തെരഞ്ഞെടുപ്പ് ക്രീസിൽ വിന്നിംഗ് ഷോട്ട് ആരടിക്കും?

ഇത്തവണ കന്നിയങ്കക്കാരായ വിവിധ പാർട്ടികളിലെ സ്ഥാനാര്‍ഥികള്‍ പൊതുവായി പയറ്റിയ തന്ത്രമാണ് ക്രിക്കറ്റ്

Update: 2021-03-19 12:27 GMT

തെരഞ്ഞെടുപ്പ് പ്രചരണം മുന്നേറുമ്പോൾ ഓരോ സ്ഥാനാർഥിയും ആളുകളെ കൈയിലെടുക്കാൻ നിരവധി കാര്യങ്ങൾ ചെയ്യാറുണ്ട്. കുട്ടിയെ കുളിപ്പിക്കൽ മുതൽ കിണറ്റിലിറങ്ങല്‍ വരെ പല കാലങ്ങളായി തെരഞ്ഞെടുപ്പ് ക്രീസില്‍ അരങ്ങേറിയിട്ടുണ്ട്.

ഇത്തവണ കന്നിയങ്കക്കാരായ വിവിധ പാർട്ടികളിലെ യുവ തുർക്കികൾ പൊതുവായി പയറ്റിയ തന്ത്രമാണ് ക്രിക്കറ്റ്. പ്രചാരണത്തിനിടയിൽ വഴിയിൽ കാണുന്ന പറമ്പിൽ ക്രിക്കറ്റ് കളിക്കുക. എന്നിട്ട് ഒരു ബോൾ നേരിട്ട് അവരോട് കുശലം പറഞ്ഞു പോവുക.

തങ്ങൾ ഇപ്പഴും ചെറുപ്പമാണെന്ന് തെളിയിക്കാനാണോ അതോ ക്രിക്കറ്റിനോടുള്ള അതിയായ അഭിവാഞ്ജ ആണോയെന്നും അറിയില്ല. സ്ഥലത്തെ പ്രധാന പയ്യൻമാരെല്ലാം ബാറ്റും തൂക്കി ഇറങ്ങിയിട്ടുണ്ട്.

Advertising
Advertising

ടീം കുറേകൂടി നേരത്ത സെറ്റായത് കൊണ്ടു തന്നെ തൃത്താലയിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി. രാജേഷാണ് ആദ്യം ബാറ്റുമെടുത്ത് ക്രീസിലിറങ്ങിയത്. മികച്ച ഒരു പുൾഷോട്ടിലൂടെയാണ് എം.ബി. രാജേഷെത്തിയത്.

പിന്നാലെ ക്രീസിലിറങ്ങിയത് മൂവാറ്റുപുഴയിലെ യു.ഡി.എഫ് സ്ഥാനാർഥി അരങ്ങേറ്റതാരം മാത്യു കുഴൽനാടനായിരുന്നു. മൂവാറ്റുപുഴയിൽ മികച്ചയൊരു സ്റ്റേഡിയം പണിയുമെന്ന വാഗ്ദാനവുമായാണ് കുഴൽനാടൻ തിരിച്ച് പവലിയനിലേക്ക് നടന്നത്.

പിന്നാലെ മുസ്ലിം ലീഗിന്‍റെ അരങ്ങേറ്റതാരമായ പി.കെ. ഫിറോസും ബാറ്റുമെടുത്ത് ഇറങ്ങി. ഫിറോസ് പക്ഷേ വലിയ ഷോട്ടുകൾക്ക് മുതിരാതെ ഡ്രൈവുകളാണ് ചെയ്തത്.

ഇവരൊക്ക ക്രിസീലിറങ്ങിയ സ്ഥിതിക്ക് ഒരു കൈ നോക്കികളയാം എന്നു പറഞ്ഞു പിന്നീട് ഗ്രൗണ്ടിലെത്തിയത് ഒറ്റപാലത്തു നിന്നുള്ള യു.ഡി.എഫ് സ്ഥാനാർഥി സരിനാണ്. ഐ.എ.എസ് അക്കാദമിയിൽ പഠിച്ച തന്ത്രങ്ങളുപയോഗിച്ചായിരുന്നു സരിന്‍റെ ബാറ്റിങ്.

അത്ഭുതമെന്തെന്നാൽ ആർക്കും ബോളറാവാൻ താത്പര്യമുണ്ടായിരുന്നില്ല. ഇനി ഇതിലാര് 'വിന്നിംഗ്‌ഷോട്ട്' അടിച്ചാലും ഒരു കാര്യം ഉറപ്പാണ് അടുത്ത കേരള നിയമസഭയിൽ ക്രിക്കറ്റ് ആരാധകർക്ക് പ്രതീക്ഷ വയ്ക്കാം. ആരാധകരെ നിങ്ങൾക്കായി ചില ഫ്രീ-ഹിറ്റുകൾ ഇനി പ്രതീക്ഷിക്കാം.

Tags:    

Similar News