു.

 50ാം വയസിൽ സംരംഭക

റിട്ടയർമെന്റിലേക്ക് ബഹുദൂരമില്ലെന്ന് തിരിച്ചറിയുന്ന പ്രായമാണ് നമുക്ക് അമ്പത് വയസ്സ്. എന്നാൽ ഫൽഗുനി തന്റെ ഫിനാൻസ് മേഖലയിലെ കരിയർ അവസാനിപ്പിച്ച് വലിയൊരു സ്വപ്‌നത്തിന് പിറകേ പോകാൻ തീരുമാനമെടുത്തത് ഈ പ്രായത്തിലാണ്. ഫാഷൻ,കോസ്മറ്റിക് വിപണിയിൽ സ്വന്തമായി ഒരു ബ്രാന്റ് വികസിപ്പിച്ചെടുക്കുന്നതിന് കുറിച്ചായിരുന്നു പിന്നീട് അവരുടെ ചിന്ത. തന്റെ ജീവിത പങ്കാളി സഞ്ജയ് മേത്തയും ഫിനാൻസ് മേഖലയിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തോട് ഈ വിഷയം അവതരിപ്പിച്ചപ്പോൾ വലിയ പ്രചോദനമായിരുന്നു നൽകിയതെന്ന് ഫൽഗുനി പറയുന്നു. സംരംഭം തുടങ്ങുന്നതിന്റെ ഭാഗമായി ഈ മേഖലയെ കുറിച്ച് സമഗ്രമായി പഠിക്കാനും അവർ സമയം ചെലവിട്ടു. 2012 ൽ സ്വന്തം സംരംഭം തുടങ്ങി. തന്റെ സമ്പാദ്യത്തിൽ നിന്ന് രണ്ട് മില്യൺ ഡോളർ ഉപയോഗിച്ചാണ് അവർ 'നൈക.കോം' എന്ന ഇ-കൊമേഴ്‌സ് കമ്പനി ആരംഭിച്ചത്.

ആരംഭിച്ച് രണ്ട് വർഷം കൊണ്ട് നൈകയുടെ വിറ്റുവരവ് 214 കോടി രൂപയായി കുതിച്ചുയർന്നു. ഇത് മാത്രം ഈ സംരംഭയുടെ ബിസിനസ് മിടുക്ക് മനസിലാക്കാൻ. 25 ദശലക്ഷം ഉപഭോക്താക്കളായിരുന്നു ഈ സംരംഭം നേടിയത്.

 നിക്ഷേപകരായി ബോളിവുഡ് താരങ്ങളും

ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിക്ക് വേണ്ടി ഫണ്ട് സമാഹരണം ഒരിക്കലും ഫൽഗുനിക്ക് ഒരു തടസ്സമായിരുന്നില്ല. അടുത്തിടെ സ്റ്റെഡ്വ്യൂ ക്യാപിറ്റലിന്റെ നേതൃത്വത്തിൽ 25 മില്യൺ ഡോളർ നിക്ഷേപം സമാഹരിച്ചിരുന്നു. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്,കത്രീന കൈഫ് എന്നിവർക്കൊക്കെ നൈകയിൽ നിക്ഷേപമുണ്ട്.

2015ൽ റീട്ടെയിൽ മേഖലയിലേക്ക് കൂടി കടന്നതോടെ 55 സ്‌റ്റോറുകളാമ് ഇവർ രാജ്യത്ത് പല ഭാഗങ്ങളിലായി ആരംഭിച്ചത്.ഇന്ന് രാജ്യത്തെ സ്വയം കോടീശ്വരിയായവരുടെ പട്ടികയിൽ ഈ വനിതാ സംരംഭകയുടെ പേരുമുണ്ട്. ഒരു ലക്ഷം കോടി രൂപയാണ് നൈകയുടെ വിപണി മൂലധനമുള്ള ഈ സംരംഭത്തിന്റെ സംരംഭകയുടെ ആസ്തി 7.5 ബില്യൺ ഡോളറാണ്.

Tags:    

Writer - സബീന

Contributor

Editor - സബീന

Contributor

By - Web Desk

contributor

Similar News