പഴയ 'ചെണ്ട'കളല്ല ഇവർ; പുതിയ പേസ് പുലികൾ

മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, പ്രസിദ്ധ് കൃഷ്ണ, ഉനദ്കട്ട് എന്നിങ്ങനെ ബാറ്റ്‌സ്മാന്മാരുടെ വേട്ടമൃഗങ്ങളായിരുന്നവർ ടീമുകളുടെ ബൗളിങ് കുന്തമുനകളായി മാറിയതെങ്ങനെ? 2021 ഐപിഎല്ലിന്റെ വേറിട്ട കാഴ്ചകൾ

Update: 2021-04-29 13:10 GMT
Advertising

ബാറ്റ്‌സ്മാന്മാരിൽനിന്ന് അടി ഇരന്നുവാങ്ങുന്ന ബൗളർമാർ എന്നും ക്രിക്കറ്റ് ആരാധകരുടെ ശത്രുക്കളാണ്. ദിണ്ട അക്കാദമിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അവർക്കായി ഒരു അക്കാദമി തന്നെയുണ്ട്! അടുത്തിടെ വിരമിച്ച മുൻ ഇന്ത്യൻ താരം അശോക് ദിണ്ടയുടെ പേരിൽനിന്നാണ് ഇങ്ങനെയൊരു പ്രയോഗം വരുന്നത്. ആര് എപ്പോൾ എവിടെവച്ച് ബാറ്റ്‌സ്മാൻമാരിൽനിന്ന് അടി വാങ്ങിച്ചുകൂട്ടിയാലും അവരെ ഉടൻ ദിണ്ട അക്കാദമിയിലേക്ക് പറഞ്ഞയക്കും സോഷ്യൽ മീഡിയ; അതിൽ മോശം ബൗളർ, ലോകോത്തര ബൗളർ എന്നൊന്നുമുള്ള വിവേചനമൊന്നുമുണ്ടാകില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള തന്നെ ഇങ്ങനെ അപമാനിക്കുന്നതിൽ വേദനയുണ്ടെന്നു പറഞ്ഞ് ദിണ്ട തന്നെ പിന്നീട് രംഗത്തെത്തിയിരുന്നു; ഈ നിലയിലെത്താൻപെട്ട കഷ്ടപ്പാടുകൾ എണ്ണിയെണ്ണിപ്പറഞ്ഞ്.

ദിണ്ട അക്കാദമിയുടെ മലയാളം വേർഷനാണ് ചെണ്ട. ബാറ്റ്‌സ്മാന്മാരുടെ സ്ഥിരം വേട്ടമൃഗങ്ങളാകുന്ന ബൗളർമാരെ മലയാളി ക്രിക്കറ്റ് ആരാധകർ ചെണ്ട എന്നാണ് വിളിക്കാറ്. നിരന്തരം ബാറ്റ്‌സ്മാന്മാരുടെ കാളിയ മർദനത്തിനിരയാകുന്ന ഇത്തരം 'ചെണ്ട'കൾ പിന്നീട് മാരാരുടെ കോലായി, ബാറ്റ്‌സ്മാന്മാരെ വിറപ്പിക്കുന്ന ബൗളർമാരായി തിരിച്ചുവരുന്നത് അധികം കാണാറില്ല. എന്നാൽ, ഐപിഎല്ലിന്റെ പതിനാലാം പതിപ്പ് അത്തരമൊരു കൗതുകക്കാഴ്ചയ്ക്കാണ് ഇപ്പോൾ വേദിയാകുന്നത്. മറ്റൊന്നുമല്ല, മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ, ഉനദ്കട്ട് എന്നിങ്ങനെ ബാറ്റ്‌സ്മാന്മാരുടെ സ്ഥിരം ഇരകളായിരുന്ന ഒരുകൂട്ടം ഇന്ത്യൻ പേസർമാരുടെ വിസ്മയകരമായ തിരിച്ചുവരവിനെക്കുറിച്ചാണ് പറയാനുള്ളത്. അന്തിമ ഇലവനിലെടുക്കാൻ പലപ്പോഴും ക്യാപ്റ്റനും കോച്ചും മടിച്ചിരുന്നിടത്തുനിന്ന് തങ്ങളുടെ ടീമിന്റെ പേസ് കുന്തമുനകളായി ഇവരെല്ലാം രൂപാന്തരം പ്രാപിച്ചതാണ് 2021 ഐപിഎല്ലിന്റെ ഏറ്റവും സുന്ദരമായ കാഴ്ച.

മുഹമ്മദ് സിറാജ്

മുഹമ്മദ് സിറാജിന് കഴിഞ്ഞ ഏതാനും മാസങ്ങളായി തൊട്ടതെല്ലാം പൊന്നാണ്. അത് ഭാഗ്യത്തിന് കൈയിൽ വീണുകിട്ടിയ പൊന്നായിരുന്നില്ലെന്നാണ് താരം ഇപ്പോൾ തെളിയിച്ചുകൊണ്ടിരിക്കുന്നത്. കഠിനാധ്വാനവും നിരന്തര പരിശ്രമങ്ങളും പരിശീലനവും മനക്കരുത്തും കൊണ്ട്, ബാറ്റ്‌സ്മാന്മാരുടെ സ്ഥിരം വേട്ടമൃഗമെന്ന പരിഹാസങ്ങളിൽനിന്ന് ഇന്ത്യൻ നായകൻ വിരാട് കോലിയുടെ വിശ്വസ്ത ബൗളറായുള്ള സിറാജിന്റെ പരിണാമം പ്രചോദനാത്മകമാണ്. കൃത്യമായ പേസും ലൈനും ലെങ്ത്തും വേരിയേഷനുകളുമായാണ് താരം അടിമുടി പുതിയ ലുക്കിൽ ഇപ്പോൾ നിറഞ്ഞാടുന്നത്.

യുഎഇയിൽ നടന്ന കഴിഞ്ഞ ഐപിഎൽ സീസണിന്റെ അവസാന മത്സരങ്ങളിലാണ് വിരാട് കോലി സിറാജിനെ പവർപ്ലേയിൽ പരീക്ഷിച്ചുതുടങ്ങിയത്. ആദ്യ പരീക്ഷണത്തിൽ തന്നെ താരത്തിന്റെ പ്രകടനം എല്ലാവരെയും ഞെട്ടിച്ചു. കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിൽ നാല് ഓവറിൽ എട്ടു റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് മുൻനിര വിക്കറ്റുകളാണ് സിറാജ് അന്ന് അരിഞ്ഞെടുത്തത്. കഴിഞ്ഞ ഡിസംബർ, ജനുവരി മാസങ്ങളിലായി ആസ്‌ത്രേലിയയിൽ നടന്ന ചരിത്രം കുറിച്ച ഇന്ത്യാ-ആസ്‌ത്രേലിയ ബോർഡർ-ഗവാസ്‌ക്കർ ട്രോഫി ടെസ്റ്റ് പരമ്പര സിറാജിന്റെ കരിയറിലെ വഴിത്തിരിവായിയെന്നു തന്നെ പറയാം. പിതാവ് മരിച്ചിട്ടും കോലിയുടെയും കോച്ച് രവി ശാസ്ത്രിയുടെയുമെല്ലാം നിർദേശപ്രകാരം ആസ്‌ത്രേലിയയിൽ തന്നെ തുടരുകയായിരുന്നു സിറാജ്. പരമ്പരയിൽ അരങ്ങേറ്റം കുറിച്ച താരം പരിക്കുകൾ കൊണ്ട് മുൻനിര താരങ്ങളെല്ലാം കൊഴിഞ്ഞുപോയ ഇന്ത്യൻ ബൗളിങ് നിരയെ മുന്നിൽനിന്നു നയിക്കുന്നതും കണ്ടു.

ഇത്തവണ ഐപിഎല്ലിന്റെ ആദ്യ മത്സരം തൊട്ടേ കോലി സിറാജിനെ ഉപയോഗിച്ചു. ഫസ്റ്റ് ക്ലാസിലടക്കം റെഡ്ബൗൾ ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള സിറാജ് ഏകദിന, ടി20 ഫോർമാറ്റുകൾക്കും ഇണങ്ങിയ ബൗളറാണ് താനെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞു. കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിൽ ഉഗ്രരൂപത്തിൽ നിറഞ്ഞാടിക്കൊണ്ടിരുന്ന ആന്ദ്രെ റസൽ സ്‌ട്രൈക്കിൽ നിൽക്കുമ്പോൾ എറിഞ്ഞ ആ ഒരൊറ്റ ഓവർ മതി സിറാജിന്റെ കരിയർ ഇംപ്രൂവ്‌മെന്റിന്റെ ലെവൽ മസിലാക്കാൻ. 0, 0, 0, 0, 0, 1 എന്നിങ്ങനെയായിരുന്നു ആ മാസ്മരിക ഓവർ!

പവർപ്ലേയിലും ഡെത്ത് ഓവറുകളിലും മധ്യനിര ഓവറുകളിലും ഒരുപോലെ ആശ്രയിക്കാവുന്ന വിശ്വസ്ത ബൗളറായി മാറി സിറാജ്. പ്രത്യേകിച്ചും ഡെത്ത് ഓവറുകളിൽ സ്ഥിരതയോടെ മികച്ച യോർക്കറുകളെറിഞ്ഞും ലോകോത്തര ബാറ്റ്‌സ്മാന്മാരെ സിറാജ് കുഴക്കുന്നത് പതിവുകാഴ്ചയായിട്ടുണ്ട്. 2020 ഐപിഎല്ലിൽ ആകെ ഒൻപതു കളികളിലായി ആറ് യോർക്കറുകളാണ് സിറാജ് എറിഞ്ഞിരുന്നത്. എന്നാൽ, ഇത്തവണ കഴിഞ്ഞ ആറുകളികളിൽ മാത്രം 12നു മുകളിൽ യോർക്കറുകൾ എറിഞ്ഞുകഴിഞ്ഞു. സിറാജ് യോർക്കറുകളെറിയുമ്പോൾ ബാറ്റ്‌സ്മാന്മാർ കുഴങ്ങുന്നതാണ് കാണുന്നതെന്ന് ആസ്‌ത്രേലിയൻ പേസ് ഇതിഹാസം ബ്രെട്ട് ലീ പറയുന്നതും മറ്റൊന്നും കൊണ്ടല്ല. മണിക്കൂറിൽ 140 കി.മീറ്റർ വേഗതയിൽ 34ലേറെ പന്തുകളാണ് സിറാജ് ഈ സീസണിൽ എറിഞ്ഞുകഴിഞ്ഞിട്ടുള്ളത്.

2021 ഐപിഎല്ലിന്റെ ഇതുവരെയുള്ള കണക്കുപ്രകാരം ഏറ്റവും വേഗമേറിയ പത്തു പന്തുകളിൽ എട്ടും മുഹമ്മദ് സിറാജും കൊൽക്കത്തയുടെ പ്രസിദ്ധ് കൃഷ്ണയും എറിഞ്ഞതാണ്. സ്ഥിരമായി 145 കി.മീറ്റർ വേഗതയിലാണ് സിറാജും പ്രസിദും ബൗൾ ചെയ്യുന്നത്. നാലു വീതം തവണയാണ് സിറാജും പ്രസിദും 145 കി.മീറ്റർ വേഗതയിൽ പന്തെറിഞ്ഞ് ഞെട്ടിച്ചത്. 147.47, 145.97, 145.96, 145.84 എന്നിങ്ങനെയാണ് സിറാജിന്റെ വേഗമേറിയ പന്തുകൾ. ഇന്ത്യയുടെ പേസ് എക്‌സ്പ്രസ് ആകാനും താൻ ഒരുക്കമാണെന്നു കൂടിയാണ് സിറാജ് വിളിച്ചുപറയുന്നത്.

ഹർഷൽ പട്ടേൽ

2012ൽ ആർസിബി ജഴ്‌സിയിൽ അരങ്ങേറ്റം കുറിച്ച ഹർഷൽ പട്ടേലാണ് ഇത്തവണ കളിവിദഗ്ധരുടെയും ആരാധകരുടെയുമെല്ലാം പ്രശംസയും ആദരവും പിടിച്ചുപറ്റിയ പ്രധാന താരം. 2018ലെ ഐപിഎൽ ലേലത്തിൽ ഡൽഹി താരത്തെ വാങ്ങിയെങ്കിലും വേണ്ട പോലെ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ സീസൺ തുടങ്ങുന്നതിനു തൊട്ടുമുൻപ് തന്നെ ബാംഗ്ലൂർ പട്ടേലിനെ ഡൽഹിയിൽനിന്നു സ്വന്തമാക്കി. ഒരു മികച്ച ഇന്ത്യൻ ബൗളറുടെ അഭാവം ആർസിബിയെ എന്നും അലട്ടിയിരുന്നു. ആ വിടവ് നികത്തുകയാണ് ടീം ഈ ഇടപാടിലൂടെ ലക്ഷ്യമിട്ടത്.

മുംബൈയുമായ നടന്ന സീസണിലെ ഉദ്ഘാടന മത്സരത്തിൽ തന്നെ ടീം മനസിൽ കണ്ടത് ഹർഷൽ ഗ്രൗണ്ടിൽ അപ്പടി എറിഞ്ഞുകാണിച്ചു. നാല് ഓവറിൽ 27 റൺസ് മാത്രം വിട്ടുകൊടുത്ത് മുംബൈയുടെ സുപ്രധാനമായ അഞ്ചുവിക്കറ്റുകളാണ് താരം കൊയ്‌തെടുത്തത്. ഐപിഎല്ലിൽ മുംബൈയ്‌ക്കെതിരെ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ താരവുമായി. പിന്നീട് ഓരോ കളികളിലും കോലിയുടെ വിശ്വസ്ത ബൗളറായി. കളി കൈവിടുമ്പോഴെല്ലാം നായകൻ തിരിച്ചിറക്കുന്ന തുറുപ്പുചീട്ടായി മാറി.

2012 മുതൽ ഐപിഎൽ കളിക്കുന്ന പട്ടേൽ കഴിഞ്ഞ സീസൺ വരെ 48 മത്സരങ്ങളിലാണ് പന്തെറിഞ്ഞത്. ഇതിൽ 2012ലും 2015ലും മാത്രമാണ് പത്തിലേറെ മത്സരങ്ങളിൽ കളിച്ചത്. 2015ൽ 15 കളികളിൽനിന്നായി നേടിയ 17 വിക്കറ്റ് ആയിരുന്നു താരത്തിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം. എന്നാൽ, ഇത്തവണ കളി പാതിവഴി പിന്നിടുമ്പോഴേക്കും 17 വിക്കറ്റുകൾ സ്വന്തം പോക്കറ്റിലാക്കി വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണ്. കളിച്ച ആറു കളികളിലും ബാംഗ്ലൂരിന്റെ പേസ് ആക്രമണത്തിന് നേതൃത്വം നൽകിയത് ഹർഷൽ പട്ടേലായിരുന്നു. ആവറേജിലും ഇക്കോണമിയിലും താരത്തിന്റെ ഏറ്റവും മികച്ച ആവറേജ് കൂടിയാണ് ഇത്തവണത്തേത്.

ആവേശ് ഖാൻ

2016ലെ അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ സ്‌ക്വാഡിലുണ്ടായിരുന്ന താരമാണ് ആവേശ് ഖാൻ. 2017ലാണ് ആർസിബിയിലൂടെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്നത്. 2017 മുതൽ കഴിഞ്ഞ സീസൺ വരെ ആകെ എട്ടു മത്സരങ്ങളിലാണ് താരത്തിന് അവസരം ലഭിച്ചത്. ഇതിൽ തന്നെ മിക്ക മത്സരങ്ങളിലും തല്ല് വാങ്ങുകയും ചെയ്തിരുന്നു.

എന്നാൽ, ഇത്തവണ കളി മാറി. സീസണിൽ ആദ്യ കളി മുതൽ ഡൽഹി ക്യാപിറ്റൽസിന്റെ പ്രധാന ബൗളറായി ആവേശുണ്ട്. സിഎസ്‌കെയുമായുള്ള ആദ്യ മത്സരം മുതൽ കഴിഞ്ഞ ആറു കളികളിലും വലിയ ഇംപാക്ട് ഉണ്ടാക്കാനും താരത്തിനായി.

കഴിഞ്ഞ സീസണിൽ കഗിസോ റബാഡയ്‌ക്കൊപ്പം ഡൽഹി ആക്രമണത്തിന്റെ കുന്തമുനയായിരുന്ന ആന്റിച്ച് നോർക്കിയ, ഇന്ത്യയുടെ മുൻനിര പേസർ ഇശാന്ത് ശർമ, ഇംഗ്ലണ്ടിന്റെ മൂർച്ചയുള്ള പേസർ ക്രിസ് വോക്‌സ് തുടങ്ങിയവരെ പുറത്തുനിർത്തിയാണ് ആവേശ് ഖാൻ ഡൽഹി നിരയിലെ സ്ഥിരസാന്നിധ്യമായി മാറിയിരിക്കുന്നതെന്നതു തന്നെ പറയുന്നുണ്ട് താരത്തിന്റെ ഇംപ്രൂവ്‌മെന്റ് എത്രത്തോളമുണ്ടെന്ന്. ഇതിനകം ആറു മത്സരങ്ങളിൽനിന്നായി 12 വിക്കറ്റുകൾ വാരിക്കൂട്ടിയ ആവേശ് വിക്കറ്റ് പട്ടികയിൽ ഹർഷൽ പട്ടേലിനു പിറകെ രണ്ടാമനുമാണ്. 32ന് മൂന്ന് വിക്കറ്റാണ് ഇത്തവണത്തെ മികച്ച പ്രകടനം.

പ്രസിദ്ധ് കൃഷ്ണ

കഴിഞ്ഞ മാസമാണ് പ്രസിദ്ധ് കൃഷ്ണ രാജ്യത്തിനു വേണ്ടി അരങ്ങേറിയത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ നാല് വിക്കറ്റുകളും കൊയ്തു. അരങ്ങേറ്റ മത്സരത്തിൽ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരവുമായി.

2018ൽ കൊൽക്കത്തയുടെ ജഴ്‌സിയിലാണ് താരം ഐപിഎല്ലിൽ കന്നിയങ്കം കുറിച്ചത്. 2018 മുതൽ കഴിഞ്ഞ സീസൺ വരെ 24 കളികൾ താരം കളിച്ചു. ഇത്തവണ കൊൽക്കത്തയുടെ ആദ്യ ആറു കളിയിലും പാറ്റ് കമ്മിൻസിനൊപ്പം ടീമിന്റെ ബൗളിങ് ആക്രമണത്തിന് നേതൃത്വം നൽകിയത് പ്രസിദ്ധ് കൃഷ്ണയായിരുന്നു.

കഴിഞ്ഞ സീസണുകളിൽ വല്ലപ്പോഴും കിട്ടുന്ന അവസരങ്ങളിൽ പ്രസിദ്ധിന് കഴിവു തെളിയിക്കാനായിരുന്നില്ല. ബാറ്റ്‌സ്മാന്മാർ സ്ഥിരം ആക്രമിക്കാൻ തിരഞ്ഞെടുക്കുന്ന ബൗളർ കൂടിയായിരുന്നു. എന്നാൽ, ഇത്തവണ ടീമിന്റെ മുഖ്യഘടകമായെന്നു മാത്രമല്ല, വേഗമേറിയ പന്തുകളിലൂടെയും പേസ് വേരിയേഷനുകളിലൂടെയും ബാറ്റ്‌സ്മാന്മാരെ കുഴക്കിയ പ്രസിദ്ധ് ആവശ്യ ഘട്ടങ്ങളിലെല്ലാം നായകന് ബ്രേക്ത്രൂ നൽകാനും മുന്നിലുണ്ട്.

ആറു കളികളിൽനിന്നായി ഒൻപത് ഇക്കോണമിയിലും 25.87 ആവറേജിലും എട്ടു വിക്കറ്റുകൾ സ്വന്തമാക്കിക്കഴിഞ്ഞിട്ടുണ്ട് ഇതിനകം. പ്രസിദ്ധിന്റെ ഏറ്റവും മികച്ച ഐപിഎൽ ഇക്കോണമി, ആവറേജ് സീസൺ കൂടിയാണിത്.

ജയ്‌ദേവ് ഉനദ്കട്ട്

2010 മുതൽ ഐപിഎല്ലിലുണ്ട് ജയ്‌ദേവ് ഉനദ്കട്ട്. 2013ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരത്തെ വാങ്ങുമ്പോൾ ഏറ്റവും വിലപിടിപ്പുള്ള താരമായിരുന്നു. ആ സീസണിൽ 13 മത്സരങ്ങളിൽനിന്നായി 13 വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തു.

2017 ആണ് താരത്തിന്റെ ഏറ്റവും മികച്ച സീസൺ. 12 കളികളിൽനിന്നായി 24 വിക്കറ്റുകളുമായി സീസണിലെ മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായിരുന്നു ഉനദ്കട്ട്.

കൊൽക്കത്ത, ബാംഗ്ലൂർ, ഡൽഹി, പൂനെ ടീമുകളിലായി കറങ്ങിക്കൊണ്ടിരുന്ന താരത്തിന് പക്ഷെ മിക്ക സീസണുകളിലും കാര്യമായ അവസരങ്ങൾ ലഭിക്കുകയോ കിട്ടിയ അവസരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ കഴിയുകയോ ചെയ്തിരുന്നില്ല. ബാറ്റ്‌സ്മാന്മാരുടെ കടന്നാക്രമണത്തിൽ ഉനദ്കട്ട് കുഴങ്ങുന്നത് ഐപിഎല്ലിലെ സ്ഥിരം കാഴ്ചയുമായിരുന്നു.

2018 മുതൽ രാജസ്ഥാന്റെ ഭാഗമായ 29കാരന് ഇത്തവണയും രണ്ടു കളികളിൽ പുറത്തിരിക്കേണ്ടിവന്നു. എന്നാൽ ഡൽഹിക്കെതിരെ നടന്ന രണ്ടാം മത്സരത്തിൽ വിസ്മയകരമായ പ്രകടനമാണ് താരം കാഴ്ചവച്ചത്. പവർപ്ലേയിൽ മാസ്മരിക പ്രകടനം പുറത്തെടുത്ത ഉനദ്കട്ട് നാല് ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകൾ കൊയ്തു. മൂന്നു മത്സരങ്ങളിൽനിന്നായി 6.66 എക്കോണമിയിൽ അഞ്ചു വിക്കറ്റാണ് ഈ സീസണിലെ ഇതുവരെയുള്ള സമ്പാദ്യം.

Editor - Shaheer

contributor

By - മുഹമ്മദ് ശഹീര്‍

Web Journalist

Web Journalist at MediaOne

Similar News