സർക്കാർ സംവിധാനങ്ങൾക്ക് താക്കീതാകുന്ന കോടതി വിധികൾ

Update: 2022-09-21 15:16 GMT
Click the Play button to listen to article

നിരക്ഷരയായ ഒരു പാവപ്പെട്ട വീട്ടുജോലിക്കാരി അവര്‍ പല വീടുകളിലായി ജോലി ചെയ്തുണ്ടാക്കിയ ചെറിയൊരു തുക 2012 ല്‍ രണ്ടുവര്‍ഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീമില്‍ നിക്ഷേപിച്ചു. കാലാവധി പൂര്‍ത്തിയാകുമ്പോള്‍, ഡെപ്പോസിറ്റ് പുതുക്കണമെന്ന നിയമമൊന്നും അവര്‍ക്കറിയില്ലായിരുന്നു. സുരക്ഷിതമായി തന്റെ 20,000 രൂപ സമ്പാദ്യമായി ഇരിക്കട്ടേയെന്ന് മാത്രമാണ് അവര്‍ ആഗ്രഹിച്ചത്. കാലാവധി പൂര്‍ത്തിയായപ്പോള്‍ അവരത് പുതുക്കിയിരുന്നില്ല.

എല്ലാ വര്‍ഷവും പലിശ ലഭിക്കുമെന്നായിരുന്നു അവരുടെ ധാരണ. ഈ പലിശയിനത്തില്‍ കുറച്ച് പണം തനിക്ക് കിട്ടുമെന്ന് കരുതി അത് പിന്‍വലിക്കാതെ അവര്‍ കാത്തിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം അവര്‍ പോസ്റ്റോഫീസില്‍ എത്തിയപ്പോഴാണ് അറിയുന്നത് ഡെപ്പോസിറ്റ് പുതുക്കാത്തതിനാല്‍ ക്ലെയിം ചെയ്ത തുക വിതരണം ചെയ്യുന്നതുവരെ പലിശ തരാന്‍ കഴിയില്ലെന്ന നിയമത്തിന്റെ നൂലാമാല. പിന്നീടവര്‍ നിരവധി തവണ പോസ്റ്റ്മാസ്റ്ററെ കണ്ടു. ഫലമുണ്ടായില്ല. തുടര്‍ന്ന് ഒരു അഭിഭാഷകന്റെ സഹായത്തോടെ 2014 ലെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (ഭേദഗതി) ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും അതിലൂടെ തുക പിന്‍വലിക്കുന്നത് വരെ തനിക്ക് പൂര്‍ണ പലിശയ്ക്ക് അര്‍ഹതയുണ്ടെന്നും കാണിച്ച് വക്കീല്‍ നോട്ടസയച്ചു. അതും പോസ്റ്റോഫീസുകാര്‍ തള്ളി. അവസാന പ്രതീക്ഷയായിട്ടാണ് അവര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.

കോടതി ഈ ഹരജി പരിഗണിക്കുമ്പോള്‍ സൂചിപ്പിച്ച ചില വാചകങ്ങള്‍ വളരെ പ്രസക്തമാണ്. ഒരു പാവപ്പെട്ട പുരുഷനോ സ്ത്രീയോ പണം ഇത്തരത്തില്‍ നിക്ഷേപിക്കുന്നത് ബിഎംഡബ്ല്യു കാര്‍ വാങ്ങുന്നതിനോ കൊട്ടാരം വാങ്ങുന്നതിനോ ആഡംബര ജീവിതത്തിനോ വേണ്ടിയല്ല. (അത് ചെറിയ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനാണ്, പലപ്പോഴും സര്‍ക്കാര്‍ ഓഫിസുകളിലും വലിയ സ്ഥാപനങ്ങളിലുമിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പക്ഷേ, ഇത് മനസ്സിലാകണമെന്നില്ല. ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങള്‍ അടുത്തകാലത്തായി നമുക്ക് മുന്നില്‍ വന്നുപോയി. സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി ജീവിതം അവസാനിപ്പിച്ചവര്‍ വരെ നമുക്ക് മുന്നിലുണ്ട്. ഇവിടെ ജസ്റ്റിസ് പി.വി കുഞ്ഞിക്യഷ്ണന്റെ ഈ വിധി എടുത്ത് പറയേണ്ടതാണ്. ഈ വീട്ട് ജോലിക്കാരി ടൈം ഡെപ്പോസിറ്റ് സ്‌കീമിന് കീഴില്‍ നിക്ഷേപിച്ച തുക പിന്‍വലിക്കുന്ന തീയതി വരെ പൂര്‍ണ പലിശ സഹിതം വിതരണം ചെയ്യാന്‍ പോസ്റ്റ് ഓഫീസ് അധികാരികള്‍ക്ക് കോടതി നിര്‍ദേശം നല്‍കുകകായിരുന്നു.



ഇത് അനീതിയുടെ കേസാണെന്ന് കോടതി എടുത്ത് പറയുകയും ചെയ്തു. തുടര്‍ന്ന് ഇവരുടെ വ്യവഹാരച്ചെലവായി പോസ്റ്റ് ഓഫിസ് അധികാരികള്‍ക്ക് 5,000 രൂപ നല്‍കാനും കോടതി നിര്‍ദേശം നല്‍കി. ഇത്തരം സാഹചര്യങ്ങളില്‍ ഭരണഘടനാ അനുസൃതമായി പ്രവര്‍ത്തിക്കുന്ന കോടതികള്‍ക്ക് നിശബ്ദ കാഴ്ചക്കാരനാകാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. 'ഇത്തരമൊരു സാഹചര്യത്തില്‍, ഹര്‍ജിക്കാരിക്ക് പലിശ നിഷേധിക്കുന്നത്, മനസ്സാക്ഷിക്ക് നിരക്കാത്തത് മാത്രമല്ല, അത് അനീതിയുടെ വ്യക്തമായ കേസാണന്നായിരുന്നു കോടതിയുടെ നിലപാട്. ഇത്തരം കോടതി വിധികള്‍ പ്രതീക്ഷ നല്‍കുന്നതാണ്.

ഹരജിക്കാരന്റെ നിക്ഷേപത്തിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് തൊട്ടുമുമ്പ് 2014 ലാണ് ഭേദഗതി വരുത്തിയ ചട്ടങ്ങള്‍ നിലവില്‍ വന്നതെന്ന് അഭിഭാഷകന്‍ വാദിച്ചു. ഈ അടിസ്ഥാനത്തില്‍, നിക്ഷേപം കാലാനുസൃതമായി പുതുക്കിയില്ലെങ്കില്‍ പോലും പലിശയ്ക്ക് അര്‍ഹതയുണ്ടെന്ന് വാദിച്ചു.

എന്നാല്‍, കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍ (സിബിഎസ്) പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന തപാല്‍ ഓഫീസുകള്‍ക്ക് ഭേദഗതി വരുത്തിയ ചട്ടം ബാധകമാണെന്നും അവര്‍ തുക നിക്ഷേപിച്ച സ്ഥലം മാറിയിട്ടില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. 2015 ല്‍ മാത്രമാണ് ബന്ധപ്പെട്ട തപാല്‍ ഓഫീസ് സിബിഎസ് പ്ലാറ്റ്ഫോമിലേക്ക് മാറിയതെന്നും അതിനാല്‍ ഹര്‍ജിക്കാരന്റെ കേസില്‍ ജഛടആ മാനുവല്‍ വോളിയം-1 നിയമങ്ങള്‍ ബാധകമാണെന്നുമുളള സര്‍ക്കാര്‍ വാദം കോടതി തള്ളി.

'ഇവര്‍ പണം നിക്ഷേപിച്ച മുട്ടട പോസ്റ്റ് ഓഫീസ് കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍ പ്ലാറ്റ്ഫോമിലേക്ക് മാറാത്തതിനാല്‍, ഭേദഗതി ചെയ്ത നിയമങ്ങളുടെ പ്രയോജനം ഹര്‍ജിക്കാരന് നിഷേധിക്കാനാവില്ല.'

ഒരു പാവപ്പെട്ട നിക്ഷേപകന്‍ ഇതുമൂലം കഷ്ടപ്പെടേണ്ടതില്ലെന്നും കോടതി പറഞ്ഞു.

അതുപോലെ, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം ഹരജിക്കാരന്റെ മൗലികാവകാശത്തിന്റെ വിവേചനത്തിന്റെയും ലംഘനത്തിന്റെയും വ്യക്തമായ കേസാണിതെന്ന് കോടതി കണ്ടെത്തി.

'അതിനാല്‍ നിക്ഷേപിച്ച തുകയും കൂടാതെ കോടതി ചിലവും നല്‍കാനായിരുന്നു കോടതിയുടെ നിര്‍ദേശം. നിയമത്തിന്റെ എല്ലാ പഴുതുകളും തിരഞ്ഞ് കണ്ടെത്തി ഇത്തരത്തില്‍ പാവപ്പെട്ട ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് താക്കീതുകൂടിയാണ് ഈ ഹൈക്കോടതി വിധി.


Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - ഷബ്ന സിയാദ്

സ്പെഷ്യൽ കറസ്പോണ്ടൻറ്, മീഡിയവണ്‍

Similar News