ഐടി ജോലി വിട്ട് അരിമുറുക്കും പലഹാരങ്ങളും വിൽക്കും; രാജേന്ദ്രയുടെ വരുമാനം ഒരു ലക്ഷം

അരി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വിഭവമാണ് ചേക്കാലു. ബീറ്റ്റൂട്ട്, കാരറ്റ് തുടങ്ങിയ പച്ചക്കറികൾ ചേർത്ത് ഞാൻ അതിന്റെ പാചകക്കുറിപ്പ് മെച്ചപ്പെടുത്തി, അതുവഴി ഇത് കൂടുതൽ ആരോഗ്യകരവും രുചികരവുമാക്കി. 'മിക്സ് വെജ് ചെക്കലു' എന്നാണ് നമ്മൾ ഇതിനെ വിളിക്കുന്നത്. സാധാരണയായി ഈ പച്ചക്കറികൾ കഴിക്കാത്ത കുട്ടികൾ പോലും വെജ് ചെക്കലു ഇഷ്ടപ്പെടുന്നു

Update: 2022-10-23 03:03 GMT
Editor : സബീന | By : Web Desk
Advertising

പാചകത്തോടുളള പ്രിയം പലരെയും സംരംഭകരാക്കാറുണ്ട്. എന്നാൽ നിലവിലുള്ള നല്ലൊരു പ്രൊഫഷൻ ഉപേക്ഷിച്ച് പാചകം ജീവിത ലക്ഷ്യമാക്കി മാറ്റുന്നവർ വിരളമാണ്. എന്നാൽ തന്റെ അഭിനിവേശത്തിന് വേണ്ടി സ്വന്തം ജോലി ഉപേക്ഷിച്ച് തുനിഞ്ഞിറങ്ങിയ ഒരു സംരംഭകനെ ഇവിടെ പരിചയപ്പെടുത്താം. ഹൈദാരാബാദ് സ്വദേശി രാജേന്ദ്ര പ്രസാദ് റെഗോണ്ടയാണ് ഈ സംരംഭകൻ. തനിക്ക് ഭക്ഷണത്തോടും പാചകത്തോടുമുളള പ്രിയം അദ്ദേഹത്തെ ഒരു സംരംഭകനാക്കി മാറ്റി. 20 വർഷമായി ഐടി മേഖലയിലുള്ള തന്റെ കരിയറാണ് അദ്ദേഹം തന്റെ ലഘുഭക്ഷണ പ്രേമത്തിന് വേണ്ടി ബലികഴിപ്പിച്ചത്. എന്നാൽ വലിയ വരുമാനമാണ് ഈ ബിസിനസിലൂടെ രാജേന്ദ്രൻ സ്വന്തമാക്കുന്നത്.

 

ഐടി ജീവിതം

ഹൈദരാബാദിലെ വലിയൊരു ഐടി കമ്പനിയിലെ ജീവനക്കാരനാണ് രാജേന്ദ്രപ്രസാദ് റെഗോണ്ട. ഉയർന്ന ശമ്പളവും സുരക്ഷിതമായ ജോലിയും ഉണ്ടെങ്കിലും ദീർഘകാലമായി സ്വന്തമായി ഒരു ബിസിനസ് വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പാചകത്തിൽ കേമനായ രാജേന്ദ്രക്ക് പ്രാദേശികമായ ലഘുഭക്ഷണങ്ങൾക്കുള്ള വിപണിയെ കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. തിരക്കിട്ട ജീവിതത്തിന് ഇടയിൽ തനത് ലഘുഭക്ഷണങ്ങൾ ഉണ്ടാക്കാൻ ആർക്കും നേരമോ താൽപ്പര്യമോ ഉണ്ടായിരുന്നില്ല. എന്നാൽ വിപണിയിലെത്തുന്ന പല റെഡിമെയ്ഡ് സ്‌നാക്‌സുകളും ആരോഗ്യത്തിന് നല്ലതല്ലെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ ഈ നമ്മുടെ നാടിന്റെ തനതായ ലഘുഭക്ഷണങ്ങൾക്ക് വിപണിയിൽ വലിയ ഡിമാന്റുണ്ടെന്ന് രാജേന്ദ്ര കണ്ടെത്തി. ഇതേതുടർന്നാണ് അദ്ദേഹം തന്റെ ബിസിനസ് എന്ന സ്വപ്‌നവും പാചക നിപുണതയും ഒരുമിപ്പിക്കാൻ തീരുമാനിക്കുന്നത്.

 

ടി സ്‌നാക്‌സിന് തുടക്കം

2019ൽ ആന്ധ്ര,തെലങ്കാന സംസ്ഥാനങ്ങളിലെ പ്രാദേശിക ലഘുഭക്ഷണങ്ങൾക്കായി 'ടി സ്‌നാക്‌സ്' ആരംഭിച്ചു. പ്രഗതി നഗറിലെ വീടിനോട് ചേർന്ന് ഒരു ക്ലൗഡ് കിച്ചൺ ആരംഭിച്ചു. അഞ്ച് ലക്ഷം രൂപയായിരുന്നു മുതൽമുടക്ക്. ലോക്ക്ഡൗൺ കാരണം സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നു. എന്നാൽ കോവിഡ് സമയത്ത് ആളുകൾക്ക് ഭക്ഷണത്തിനുള്ള ബുദ്ധിമുട്ട് മനസിലാക്കി തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ സൗജന്യമായി ഈ കിച്ചണിൽ നിന്ന് ഭക്ഷണം പാകം ചെയ്ത് എത്തിച്ചു തുടങ്ങി. ഈ സമയത്തും രാജേന്ദ്ര തന്റെ ഐടി ജോലി തുടർന്നിരുന്നു . ബിസിനസിൽ വന്ന നഷ്ടം ജോലിയുള്ളതിനാൽ തങ്ങളെ കാര്യമായി ബാധിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാൽ കോവിഡ് ലോക്ക്ഡൗണിന് ശേഷം വീണ്ടും ബിസിനസ് പുനരാരംഭിക്കാൻ തീരുമാനിച്ചു. ഭാര്യയായിരുന്നു ബിസിനസ് നോക്കിയിരുന്നത്. എന്നാൽ കുടുംബവും ബിസിനസും ഒരുപോലെ നോക്കാൻ അവർ നന്നായി തന്നെ ബുദ്ധിമുട്ടി. നല്ലൊരു തീരുമാനമെടുക്കേണ്ട സമയമായിരുന്നു അത്. കുറേ ആലോചിച്ച ശേഷം തന്റെ ആഗ്രഹത്തിനൊപ്പം സഞ്ചരിക്കാൻ തീരുമാനിച്ചു. അങ്ങിനെ ഐടി കരിയറിന് വിരാമമിട്ട് മുഴുവൻ സമയം ബിസിനസുകാരനായി മാറുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

 അരിമുറുക്കും മറ്റ് സ്‌നാക്‌സുകളും

ആന്ധ്രാ, തെലങ്കാന ലഘുഭക്ഷണങ്ങൾ ഉണ്ടാക്കുന്നതിനു പുറമേ ഈ ലഘുഭക്ഷണങ്ങൾക്ക് ആരോഗ്യകരമായ ട്വിസ്റ്റുമായി കുറച്ച് പുതിയ പാചകക്കുറിപ്പുകളും രാജേന്ദ്ര കൊണ്ടുവന്നിട്ടുണ്ട്. ''ഈ ലഘുഭക്ഷണങ്ങൾ ഉണ്ടാക്കുന്നതിന്റെ ഫോർമാറ്റ് ഒന്നുതന്നെയാണ്, എന്നാൽ അതിൽ ആരോഗ്യകരമായ ചേരുവകൾ ചേർത്ത് ഞാൻ കുറച്ച് മെച്ചപ്പെടുത്തി. ഉദാഹരണത്തിന്, അരി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വിഭവമാണ് ചേക്കാലു. ബീറ്റ്റൂട്ട്, കാരറ്റ് തുടങ്ങിയ പച്ചക്കറികൾ ചേർത്ത് ഞാൻ അതിന്റെ പാചകക്കുറിപ്പ് മെച്ചപ്പെടുത്തി, അതുവഴി ഇത് കൂടുതൽ ആരോഗ്യകരവും രുചികരവുമാക്കി. 'മിക്സ് വെജ് ചെക്കലു' എന്നാണ് നമ്മൾ ഇതിനെ വിളിക്കുന്നത്. സാധാരണയായി ഈ പച്ചക്കറികൾ കഴിക്കാത്ത കുട്ടികൾ പോലും വെജ് ചെക്കലു ഇഷ്ടപ്പെടുന്നു,

''ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ലഘുഭക്ഷണങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു. മുരുകുളു, ജന്തിക്കുളു, സക്കിനാലു, കാരപ്പൂസ, സർവ പിണ്ടി,തുടങ്ങി 25 ഓളം പരമ്പരാഗത സ്‌നാക്‌സുകൾ ടി സ്‌നാക്‌സിൽ ലഭ്യമാണ്‌ലഘുഭക്ഷണങ്ങൾ കൂടാതെ അരിസെലു, ഗവ്വാലു, ചലിവിടി, വിവിധതരം ലഡ്ഡൂകൾ തുടങ്ങിയ പലഹാരങ്ങളും അവർ ഉണ്ടാക്കുന്നു. അച്ചാറുകളും ടി സ്‌നാക്‌സിന്റെ റെസീപ്പിയിലുണ്ട്. ഫേസ്ബുക്ക് വഴിയും ഓർഡറുകൾ ലഭിക്കുന്നുണ്ട്. ഹൈദരാബാദിന് പുറമേ യുഎസ്,യുകെ ,ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലുള്ളവരും ടി സ്‌നാകിന്റെ ഉപഭോക്താക്കളാണ്. പ്രതിമാസം ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം രൂപയാണ് വരുമാനമായി ലഭിക്കുന്നത്.തന്റെ ഐടി ജോലി തന്നിരുന്ന ശമ്പളത്തേക്കാൾ വലിയ വരുമാനമാണ് ടി സ്‌നാക്‌സ് നൽകുന്നതെന്ന് ഈ സംരംഭകൻ പറയുന്നു.. വെറും മൂന്ന് പേരുമായി തുടങ്ങിയ സംരംഭം ഇന്ന് 11 പേർക്ക് ജോലി നൽകുന്നു.

Tags:    

Writer - സബീന

Contributor

Editor - സബീന

Contributor

By - Web Desk

contributor

Similar News