'ഉണ്ടോ സഖീ ഒരു കുല മുന്തിരി'; ഇനിയില്ല, തലമുറകളേറ്റു പാടിയ പാട്ടെഴുത്തുകാരൻ

മാപ്പിളപ്പാട്ടുകളുടെ പൂക്കാലമായിരുന്നു റഹീം മൗലവിയുടെ രചനകൾ പിറവികൊണ്ട നാളുകൾ

Update: 2021-09-10 13:10 GMT
Advertising

ലോകത്തെങ്ങുമുള്ള മലയാളി മനസ്സുകൾ തലമുറകളായി ഏറ്റുപാടുന്ന 'ഉണ്ടോ സഖീ ഒരു കുല മുന്തിരി' എന്ന ഗാനമടക്കം നിരവധി പാട്ടുകളുടെ രചയിതാവായ എം.എ.റഹീം മൗലവി കുറ്റ്യാടി ഇനിയില്ല. പണ്ഡിതൻ, പ്രഭാഷകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു മൗലവി.

ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ കുടുംബ പരമ്പരയിൽപ്പെട്ട, കുറ്റ്യാടിയിലെ സാമൂഹിക പരിഷ്‌കർത്താവും അധ്യാപകനുമായിരുന്ന അബ്ദുല്ലക്കുട്ടി മൗലവിയുടെ പുത്രനാണ് റഹീം മൗലവി. നല്ല പാണ്ഡിത്യവും സാഹിത്യബോധവുമുള്ള ഇദ്ദേഹം പ്രഭാഷകൻ കൂടിയായിരുന്നു. ഏറെ കാലം, കോഴിക്കോട് കാദിരിക്കോയ പള്ളിയിലും കുറ്റ്യാടി ജുമാ മസ്ജിദിലും ഖത്തീബായും നാദാപുരം ഗവ. യു.പി. സ്‌കൂളിൽ അറബി അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു.

മാപ്പിളപ്പാട്ടുകളുടെ പൂക്കാലമായിരുന്നു റഹീം മൗലവിയുടെ രചനകൾ പിറവികൊണ്ട നാളുകൾ. മനോഹരമായ ശീലുകളിൽ അദ്ദേഹം രചിച്ച പാട്ടുകൾ അനുജൻ ഹമീദ് ശർവാനിയുടെ ആലാപന ചാരുതയിൽ മലയാളികൾ നെഞ്ചേറ്റി. ഉണ്ടോ സഖീ ഒരു കുല മുന്തിരി, സൗറെന്ന ഗുഹയിൽ പണ്ട്, പള്ളിപ്പറമ്പിലെ കാട്ടിനുള്ളിൽ എത്ര പേരുണ്ടാ കൂരിരുട്ടിൽ, അല്ലാഹു ലാ ഇലാഹ.., ഭാരതമെന്നാൽ കണ്ണും കരുളും, സൂറെന്ന കാഹളമൂതി, സ്വർഗത്തിലുണ്ട് രണ്ടു പുണ്യനദികൾ, പള്ളിപ്പറമ്പിൽനിന്നാടിയുലയുന്ന വെള്ളിലക്കാടുകളെ തുടങ്ങിയ പാട്ടുകൾ ഏറെ പ്രശസ്തമാണ്.

'പന്തലിൽ പതിനായിരം പേർ' എന്ന പ്രസിദ്ധമായ ഒപ്പനപ്പാട്ട്, 'പഴിക്കാൻ തൊഴിക്കാൻ പൊട്ടിപ്പൊട്ടിക്കരയാൻ എന്ന സ്ത്രീശാക്തീകരണ ഗാനം, കുറ്റ്യാടിപ്പുഴയേലൊരു മീൻ കയറ്റം, കുടിയും കളിയും ഇന്നൊരു ഫാഷൻ എന്നീ ഹാസ്യ ഗാനങ്ങളും അദ്ദേഹത്തിന്റെ രചനാ പാടവം വിളിച്ചോതുന്നവയാണ്. മുക്തിമാർഗം എന്ന പുസ്തകവുമെഴുതിയിട്ടുണ്ട്.

Tags:    

Writer - abs

contributor

Editor - abs

contributor

By - ശരീഫ് നരിപ്പറ്റ

contributor

Similar News