വീണ്ടും കുതിക്കാന്‍ സ്വര്‍ണം; ഇന്നും വില വര്‍ധിച്ചു
തുടര്‍ച്ചയായ രണ്ടാംദിവസമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 960 രൂപ വര്‍ധിച്ച് 1,16,120 രൂപയായി. ഗ്രാമിന് 120 രൂപ വര്‍ധിച്ച് 14,515 രൂപയായി. ഇന്നലെ 1,15,160 രൂപയായിരുന്നു പവന്‍ വില. തുടര്‍ച്ചയായ രണ്ടാംദിവസമാണ് സ്വര്‍ണത്തിന് വില വര്‍ധിക്കുന്നത്.
ഇന്നലെ പവന് 600 രൂപ വര്‍ധിച്ചിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ അയവുണ്ടാകുമെന്ന സൂചനകളാണ് സ്വര്‍ണവിലയെ മുകളിലേക്കുയര്‍ത്തിയത്. ഇറാനെതിരായ ആക്രമണം തുടരാനുള്ള തീരുമാനത്തില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്മാറിയതോടെ അസംസ്‌കൃത എണ്ണവില ഇടിയുകയും സ്വര്‍ണവില വര്‍ധിക്കുകയുമായിരുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം വളരെ താഴേക്ക് പോകുന്നതും സ്വര്‍ണവില കുതിക്കാന്‍ കാരണമായി.
അതേസമയം, ആഗോളവിപണിയില്‍ നേരിയ ഇടിവിലാണ് സ്വര്‍ണം വ്യാപാരം തുടരുന്നത്. ട്രോയ് ഔണ്‍സിന് 43 ഡോളര്‍ കുറഞ്ഞ് 4465 ഡോളറായി. വെള്ളി ഒന്നര ശതമാനത്തിലേറെ ഇടിഞ്ഞ് 73.63 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം.
ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ കൂട്ടിയതോടെ കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഒറ്റയടിക്ക് പവന് 10,200 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,23,120 രൂപ വരെ ഉയര്‍ന്നിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി തീരുവ 4.35 ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് ഉയര്‍ത്തിയത്. ഇറക്കുമതി കുറയ്ക്കാനും വ്യാപാര കമ്മി നിയന്ത്രിക്കാനും ലക്ഷ്യമിട്ടായിരുന്നു വര്‍ധന. തുടര്‍ന്നുള്ള ദിവസങ്ങളിലെ വലിയ ഇടിവിന് ശേഷമാണ് ഇപ്പോള്‍ തുടര്‍ച്ചയായ രണ്ടാംദിവസവും വില ഉയര്‍ന്നത്.