വന്‍ പിരിച്ചുവിടലിനൊരുങ്ങി ടെക് ഭീമന്‍
ജീവനക്കാരില്‍ അഞ്ച് ശതമാനത്തെ ഒഴിവാക്കാനാണ് കമ്പനി ഒരുങ്ങുന്നത്. വൈകാതെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം ജീവനക്കാരെ പുനര്‍വിന്യസിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ജോബ് സേര്‍ച്ച് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്‍ വന്‍ പിരിച്ചുവിടലിനൊരുങ്ങുന്നു. ആകെ ജീവനക്കാരില്‍ അഞ്ച് ശതമാനത്തെ ഒഴിവാക്കാനാണ് കമ്പനി ഒരുങ്ങുന്നത്. വൈകാതെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം നിലവിലുള്ള ജീവനക്കാരെ പുനര്‍വിന്യസിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ലാഭത്തില്‍ വര്‍ധനയുണ്ടാകുന്നതിനിടെയാണ് മൈക്രോസോഫ്റ്റ് വന്‍ പിരിച്ചുവിടലിനൊരുങ്ങുന്നത്. 12 ശതമാനം ലാഭവര്‍ധനയാണ് ഈ വര്‍ഷം മൈക്രോസോഫ്റ്റിനുണ്ടായത്. അതേസമയം, എഐയല്ല പിരിച്ചുവിടലിന് കാരണമെന്നും കമ്പനി വിശദീകരിച്ചിട്ടുണ്ട്.
നിലവില്‍ ആഗോളതലത്തില്‍ 17,500 ജീവനക്കാരാണ് കമ്പനിക്കുള്ളത്. ആഗോളതലത്തില്‍ 1.3 ബില്യണ്‍ ആളുകള്‍ നെറ്റ്‌വര്‍ക്ക് പ്ലാറ്റ്‌ഫോമില്‍ അംഗങ്ങളാണ്. 26.2 ബില്യണ്‍ ഡോളറിനാണ് കമ്പനിയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്.
അതേസമയം, ഐടി മേഖലയില്‍ പിരിച്ചുവിടല്‍ തുടരുകയാണ്. 2026ല്‍ ഇതുവരെ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് ഐടി സെക്ടറില്‍ തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഏപ്രില്‍ മെയ് കാലയളവില്‍ കുറഞ്ഞ ആളുകള്‍ക്ക് മാത്രമാണ് ഐടി മേഖലയില്‍ തൊഴില്‍നഷ്ടപ്പെട്ടത്. മാര്‍ച്ചില്‍ 11,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍ ഏപ്രിലില്‍ ഒമ്പതിനായിരം പേര്‍ക്കാണ് തൊഴില്‍നഷ്ടമുണ്ടായത്.
നേരത്തെ മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്കായി സ്വയംവിരമിക്കല്‍ പദ്ധതി അവതരിപ്പിച്ചിരുന്നു.കമ്പനിയുടെ 50 വര്‍ഷത്തെ ചരിത്രത്തിനിടെ ഇതാദ്യമായാണ് മൈക്രോസോഫ്റ്റ് സ്വയംവിരമിക്കല്‍ പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യ ഇന്‍ഷൂറന്‍സ്, നഷ്ടപരിഹാരതുക, ഓഹരി പങ്കാളിത്തം എന്നിവ നല്‍കിയുള്ള സ്വയംവിരമിക്കല്‍ പദ്ധതിയാണ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്.
ദീര്‍ഘകാലമായി മൈക്രോസോഫ്റ്റില്‍ തുടരുന്ന ജീവനക്കാര്‍ക്കാണ് സ്വയം വിരമിക്കല്‍ പദ്ധതി. 50 വയസ് പൂര്‍ത്തിയായ 20 വര്‍ഷത്തെ സര്‍വീസുള്ളവര്‍ക്കാണ് വിരമിക്കല്‍ പദ്ധതി. 55 വയസുള്ള 15 വര്‍ഷം സര്‍വീസുള്ളവര്‍ക്കും വിരമിക്കല്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.