'ട്രംപിനെ വിശ്വസിക്കരുത്, യുഎസിലുള്ള ടണ്‍ കണക്കിന് സ്വര്‍ണം തിരികെ കൊണ്ടുവരണം'; ജര്‍മനിയില്‍ ആവശ്യം ശക്തം
ജര്‍മനിയുടെ കരുതല്‍ ശേഖരത്തിന്റെ 37 ശതമാനം സ്വര്‍ണം യുഎസിലാണ് സൂക്ഷിച്ചിരിക്കുന്നത്
ബെര്‍ലിന്‍: യുഎസ് ഫെഡറല്‍ റിസര്‍വിന്റെ രഹസ്യ അറകളില്‍ സൂക്ഷിച്ചിരിക്കുന്ന ജര്‍മനിയുടെ ഉടമസ്ഥതയിലുള്ള ടണ്‍ കണക്കിന് സ്വര്‍ണം തിരികെ കൊണ്ടുവരണമെന്ന് ആവശ്യമുയരുന്നു. ജര്‍മനിയിലെ ജനപ്രതിനിധികളും സാമ്പത്തിക വിദഗ്ധരുമാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന വാദം ഉയര്‍ത്തിയാണ് ആവശ്യം.
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം കരുതല്‍ ശേഖരത്തിലുള്ള രണ്ടാമത്തെ രാജ്യമാണ് ജര്‍മനി. 3352 ടണ്‍ സ്വര്‍ണമാണ് ജര്‍മനിയുടെ കരുതല്‍ ശേഖരം. യുഎസാണ് ഇക്കാര്യത്തില്‍ മുന്നില്‍. 8133 ടണ്‍ യുഎസിന്റെ കരുതല്‍ ശേഖരത്തിലുണ്ട്. ജര്‍മനിയുടെ കരുതല്‍ ശേഖരത്തിന്റെ 37 ശതമാനം (1236 ടണ്‍) സ്വര്‍ണം ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വിന്റെ രഹസ്യ അറകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂണിയന്റെ ആക്രമണ ഭീഷണി നിലനിന്നിരുന്നപ്പോള്‍ സുരക്ഷിതമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്തത്. 13 ശതമാനം സ്വര്‍ണം ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും സൂക്ഷിച്ചിട്ടുണ്ട്. ബാക്കി പകുതിയോളം സ്വര്‍ണം ജര്‍മന്‍ നഗരമായ ഫ്രാങ്ക്ഫര്‍ട്ടിലെ ബുണ്ടസ്ബാങ്കിന്റെ ശേഖരത്തിലാണ് ഉള്ളത്.
ഏകദേശം 164 ബില്യന്‍ യൂറോ (ഏകദേശം 17.78 ലക്ഷം കോടി രൂപ) വിലമതിക്കുന്ന ജര്‍മന്‍ സ്വര്‍ണം യുഎസിലുണ്ട്. 2008ലെ സാമ്പത്തിക മാന്ദ്യത്തിന് പിന്നാലെ കരുതല്‍ സ്വര്‍ണം ഇനിയും വിദേശത്ത് സൂക്ഷിക്കേണ്ടതില്ലെന്നും തിരിച്ചുകൊണ്ടുവരണമെന്നും ജര്‍മന്‍ രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതിനായി നീക്കവും തുടങ്ങി. എന്നാല്‍, കുറച്ചു സ്വര്‍ണം മാത്രമേ കൊണ്ടുവരാന്‍ സാധിച്ചുള്ളൂ. ഇപ്പോള്‍ സ്വര്‍ണം മുഴുവനായി തിരികെ കൊണ്ടുവരണമെന്ന ആവശ്യമാണ് ജര്‍മനിയില്‍ ഉയരുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയെന്ന നിലയിലാണ് വിദേശരാജ്യങ്ങള്‍ തങ്ങളുടെ സ്വര്‍ണം സൂക്ഷിക്കാന്‍ യുഎസിനെ ഏല്‍പ്പിക്കുന്നത്. 30 ഓളം രാജ്യങ്ങളുടെ 6300 ടണ്‍ സ്വര്‍ണം യുഎസിന്റെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നിലവറകളില്‍ സൂക്ഷിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍, ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും ഡോണള്‍ഡ് ട്രംപിന്റെ നിലപാടു മാറ്റങ്ങളും പരിഗണിച്ച് സ്വര്‍ണം എത്രയും വേഗം തിരികെ എത്തിക്കുന്നതാണ് നല്ലതെന്ന് ജര്‍മനിയില്‍ വാദം ഉയരുകയാണ്.
ജര്‍മനിയിലെ പ്രമുഖ സാമ്പത്തിക വിദഗ്ധനും ജര്‍മന്‍ ഫെഡറല്‍ ബാങ്കിന്റെ ഗവേഷണ വിഭാഗം മുന്‍ മേധാവിയുമായ ഇമ്മാനുവേല്‍ മോന്‍ച് സ്വര്‍ണം യുഎസില്‍ നിന്ന് തിരികെ എത്തിക്കണമെന്ന് വാദിക്കുന്നയാളാണ്. യുഎസിലെ നിലവിലെ ഭരണകൂടത്തിന് കീഴില്‍ സ്വര്‍ണം സൂക്ഷിക്കുന്നത് അപകടകരമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സ്വര്‍ണം രാജ്യത്ത് തിരിച്ചെത്തിക്കണമെന്ന് ജര്‍മന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷമായ ഗ്രീന്‍ പാര്‍ട്ടിയുടെ ധനകാര്യ വക്താവ് കാതറീന ബെക്കും ആവശ്യപ്പെട്ടു. യൂറോപ്യന്‍ ടാക്‌സ് പെയേഴ്‌സ് അസോസിയേഷനും ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. ട്രംപിന്റെ നീക്കങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി പറയാനാകില്ലെന്നും ഗ്രീന്‍ലാന്‍ഡിന്റെ കാര്യത്തില്‍ ഇത് കണ്ടതാണെന്നും അസോസിയേഷന്‍ തലവന്‍ മൈക്കല്‍ ജാഗര്‍ പറഞ്ഞു.