സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്

ഈ ആഴ്ച പുറത്തുവരുന്ന അമേരിക്കയുടെ പണപ്പെരുപ്പ കണക്കുകളിലേക്കാണ് നിക്ഷേപകരുടെ ശ്രദ്ധ

Update: 2026-10-12 09:38 GMT

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. ഗ്രാമിന് 120 രൂപയുടെ ഇടിവാണ് ഉച്ചക്ക് ശേഷം ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,720 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 960 രൂപയുടെ കുറവുണ്ടായി. പവന്റെ വില 1,09,760 രൂപയായാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 100 രൂപയുടെ കുറവുണ്ടായി. ഗ്രാമിന് 11,270 രൂപയും പവന് 90,160 രൂപയായുമാണ് സ്വര്‍ണവില കുറഞ്ഞത്.ഗാമിന് 40 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,840 രൂപയായി കുറഞ്ഞു പവന്റെ വിലയില്‍ 320 രൂപയുടെ കുറവുണ്ടായി. 1,10,720 രൂപയായാണ് വില കുറഞ്ഞത്.

Advertising
Advertising

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഡോളറിന്റെ മൂല്യത്തിലുണ്ടായ ദൗര്‍ബല്യവും ക്രൂഡ് ഓയില്‍ വില കുറഞ്ഞതുമാണ് തിങ്കളാഴ്ച സ്വര്‍ണത്തിന് പിന്തുണയായത്. അമേരിക്കയില്‍ പുറത്തുവരാനിരിക്കുന്ന പണപ്പെരുപ്പ കണക്കുകള്‍ക്കായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍. സ്പോട്ട് ഗോള്‍ഡ് വില 0.3 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,206.01 ഡോളറിലെത്തി. ഡിസംബറിലെ വിതരണത്തിനുള്ള യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വിലയും 0.3 ശതമാനം വര്‍ധിച്ച് 4,230.40 ഡോളറായി.

 ഈ ആഴ്ച പുറത്തുവരുന്ന അമേരിക്കയുടെ പണപ്പെരുപ്പ കണക്കുകളിലേക്കാണ് നിക്ഷേപകരുടെ ശ്രദ്ധ. ബുധനാഴ്ച ഉപഭോക്തൃ വിലസൂചികയും (CPI), വ്യാഴാഴ്ച ഉല്‍പ്പാദക വിലസൂചികയും (PPI) ചില്ലറ വില്‍പ്പന കണക്കുകളും പുറത്തുവരും. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് തീരുമാനങ്ങളെക്കുറിച്ചുള്ള സൂചനകള്‍ നല്‍കാന്‍ ഈ കണക്കുകള്‍ക്ക് കഴിയും.

പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുകയും പലിശനിരക്ക് വര്‍ധിക്കുകയും ചെയ്താല്‍ പലിശ വരുമാനം നല്‍കാത്ത സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയാനിടയുണ്ട്. അതേസമയം, ഡോളര്‍ ദുര്‍ബലമാകുന്നത് മറ്റു കറന്‍സികള്‍ കൈവശമുള്ളവര്‍ക്ക് സ്വര്‍ണം വാങ്ങുന്നത് താരതമ്യേന ചെലവുകുറഞ്ഞതാക്കും.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News