കുതിപ്പിന് ചെറിയൊരു ബ്രേക്ക്; സ്വര്‍ണവിലയില്‍ ഇടിവ്

പവന് 5240 രൂപ കുറഞ്ഞ് 1,25,120 രൂപയാണ് ഇന്നത്തെ വില

Update: 2026-01-30 05:21 GMT

കോഴിക്കോട്: ദിവസങ്ങളുടെ കുതിപ്പിനൊടുവില്‍ ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 5240 രൂപ കുറഞ്ഞ് 1,25,120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 655 രൂപ കുറഞ്ഞ് 15,640 രൂപയായി.

റെക്കോഡ് വിലയില്‍ നിന്നാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരിക്കുന്നത്. ഇന്നലെ ഒറ്റയടിക്ക് 8640 രൂപയാണ് വര്‍ധിച്ചത്. പവന് 1,31,160 എന്ന എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നാണ് ഇന്ന് 5240 രൂപ കുറഞ്ഞിരിക്കുന്നത്.

ആഗോള വിപണിയില്‍ സ്വര്‍ണത്തിന് രണ്ട് ശതമാനത്തോളം വിലയിടിഞ്ഞു. 100 ഡോളര്‍ ഇടിഞ്ഞ് ഔണ്‍സിന് 5208 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. വന്‍ കുതിപ്പിനൊടുവില്‍ നിക്ഷേപകര്‍ ലാഭമെടുക്കുന്നതാണ് ഇന്നത്തെ ഇടിവിന് പ്രധാന കാരണം. വെള്ളിവിലയിലും ഇടിവാണ്. 2.43 ഡോളര്‍ ഇടിഞ്ഞ് ഔണ്‍സിന് 111 ഡോളര്‍ എന്ന നിലയിലാണ് വെള്ളി.

ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ സാഹചര്യത്തിലാണ് സ്വര്‍ണത്തിന് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വന്‍തോതില്‍ വില വര്‍ധിച്ചത്. നിക്ഷേപകര്‍ കൂടുതല്‍ സുരക്ഷിതമെന്ന് കണ്ട് ഓഹരിവിപണിയില്‍ നിന്ന് പിന്മാറി സ്വര്‍ണത്തില്‍ നിക്ഷേപിക്കുകയായിരുന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News