അഞ്ചാം ദിനവും വിലയില്‍ അനക്കമില്ല; സ്വർണത്തിന് ഇതെന്തു പറ്റി?

പണപ്പെരുപ്പം നിയന്ത്രിക്കാൻ അടിസ്ഥാന നിരക്കുകളിൽ ഇനിയും മാറ്റം വരുത്തുമെന്ന് കേന്ദ്രബാങ്കുകൾ സൂചന നൽകുന്നുണ്ട്

Update: 2022-09-13 06:59 GMT
Editor : abs | By : Web Desk
Advertising

മുംബൈ: തുടർച്ചയായ അഞ്ചാം ദിവസവും മാറ്റമില്ലാതെ സ്വർണവില. ചൊവ്വാഴ്ച രാവിലെ പവൻ ഒന്നിന് 37,400 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4,675 രൂപ. സെപ്തംബർ ഒമ്പതിനാണ് സ്വർണവില ഇന്നത്തെ  നിലയിലെത്തിയത്. 37,320 രൂപയിൽ നിന്നായിരുന്നു കയറ്റം. അതിനു ശേഷം മാറ്റമുണ്ടായിട്ടില്ല. 

സെപ്തംബറിലെ ആദ്യ ദിനത്തിൽ 37200 രൂപയായിരുന്നു മഞ്ഞലോഹത്തിന്റെ വില. രണ്ടാം തിയ്യതി മാസത്തിലെ ഏറ്റവും ചെറിയ നിരക്കിലെത്തി. എൺപത് രൂപ കുറഞ്ഞ് വില 37,120 രൂപ. സെപ്തംബർ ആറിന് 37,520 രൂപയിലേക്ക് കയറിയെങ്കിലും തൊട്ടടുത്ത ദിനം വീണ്ടും 37,120 ലേക്ക് തിരിച്ചിറങ്ങി. സെപ്തംബർ എട്ടിന് ഇരുനൂറു രൂപ കൂടിയെങ്കിലും പിന്നീട് 37400 രൂപയിൽ സ്ഥിരപ്പെടുകയായിരുന്നു.

ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം ഇടിയുന്നതും യുഎസ് കറൻസി കരുത്തു നേടുന്നതുമാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. യൂറോപ്പിലെ ഇന്ധന പ്രതിസന്ധിയും ചൈനയിലെ വൈറസ് ഉത്കണ്ഠയും മൂലം കടുത്ത സമീപനങ്ങളാണ് യുഎസ് ഫെഡറൽ റിസർവും മറ്റു കേന്ദ്രബാങ്കുകളും സാമ്പത്തിക മേഖലയിൽ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.  

ഈ മാസത്തെ സ്വര്‍ണവില. കടപ്പാട് keralagold.com

 

പലിശ നരക്കിലെ വർധന സ്വർണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. പലിശ നിരക്കുകൾ വർധിക്കുമ്പോൾ നിക്ഷേപകർ സ്വർണം വിൽക്കുകയും ഉയർന്ന പലിശ ലഭിക്കുന്ന നിക്ഷേപങ്ങളിൽ പണമിറക്കുകയുമാണ് ചെയ്യുന്നത്. പണപ്പെരുപ്പം വർധിക്കുന്ന സമയത്ത് കറൻസിയുടെ മൂല്യം കുറയുമ്പോൾ സുരക്ഷിത ഓപ്ഷൻ എന്ന നിലയിൽ ആളുകൾ സ്വർണത്തെ ആശ്രയിക്കുന്നുണ്ട്.

പണപ്പെരുപ്പം നിയന്ത്രിക്കാൻ അടിസ്ഥാന നിരക്കുകളിൽ ഇനിയും മാറ്റം വരുത്തുമെന്ന് കേന്ദ്രബാങ്കുകൾ സൂചന നൽകുന്നുണ്ട്. ആർബിഐ അടക്കം ഈയിടെ നിരവധി തവണ റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നു. നിരക്കു വർധിപ്പിക്കുമെന്ന ഉത്കണ്ഠയാണ് സ്വർണം, എണ്ണ വിപണികളിൽ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവരും നിരവധി. 

അന്താരാഷ്ട്ര വിപണിയിൽ സ്‌പോട് ഗോൾഡ് ഒരു ട്രോയ് ഔൺസിന് 1717.17 ഡോളറാണ് വില. 0.1 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. യുഎസ് ഗോൾഡിന്റെ വില 1,728.70 ഡോളർ. ആഭ്യന്തര മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ (എംസിഎക്‌സ്) സെപ്തംബർ 12ന് സ്വർണ വില 0.2 ശതമാനം താഴ്ന്നു. പത്തു ഗ്രാമിന് 50,427 രൂപയാണ് വില. സ്വർണം കിലോയ്ക്ക് 55,213 രൂപയാണ്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News