രഞ്ജി ട്രോഫിയില്‍ കേരളത്തിന് ആദ്യ തോല്‍വി

മുന്‍നിര തകര്‍ന്നടിഞ്ഞ കേരളത്തിന് സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും വിഷ്ണുവിന്റെയും ഇന്നിങ്സാണ് തുണയായത്.

Update: 2018-12-01 12:34 GMT

തോല്‍വിയുടെ തുമ്പത്തു നിന്നും കരകയറാന്‍ നടത്തിയ കേരളത്തിന്റെ അവസാന പരിശ്രമവും പാഴായി. രഞ്ജി ട്രോഫിയില്‍ കേരളത്തെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച് മധ്യപ്രദേശ് ആറ് പോയിന്റുകള്‍ സ്വന്തമാക്കി.

സ്‌കോര്‍- കേരളം 63, 455 മധ്യപ്രദേശ് 328, 194/5

ആദ്യ ഇന്നിങ്സിലെ കൂട്ടത്തകര്‍ച്ചക്ക് ശേഷം രണ്ടാം ഇന്നിങ്സില്‍ കേരളം പൊരുതിയതോടെയാണ് തുമ്പയിലെ മത്സരം ആവേശത്തിലായത്. ആദ്യ ഇന്നിംങ്‌സില്‍ 265 റണ്‍സിന്റെ കൂറ്റന്‍ ലീഡ് വഴങ്ങിയതാണ് കേരളത്തിന് വിനയായത്. രണ്ടാം ഇന്നിംങ്‌സില്‍ സച്ചിന്‍ ബേബിയുടേയും(143), വിഷ്ണു വിനോദിന്റേയും(193*) സെഞ്ചുറികളാണ് കേരളത്തിന് പ്രതീക്ഷ നല്‍കിയത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 199 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഒമ്പതാം വിക്കറ്റില്‍ ബേസില്‍ തമ്പിക്കൊപ്പം(57) ചേര്‍ന്ന് 131 റണ്‍സിന്റെ കൂട്ടുകെട്ട് വിഷ്ണു പടുത്തുയര്‍ത്തിയതും നിര്‍ണ്ണായകമായി.

190 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ മധ്യപ്രദേശിന് രജത് പട്ടിദാറിന്റേയും(77) സുഭാം ശര്‍മ്മയുടേയും(48*) ബാറ്റിംങാണ് തുണയായത്. അക്ഷയ് ചന്ദ്രന്‍ രണ്ട് വിക്കറ്റുകളും ജലജ് സക്‌സേനയും അക്ഷയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇതോടെ നാല് മത്സരങ്ങളില്‍ നിന്നും 16 പോയിന്റോടെ ഗുജറാത്ത് എലീറ്റ് ഗ്രൂപ്പില്‍(A,B) ഒന്നാമതെത്തി. നാല് മത്സരങ്ങളില്‍ നിന്നും 12 പോയിന്റുള്ള കേരളം രണ്ടാമതാണ്.

Tags:    

Similar News