ജയസാധ്യതാ സീറ്റുകളില്‍ പരീക്ഷണം വേണ്ടെന്ന് ജില്ലാ ഘടകങ്ങള്‍; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

നാളെ സംസ്ഥാന സമിതി യോഗം ചേർന്ന് സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും.

Update: 2021-03-08 01:07 GMT

സ്ഥാനാര്‍ഥി പട്ടികക്കെതിരെ അതൃപ്തി പുകയുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് വീണ്ടും ചേരും. ജില്ലാ ഘടകങ്ങളിൽ നിന്നുള്ള ശിപാർശയും അഭിപ്രായങ്ങളും ചർച്ച ചെയ്യും. പ്രധാന നേതാക്കളെ അടക്കം സ്ഥാനാർഥി പട്ടികയിൽ ഒഴിവാക്കിയതിനെതിരെ വലിയ പ്രതിഷേധമാണ് പല ജില്ലകളിലും ഉണ്ടായത്.

രണ്ട് ടേം എന്ന നിബന്ധന കര്‍ശനമായി പാലിച്ചായിരുന്നു പ്രാഥമിക സ്ഥാനാര്‍ഥി പട്ടിക. സ്ഥിരം മുഖങ്ങള്‍ക്ക് പകരം യുവത്വത്തിനും പ്രാധാന്യം നല്‍കി. എന്നാല്‍ അപ്രതീക്ഷിതമായി നേതൃത്വത്തിന്‍റെ കണക്ക് കൂട്ടലുകളെ മറികടന്ന് പ്രതിഷേധ ശബ്ദങ്ങള്‍ ഉയ‍ര്‍ന്നു. ജി സുധാകരന്‍, തോമസ് ഐസക് എന്നിവരെ മത്സരിക്കണമെന്ന് ആലപ്പുഴ ജില്ലാ കമ്മറ്റി ഏകകണ്ഠമായാണ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടത്. പി ജയരാജനെ ഒഴിവാക്കിയത് കണ്ണൂരില്‍ അണികള്‍ക്കിടയില്‍ വലിയ അമര്‍ഷം സൃഷ്ടിച്ചു. പൊന്നാനിയിൽ നന്ദകുമാറിന്റെ സ്ഥാനാർഥിത്വത്തിനെതിരെയും പ്രതിഷേധം ഉയർന്നു.

Advertising
Advertising

തരൂരിൽ എ കെ ബാലന്റെ ഭാര്യ പി കെ ജമീലയെ സ്ഥാനാർഥിയാക്കാനുള്ള നീക്കം ചോദ്യം ചെയ്യപ്പെട്ടു. തീരുമാനത്തിൽ നിന്ന് നേതൃത്വത്തിന് പിൻവലിയേണ്ടിയും വന്നു. കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കിയതില്‍ പരസ്യ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. അരുവിക്കരയില്‍ വി കെ മധുവിനെ തഴഞ്ഞതും ചോദ്യം ചെയ്യപ്പെട്ടു. ഇതോടെ മധുവിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ജില്ലാ കമ്മറ്റി വീണ്ടും ആവശ്യപ്പെട്ടു. ഇതെല്ലാം ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് പരിഗണിക്കും.

വിജയ സാധ്യതയുള്ള സീറ്റുകളില്‍ പരീക്ഷണം വേണ്ടെന്ന നിലപാടാണ് പല ജില്ലാ കമ്മറ്റികള്‍ക്കുമുള്ളത്. എന്നാല്‍ സ്ഥാനാര്‍ഥി മാനദണ്ഡങ്ങള്‍ മറികടക്കുന്നതിനോട് സംസ്ഥാന നേതൃത്വത്തിന് യോജിപ്പില്ല. നാളെ സംസ്ഥാന സമിതി യോഗം ചേർന്ന് സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും.

Tags:    

Similar News